രണ്ട് വര്‍ഷത്തെ പ്രണയം അവസാനിപ്പിച്ച് നടി തമന്നയും നടന്‍ വിജയ് വര്‍മ്മയും. നേരത്തെ തന്നെ ഇരുവരും വേര്‍പിരിഞ്ഞെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും ഒന്നിച്ചുള്ള ചിത്രങ്ങള്‍ കൂടി ഡിലീറ്റ് ചെയ്തതോടെ ഇരുവരും ശരിക്കും വേര്‍പിരിഞ്ഞു എന്ന വാര്‍ത്തകള്‍ ശക്തമായിരിക്കുകയാണ്. എന്നാല്‍ താരങ്ങള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.
തമന്നയും വിജയ് വര്‍മയും വേര്‍പിരിഞ്ഞിട്ട് ആഴ്ചകളായി എന്നാണ് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ടുപേരും ഒരുമിച്ചെടുത്ത തീരുമാനമാണ്. പ്രണയം അവസാനിപ്പിക്കുകയാണെങ്കിലും ഇരുവരും സൗഹൃദം തുടരും. താരങ്ങള്‍ അവരവരുടെ ചിത്രങ്ങളുടെ തിരക്കിലാണ് എന്നുമാണ് ഇരുവരുടെയും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇരുവരുടെയും വേര്‍പിരിയലിന് കാരണം വ്യക്തമല്ല. മാസങ്ങള്‍ക്ക് മുമ്പ് തന്നെ പൊതുവേദികളില്‍ ഒരുമിച്ച് എത്തുന്നത് താരങ്ങള്‍ അവസാനിപ്പിച്ചിരുന്നു. 2023 ല്‍ ലവ് ലസ്റ്റില്‍ ഒന്നിച്ച് അഭിനയിച്ചതോടെയാണ് തമന്നയും വിജയ് വര്‍മയും തമ്മിലുള്ള സൗഹൃദം ആരംഭിച്ചത്. പിന്നീട് ന്യൂയോര്‍ക്കിലും ഗോവയിലും എല്ലാം ഇരുവരും ഒന്നിച്ച് സമയം ചെലവഴിച്ച ഫോട്ടോകള്‍ പുറത്തു വന്നതോടെ ഡേറ്റിങ് ഗോസിപ്പുകളും സജീവമായി.
2023 ജൂണില്‍ തന്റെ ഹാപ്പി പ്ലേസ് ആണ് വിജയ് വര്‍മ എന്ന് പറഞ്ഞ് തമന്ന പ്രണയം സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് താനിപ്പോള്‍ ജീവിതത്തില്‍ വളരെ സന്തോഷവതിയാണ്, വിവാഹം എന്നത് സാധ്യത മാത്രമാണെന്ന് നടി പറഞ്ഞിരുന്നു. കരിയറിനും വിവാഹത്തിനും തമ്മില്‍ ബന്ധമില്ല. വിവാഹം കഴിഞ്ഞാല്‍പ്പോലും അഭിനയം തുടരും എന്നും തമന്ന പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: