ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂര്‍ ആശ്രമത്തില്‍ മഹാശിവരാത്രി ചടങ്ങില്‍ പങ്കെടുക്കുന്ന ഡി.കെ. ശിവകുമാര്‍
ബെംഗളൂരു: സദ്ഗുരു ജഗ്ഗി വാസുദേവിനൊപ്പം മഹാശിവരാത്രി ആഘോഷത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ വിമര്‍ശിക്കുന്നതിനെ എതിര്‍ത്ത് ഇന്‍ഫോസിസ് സ്ഥാപകനും ടെക്കിയുമായ മോഹന്‍ദാസ് പൈ. അദ്ദേഹം ഡി.കെ. ശിവകുമാറിനെ അനുകൂലിച്ച് കൊണ്ട് സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവെയ്ക്കുകയും ചെയ്തു.
“ഡി.കെ. ശിവകുമാര്‍ ഞങ്ങള്‍ താങ്കളോടൊപ്പമുണ്ട്. നമ്മുടെ സ്വന്തം രാജ്യത്ത് ഹിന്ദുവായിരിക്കുന്നതിനെ നമ്മള്‍ ന്യായീകരിക്കേണ്ട ആവശ്യമില്ല. അത് സ്വാഭാവികമാണ്. ഹിന്ദുക്കളായിരിക്കുന്നതിനും ഹിന്ദു വിശ്വാസം പുലര്‍ത്തുന്നതിനും ഇവിടെ കോണ്‍ഗ്രസില്‍ ആളുകള്‍ക്ക് മാപ്പിരക്കേണ്ടിവരുന്നുണ്ട്. അതേ സമയം പാര്‍ട്ടി (കോണ്‍ഗ്രസ്) തുറന്ന രീതിയില്‍ മുസ്ലിം പ്രീണനം നടത്തുകയും ചെയ്യുന്നു. ഇത്തരം തീവ്രമായ മതപ്രീണനം നടത്തിയാല്‍ എങ്ങിനെയാണ് കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ തിരിച്ചുവരിക? ജയറാം രമേഷ് ഇത് വളരെ മോശം തന്ത്രമാണ്. വിഡ്ഡിത്തവുമാണ്”- ഇതാണ് മോഹന്‍ദാസ് പൈയുടെ സമൂഹമാധ്യമത്തിലെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂര്‍ ആശ്രമത്തില്‍ മഹാശിവരാത്രി ചടങ്ങില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസിനുള്ളില്‍ നിന്നും ശിവകുമാറിനെതിരെ ഇപ്പോഴും അതിശക്തമായ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലായിരുന്നു മോഹന്‍ദാസ് പൈയുടെ ഈ പോസ്റ്റ്. നേരത്തെ ഭാര്യയ്‌ക്കും മകള്‍ക്കുമൊപ്പം പ്രയാഗ് രാജില്‍ മഹാകുംഭമേളയില്‍ പങ്കെടുക്കുകയും ത്രിവേണിസംഗമത്തില്‍ മുങ്ങിക്കുളിക്കുകയും ചെയ്തതിന്റെ പേരിലും ഡി.കെ. ശിവകുമാറിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനം ചൊരിയുകയാണ്. കര്‍ണ്ണാടകത്തില്‍ മുസ്ലിം പ്രീണനം തുറന്ന രീതിയില്‍ നടത്തുന്ന നേതാവ് കൂടിയാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക