ന്യൂദൽഹി : അയോധ്യയിലെ രാമക്ഷേത്രം ലക്ഷ്യമിടാൻ പദ്ധതിയിട്ടിരുന്ന ഭീകരൻ അബ്ദുൾ റഹ്മാൻ അറസ്റ്റിലായതിനെത്തുടർന്ന് സുരക്ഷാ ഏജൻസികൾ നടപടി ശക്തമാക്കി. ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്ക്വാഡും (എടിഎസ്) ഹരിയാന സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സും (എസ്ടിഎഫ്) സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഫരീദാബാദിലെ ബാൻസ് റോഡ് പാലി പ്രദേശത്ത് നിന്നാണ് കഴിഞ്ഞ ഞായറാഴ്ച രാത്രി 19 കാരനായ അബ്ദുൾ റഹ്മാനെ അറസ്റ്റ് ചെയ്തത്.
ഇയാളിൽ നിന്ന് രണ്ട് ഹാൻഡ് ഗ്രനേഡുകൾ കണ്ടെടുത്തു. അവ ബോംബ് ഡിസ്പോസൽ സ്ക്വാഡ് നിർവീര്യമാക്കി. ഇതിനുശേഷം ഉത്തർപ്രദേശ് എടിഎസ് അസംഗഢ്, മൗ, ബല്ലിയ എന്നിവിടങ്ങളിൽ കൂട്ടുപ്രതികളെ തേടി വൻ റെയ്ഡുകൾ നടത്തുകയും ചെയ്തു. ആയുധ നിയമത്തിലെ സെക്ഷൻ 25(1)(എ) പ്രകാരമുള്ളതും 1908 ലെ സ്ഫോടകവസ്തു നിയമത്തിലെ സെക്ഷൻ 4(എ), 4(ബി), 5 എന്നിവ പ്രകാരമുള്ളതുമായ കുറ്റങ്ങൾ ചുമത്തി ഫരീദാബാദ് പോലീസ് അബ്ദുൾ റഹ്മാനെതിരെ ദബുവ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എസ്ടിഎഫ് ഇൻസ്പെക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് പോലീസ് വക്താവ് യശ്പാൽ സിംഗ് പറഞ്ഞു. അബ്ദുളിനെ അറസ്റ്റ് ചെയ്ത ശേഷം ഗുജറാത്ത് എടിഎസ് ഇയാളെ 10 ദിവസത്തെ റിമാൻഡിൽ ഗുജറാത്തിലേക്ക് കൊണ്ടുപോയി. എവിടെ നിന്നാണ്, ആരാണ് ഇയാൾക്ക് ഹാൻഡ് ഗ്രനേഡുകൾ നൽകിയതെന്ന് കണ്ടെത്താൻ പോലീസും സുരക്ഷാ ഏജൻസികളും ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
രഹസ്യാന്വേഷണ ബ്യൂറോയിൽ (ഐബി) നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗുജറാത്ത് എടിഎസ് അയാളുടെ സങ്കേതം കണ്ടെത്തുകയും തുടർന്ന് ഹരിയാന എസ്ടിഎഫുമായി സഹകരിച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. അബ്ദുൾ റഹ്മാന് പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയുമായി (ഐഎസ്‌ഐ) ബന്ധമുണ്ടായിരുന്നുവെന്ന് ആരോപിക്കപ്പെടുന്നുണ്ട്. ചോദ്യം ചെയ്യലിൽ രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും ഉത്തർപ്രദേശിൽ നിന്നുള്ള മറ്റ് ആളുകളുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഇയാൾ വെളിപ്പെടുത്തി.
ഇതിനുശേഷം യുപി എടിഎസ് സംസ്ഥാനത്തുടനീളം റെയ്ഡുകൾ ആരംഭിച്ചു. ഇന്നലെ രാത്രി അസംഗഢിൽ നടന്ന റെയ്ഡിന് ശേഷം സംഘം ബല്ലിയയിലെത്തി, അവിടെ മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുത്തതായി വൃത്തങ്ങൾ അറിയിച്ചു. ഇവരിൽ നിന്ന് പാകിസ്ഥാനുമായി ബന്ധമുള്ള ഒരു ഇമെയിൽ ഐഡി കണ്ടെടുത്തതായി വിവരം ലഭിച്ചു.
ചൊവ്വാഴ്ച രാവിലെ മുതൽ അസംഗഡ് പ്രദേശത്ത് എടിഎസ് സംഘങ്ങൾ സജീവമാണ്. ഐഎസ്‌ഐയുമായി ബന്ധമുള്ള എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുന്നത് വരെ ഓപ്പറേഷൻ തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അബ്ദുൾ റഹ്മാനിൽ നിന്ന് കണ്ടെടുത്ത ഹാൻഡ് ഗ്രനേഡും അയാൾക്ക് ഐഎസ്‌ഐയുമായുള്ള ബന്ധത്തെക്കുറിച്ചും സുരക്ഷാ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.
അയോധ്യയിലെ രാമക്ഷേത്രം തകർക്കാൻ അയാൾ പദ്ധതിയിട്ടിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. അബ്ദുൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളുടെ ശൃംഖലയും ഗ്രനേഡുകളുടെ ഉറവിടവും കണ്ടെത്തുന്നതിനായി അന്വേഷണം നടന്നുവരികയാണെന്ന് ഫരീദാബാദ് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം യുപി എടിഎസിന്റെ നടപടിയെ തുടർന്ന് തീവ്രവാദ ഗൂഢാലോചനയെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: