Article

ലക്ഷ്മണനും അശ്വത്ഥാമാവും: കേരളത്തിലെ ബാലസമൂഹത്തിന് ബാലഗോകുലത്തിന്റെ തുറന്ന കത്ത്

Published by

പ്രിയപ്പെട്ട കുഞ്ഞുങ്ങളേ,
പത്താം ക്ലാസിന്റെ വാര്‍ഷിക പൊതുപരീക്ഷ നടന്നുകൊണ്ടിരിക്കുന്നു. മലയാളം പരീക്ഷ കഴിഞ്ഞു. അതില്‍ ക്രോധം വരുത്തിവയ്‌ക്കുന്ന വിനകളെക്കുറിച്ചു വിവരിക്കാന്‍ ഒരു ചോദ്യമുണ്ടായിരുന്നു. ശ്രീരാമന്റെ പട്ടാഭിഷേകം മുടങ്ങിയതു കേട്ട ലക്ഷ്മണന്‍ കോപംകൊണ്ടു ജ്വലിച്ചു. അയോധ്യയെ ചാമ്പലാക്കാന്‍ പോരുന്ന ക്രോധാഗ്‌നി അയാളില്‍നിന്നു പ്രവഹിച്ചു. അപ്പോഴാണ് ശ്രീരാമന്‍ ലക്ഷ്മണനെ തഴുകിക്കൊണ്ട് ജീവിതമൂല്യങ്ങളെക്കുറിച്ച് സംസാരിച്ചത്. അഹംഭാവത്തില്‍ നിന്നുണ്ടാവുന്ന ക്രോധം അച്ഛനമ്മമാരെയും കൂട്ടുകാരെയും കൊല്ലാനും സ്വയം നശിക്കാനും മാത്രമേ പ്രയോജനപ്പെടൂ. അതിനാല്‍ കോപിക്കുന്നവനല്ല, കോപത്തെ ജയിക്കുന്നവനാണ് ബലവാന്‍. ശ്രീരാമന്റെ ഈ ഉപദേശങ്ങളാണ് ലക്ഷ്മണസാന്ത്വനം എന്ന പാഠത്തിലുള്ളത്.

കൂട്ടുകാരനെ കൂട്ടംകൂടി ആക്രമിച്ചു കൊന്ന കുട്ടികളും ഈ ചോദ്യത്തിന് ഉത്തരമെഴുതിയിട്ടുണ്ടാവാം. അവര്‍ക്കും മികച്ച മാര്‍ക്ക് ലഭിച്ചേക്കാം. വിദ്യാഭ്യാസം ബുദ്ധിപൂര്‍വം മാര്‍ക്കുനേടി മുന്‍പന്തിയിലെത്താനുള്ള അഭ്യാസം മാത്രമാണോ? പാഠങ്ങള്‍ നല്കുന്ന അറിവ് ശീലമായും സ്വഭാവമായും സംസ്‌കാരമായും മാറുമ്പോഴല്ലേ നമ്മള്‍ ശരിക്കും വിജയിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഷഹബാസിന്റെ ഘാതകരെ പോലെ പരീക്ഷയ്‌ക്കു മുമ്പേ തോറ്റുപോയ എത്രയോ കുട്ടികള്‍ നമുക്കു ചുറ്റുമുണ്ട് ! നിങ്ങളില്‍ ഏറെപ്പേരും സ്‌നേഹവും സഹാനുഭൂതിയും ഉള്ളവരാണ്. എന്നാല്‍ കൂട്ടം കൂടുന്ന സന്ദര്‍ഭങ്ങളില്‍ തെറ്റായ തീരുമാനങ്ങളോട് വളരെപ്പെട്ടെന്ന് പൊരുത്തപ്പെട്ടു പോകുന്നു. ഒരു ചെറിയ പ്രകോപനം പോലും പൊട്ടിത്തെറിയ്‌ക്കാന്‍ കാരണമാവുന്ന വിധം ഓരോ മനസ്സിലും ഹിംസ നിറഞ്ഞിരിക്കുന്നു. ഒരുപക്ഷേ, നിങ്ങളുടെ വീടും വിദ്യാലയവും പൊതു ഇടങ്ങളും എല്ലാം ഈ ഹിംസയുടെ ഒളിത്താവളങ്ങളാണ്. നിങ്ങള്‍ കേള്‍ക്കുന്ന പാട്ടിലും കാണുന്ന സിനിമകളിലും കഴിക്കുന്ന ഭക്ഷണത്തിലും ധരിക്കുന്ന വേഷത്തിലും ഹിംസയുണ്ട്. ചീത്ത വാക്കുകള്‍ സര്‍വസാധാരണമായി ഉപയോഗിക്കുന്നത് ഹിംസയുടെ ലക്ഷണമാണ്. മൊബൈല്‍ ഗെയിമുകള്‍ മാത്രമല്ല, നിങ്ങളുടെ ഇന്‍സ്റ്റാഗ്രാമിലും റീലുകളിലും എന്തിന്, നിങ്ങളുടെ പ്രണയത്തില്‍ പോലും ഹിംസയില്ലേ? ഒത്തുകിട്ടിയാല്‍ പിച്ചിച്ചീന്താന്‍ മടിയില്ലാത്ത മെരുങ്ങാത്ത ഒരു മൃഗം നിങ്ങളുടെ ഉള്ളിലും മുരളുന്നില്ലേ? ഷഹബാസിന്റെ കൊലയ്‌ക്ക് നമ്മളേവരും ഉത്തരവാദികളാകുന്നത് അതുകൊണ്ടാണ്.

ഈ അടുത്ത ദിവസങ്ങളില്‍ മസ്തകത്തില്‍ മുറിവുമായി വന്ന ഒരു കാട്ടാനയുടെ വാര്‍ത്തയും ചിത്രവും നിങ്ങള്‍ ശ്രദ്ധിച്ചുകാണും. അപകടം പറ്റിയ കൊമ്പനു തുണയായി മറ്റൊരു കാട്ടാന തുമ്പിക്കൈയില്‍ വെള്ളമെടുത്ത് മുറിവില്‍ ഇറ്റിച്ച് ശുശ്രൂഷിക്കുന്ന കാഴ്ച ഹൃദയം അലിയിക്കുന്നതായിരുന്നു. എന്നാല്‍ അതേ ദിവസങ്ങളില്‍ത്തന്നെ കോളജ് ഹോസ്റ്റലില്‍ കൂട്ടുകാരനെ നഗ്‌നനാക്കി ശരീരം വാര്‍ന്നു കീറുന്ന വാര്‍ത്തയും നമ്മള്‍ കേട്ടു. എന്തൊരു ഹിംസയായിരുന്നു അത്! ചുറ്റും കൂടിയ ഒരു കുട്ടിപോലും ആ ദുഷ്ടതയെ എതിര്‍ത്തില്ല. ഉടുപ്പിലും ഉടലിലും നായ്‌ക്കുരണപ്പൊടിപുരണ്ട് ഉടുവസ്ത്രമില്ലാതെ ശുചിമുറിയില്‍ നിന്നു നിസ്സഹായയായ ഒരു പെണ്‍കുട്ടി നിലവിളിക്കുന്ന രംഗവും ഉണ്ടായി. അപ്പോഴും സഹപാഠികള്‍ പൊട്ടിച്ചിരിച്ചുല്ലസിച്ചതേയുള്ളൂ. മറ്റുള്ളവരുടെ വേദന കണ്ട് ചിരിക്കാന്‍ കഴിയുന്ന മനസ്സ് രോഗബാധിതമാണ്. ആ രോഗം സ്‌കൂളുകളിലും കോളജുകളിലും ഭയാനകമായി വ്യാപിക്കുന്നു.

മഹാഭാരതയുദ്ധത്തിന്റെ പത്തൊന്‍പതാം പകലില്‍ പകയുടെ പ്രതിപുരുഷനായ ഒരു കഥാപാത്രത്തെ വ്യാസന്‍ കാണിച്ചുതരുന്നുണ്ട്. ഒരു കൂട്ടക്കൊലയ്‌ക്കുശേഷവും ഭാവഭേദമില്ലാതെ ഗര്‍ഭസ്ഥ ശിശുവിലേക്ക് ആയുധം പ്രയോഗിക്കുന്ന അശ്വത്ഥാമാവ്. ശ്രീരാമന്റെ ഉപദേശം കേട്ട് അടങ്ങിയ ലക്ഷ്മണനല്ല ഇയാള്‍. ദേഷ്യം കോപമായി, കോപം ക്രോധമായി, അതു കനത്തു പകയായി സ്വയം കത്തി നില്ക്കുന്ന ആ ദുര്‍ഭൂതത്തെ സകലരും ശപിക്കുന്നു. ജീവിക്കുന്ന നരകമായി ഈ ഭൂമിയില്‍ തുടരുക എന്ന ശിക്ഷയാണ് അയാള്‍ക്കു ലഭിച്ചത്. ചെന്താമരയായും അഫാനായും അശ്വത്ഥാമാവ് ഇന്നും തുടരുന്നു. ആ ഗണത്തിലേക്ക് ആളെ എടുക്കുന്ന നരകത്തിന്റെ എംബസികളായി വിദ്യാലയങ്ങള്‍ മാറിക്കൂടാ. കാമം, ക്രോധം, ലോഭം മൂന്നും നരകത്തിന്റെ വാതിലുകളാണെന്ന് ഭഗവദ്ഗീത പറയുന്നു. മനുഷ്യ മനസ്സില്‍ ദൈവസമ്പത്തും അസുരസമ്പത്തുമുണ്ട്. അസുരസമ്പത്തിനെ നിയന്ത്രിക്കാനും ദൈവസമ്പത്തിനെ വളര്‍ത്താനുമാണ് മനുഷ്യന്‍ വിദ്യാഭ്യാസം ചെയ്യുന്നത്. അതുകൊണ്ട് വിദ്യാലയങ്ങളെ നമുക്കു വീണ്ടെടുക്കണം. അവിടം സന്തോഷത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും ഇടമാക്കി മാറ്റണം. മാറ്റം നമ്മളില്‍ നിന്നാരംഭിക്കണം.

കടുത്ത മസാലകള്‍ ചേര്‍ന്ന ഭക്ഷണം കുറച്ചുകൊണ്ടു വരണം. വിപണി കീഴടക്കിയ അറേബ്യന്‍ വിഭവങ്ങള്‍ ശരീരത്തിനു മാത്രമല്ല, മനസ്സിനും ദോഷം ചെയ്യും. അര്‍മാദിക്കുന്ന ആട്ടവും പാട്ടും അധികം വേണ്ട. ഒരു യാത്രയയപ്പ് ചടങ്ങിലെ പാട്ടാണ് മരണകാരണമായത് എന്നോര്‍ക്കുക. ചിലപ്പോഴൊക്കെ മധുരമായ ഭാവഗാനങ്ങള്‍ കേള്‍ക്കണം. അതു വെറുതേ മൂളി നടക്കണം. സാമൂഹ്യമാധ്യമങ്ങളും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നതില്‍ സ്വയം നിയന്ത്രണം കൊണ്ടുവരണം. ഉറങ്ങും മുന്‍പ് ഒരു മണിക്കൂറും ഉണര്‍ന്നു കഴിഞ്ഞ് ഒരു മണിക്കൂറും ഡേറ്റാ ഉപയോഗിക്കില്ല എന്ന് നിശ്ചയമെടുക്കണം. ഒരിക്കലും ലഹരിയുടെ വഴി തിരഞ്ഞെടുക്കില്ലെന്ന് അമ്മയ്‌ക്കു വാക്കുകൊടുക്കണം. ആ വാക്ക് ആജീവനാന്തം പാലിക്കണം. എല്ലാ ദിവസവും പ്രാര്‍ത്ഥനയോടൊപ്പം ഇരുപതു മിനിട്ട് നിശബ്ദമായിരുന്ന് സ്വന്തം മനസ്സിനെ ശ്രദ്ധിക്കണം. ഇപ്രകാരം ഒരു സ്വയം നവീകരണത്തിനുള്ള സമയമായിരിക്കുന്നു.

ഇത് നോമ്പുകാലമാണ്. ഈസ്റ്ററും വിഷുവും പടിവാതില്‍ക്കലുണ്ട്. തിന്മയെ തിരുത്തി നന്മയെ ഉണര്‍ത്താനുള്ള മുഹൂര്‍ത്തങ്ങളാണിതെല്ലാം. അറിഞ്ഞും അറിയാതെയും നമ്മള്‍ കൂടി പങ്കാളിയായിപ്പോയ എല്ലാ തിന്മകളില്‍നിന്നുമുള്ള മോചനത്തിനു വേണ്ടി മാര്‍ച്ച് 9 ഞായറാഴ്ച നമുക്ക് ഒരു മണിക്കൂര്‍ ഉപവസിക്കാം. പ്രാര്‍ത്ഥനാനിര്‍ഭരമായ മനസ്സോടെ എല്ലാ പ്രവൃത്തികളില്‍ നിന്നും വിട്ടുനിന്ന് ഒരു മണിക്കൂര്‍ നിശബ്ദരായിക്കാം. സാധിക്കുമെങ്കില്‍ കുടുംബം ഒന്നിച്ച് ഒരേ സമയം ഈ സദ്ഭാവനാ ഉപവാസം അനുഷ്ഠിക്കുക. ‘ഞാന്‍ നന്മയോടെയിരിക്കും; എന്റെ നാടിനു വേണ്ടി’ ഇതാവട്ടെ നമ്മുടെ പ്രാര്‍ത്ഥന. ഈ സദ്ഭാവനാ ഉപവാസം എത്ര പേര്‍ ചെയ്യുന്നു, എത്ര നേരം ചെയ്യുന്നു എന്നതല്ല കാര്യം. നമ്മള്‍ ആരംഭിച്ചു കഴിഞ്ഞു എന്ന തിരിച്ചറിയലാണ്. സ്വയം നിയന്ത്രിക്കാന്‍ കഴിയും എന്നു ബോധ്യപ്പെടലാണ്. എന്റെ സമൂഹത്തിന്റെ പുണ്യപാപങ്ങള്‍ക്ക് ഞാനും ഉത്തരവാദിയാണെന്ന കണ്ടെത്തലാണ്. അത്രയെങ്കിലും നമുക്കിപ്പോള്‍ ചെയ്യേണ്ടതുണ്ട്.

ബാലഗോകുലം സംസ്ഥാന അധ്യക്ഷനാണ് ലേഖകന്‍

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by