കൊച്ചി: ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, ബേക്കറികള്‍ എന്നിവിടങ്ങളിലെ പ്രവേശന കവാടങ്ങള്‍ക്ക് മുന്നിലുള്ള അടുക്കള മാറ്റി സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കി മരട് നഗരസഭ. ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് നിര്‍ദ്ദിഷ്ട അടുക്കളകളില്‍ അല്ലാതെ സ്ഥാപനത്തിന്റെ മുന്‍ഭാഗത്ത് കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക അടുക്കള മാറ്റി സ്ഥാപിക്കാനാണ് നിര്‍ദേശം നല്‍കിയത്. കഴിഞ്ഞദിവസം കണ്ണാടിക്കാട് ഹോട്ടലിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്നാണ് തീരുമാനം.
മതിയായ സൗകര്യങ്ങള്‍ ഇല്ലാതെയാണ് പ്രവേശന കവാടങ്ങള്‍ക്ക് മുന്നില്‍ അടുക്കള ഒരുക്കുന്നത്. വെന്റിലേഷന്‍ സൗകര്യങ്ങള്‍ ഇല്ലാത്തതുമൂലം ക്രമാതീതമായി ചൂട് വര്‍ധിക്കുകയും തീ പടര്‍ന്ന് ജീവനും സ്വത്തിനും നാശനഷ്ടങ്ങളും അപകടങ്ങളും സംഭവിക്കുന്നതിന് സാഹചര്യമുണ്ടാകുകയും ചെയ്യുന്നു. ഹോട്ടലുകളില്‍ അഗ്‌നി സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.
രാത്രി ഏറെ വൈകിയതിനാലും ഉപഭോക്താക്കള്‍ ഇല്ലാത്ത സമയത്ത് ഉണ്ടായ തീപിടിത്തം ആയതിനാലും ആളപായമുണ്ടായില്ല. എന്നിരുന്നാലും ആളുകള്‍ക്ക് പുറത്തേക്ക് ഇറങ്ങാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതും പ്രവേശന കവാടത്തിനു മുന്‍പില്‍ ഉണ്ടായ ഈ തീപിടിത്തം വളരെ ഗൗരവമായി കാണുമെന്നും നഗരസഭ ചെയര്‍മാന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: