തിരുവനന്തപുരം: മയക്കുമരുന്നുകളുടെയും സംഘട്ടനങ്ങളുടെയും കേന്ദ്രമായി മാറിയ മാനവീയം നൈറ്റ് ലൈഫ് വീഥിയില്‍ പോലീസ് കര്‍ശന നിലപാട് സ്വീകരിച്ചതോടെ സ്വഭാവത്തില്‍ മാറ്റം. 2023 ഒക്‌ടോബറിലാണ് മാനവീയം വീഥിയില്‍ നൈറ്റ് ലൈഫ് ആരംഭിച്ചത്. കേരളത്തിലെ ആദ്യത്തെ നൈറ്റ് ലൈഫ് വീഥിയും വളരെ നല്ല ഉദ്ദേശ്യത്തോട് കൂടി ആരംഭിച്ച നൈറ്റ് ലൈഫില്‍ ലഹരി സംഘങ്ങളും മദ്യപന്മാരും എത്തിയതോടെ സംഘര്‍ഷങ്ങളും ആരംഭിച്ചു.
സംഘര്‍ഷങ്ങളും അക്രമങ്ങളും തുടര്‍ച്ചയായതോടെ കുടുംബത്തോടെ നൈറ്റ് ലൈഫ് ആഘോഷിക്കാനെത്തുന്നവര്‍ പിന്‍വലിഞ്ഞു. തുടര്‍ച്ചയായി ഉണ്ടാകുന്ന അനിഷ്ട സംഭവങ്ങള്‍ മാനവീയം വീഥിയെക്കുറിച്ച് ബഹുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയും ഭീതിയും സൃഷ്ടിച്ചതിനെത്തുടര്‍ന്ന് മാനവീയം വീഥിയെ പൊതുജനം പൂര്‍ണ്ണമായും കയ്യൊഴിയുകയും സാമൂഹ്യ വിരുദ്ധര്‍ വീഥി കയ്യടക്കുകയും ചെയ്തു. മാനവീയം വീഥിയിലെ സംഘര്‍ഷങ്ങളും അക്രമങ്ങളും അവസാനിപ്പിക്കാന്‍ പോലീസ് പല നിയന്ത്രണങ്ങളും കൊണ്ടുവന്നെങ്കിലും ഒന്നും ഫലപ്രദമായില്ല. തുടര്‍ച്ചയായി ഇരുപത്തി നാല് മണിക്കൂറും പ്രവര്‍ത്തന സജ്ജമായ പോലീസ് എയ്ഡ്‌പോസ്റ്റ് മാനവീയത്തിലുണ്ടെങ്കിലും സംഘര്‍ഷങ്ങളെ നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാനാകുന്നില്ല. തുടര്‍ന്ന് പോലീസ് പെട്രോളിങ് ശക്തമാക്കിയതിനെ തുടര്‍ന്ന് കുറച്ച് കാലമായി സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നില്ല. മ്യൂസിയം സ്റ്റേഷന്റെ പരിധിയിലാണ് മാനവീയം വീഥി. മ്യൂസിയം സ്റ്റേഷനിലെ മുന്‍ സിഐ മഞ്ജുലാല്‍, ഇപ്പോഴത്തെ സിഐ എസ്.വിമല്‍, എസ്‌ഐ വിപിന്‍ ഗബ്രീയേല്‍ തുടങ്ങിയവരുടെ കര്‍ശനമായ നിലപാടുകളും മുഖം നോക്കാതെയുള്ള നടപടികളും മാനവീയം വീഥിയെ ശാന്തമാക്കാന്‍ ഒരുപരിധി വരെ സഹായിച്ചു.
മാനവീയം വീഥിയില്‍ സംഘര്‍ഷം നിയന്ത്രിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയ ഭരണ സംവിധാനം നഗരത്തിലെ മറ്റൊരു റോഡില്‍ കൂടി നൈറ്റ്‌ലൈഫ് പദ്ധതി ആരംഭിക്കാന്‍ തുടങ്ങുകയാണ്. മാനവീയം വീഥി മാതൃകയില്‍ അയ്യങ്കാളി ഹാള്‍ റോഡും വികസിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. നൈറ്റ് ലൈഫിന് ഉതകുന്ന രീതിയിലാകും വികസനം. റോഡിനെ നാലു വിഭാഗങ്ങളായി തിരിച്ചാകും നിര്‍മാണം. യൂണിവേഴ്‌സിറ്റി കോളേജ് ഭാഗം ഒന്നും രണ്ടും മേഖല തിരിച്ചും അയ്യങ്കാളി ഹാളിന്റെ ഭാഗം മൂന്നും നാലും മേഖല തിരിച്ചുമാകും നവീകരണം നടത്തുക. 210 മീറ്റര്‍ റോഡ് 2.6 കോടി രൂപ ചിലവഴിച്ചാണ് നവീകരണം നടപ്പാക്കുന്നത്. റോഡിന്റെ ഇരുവശങ്ങളും മോടിയാക്കാന്‍ പിന്നീട് അധിക തുക വകയിരുത്തും. സോണ്‍ ഒന്നില്‍ ഇ.വി.ചാര്‍ജിങ് സ്‌റ്റേഷന്‍, വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന സ്മാര്‍ട്ട് പാര്‍ക്കലറ്റ്, സ്മാര്‍ട്ട് വെന്‍ഡിങ് സ്‌റ്റേഷനുകള്‍ എന്നിവയുണ്ടാകും. സോണ്‍ രണ്ടില്‍ മരങ്ങള്‍ക്കു ചുറ്റും ഇരിക്കാനുള്ള സൗകര്യം, ഇരിപ്പിടങ്ങള്‍, വീല്‍ച്ചെയര്‍ സൗകര്യം, സ്മാര്‍ട്ട് ബസ് ഷെല്‍ട്ടര്‍, ബൈസൈക്കിള്‍ പോയിന്റ്, സ്മാര്‍ട്ട് ടോയ്‌ലറ്റുകള്‍ എന്നിവയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: