വീടിനുള്ളില്‍ കുട്ടികള്‍ക്കിന്ന് ഒറ്റയ്‌ക്കിരിക്കാന്‍ ധാരാളം അവസരമുണ്ട്. കുട്ടികളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് അവര്‍ക്ക് സ്വന്തമായൊരു മുറിവരെ മാതാപിതാക്കള്‍ സജ്ജീകരിച്ച് കൊടുത്തിട്ടുമുണ്ട്. ഈ മുറിയില്‍ തനിച്ചിരുന്ന് കുട്ടികള്‍ എന്തുചെയ്യുന്നു എന്നതാണ് പ്രധാനം. പലരും ഈ സൗകര്യം ദുരുപയോഗം ചെയ്യുകയാണ് പതിവ്. സമൂഹമാധ്യമങ്ങളാണ് ഇന്ന് കുട്ടികളുടെ ഏറ്റവും അടുത്ത സുഹൃത്ത്. 60 ശതമാനത്തോളം കുട്ടികളും നവമാധ്യമങ്ങള്‍ക്ക് അടിമകളാണ്. അത് അവരുടെ സ്വഭാവത്തേയും വിദ്യാഭ്യാസത്തേയും ബാധിക്കുന്നുണ്ടെന്ന് 80 ശതമാനത്തിലേറെ മാതാപിതാക്കളും സമ്മതിക്കുന്നു. കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം സംബന്ധിച്ച ഗവേഷണങ്ങള്‍ കുറച്ചുകാലമായി നടക്കുന്നുണ്ട്.
സൈക്കോളജിസ്റ്റായ ഡോ. ജീന്‍ എം. ട്വെങ്ക് ‘ഐജെന്‍’ എന്ന തന്റെ പുസ്തകത്തില്‍ പറയുന്നത് കൗമാരക്കാരുടെ ഫോണ്‍ ഉപയോഗം കൊണ്ട് അവരില്‍ വിഷാദ രോഗം, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവ വര്‍ധിക്കുന്നുവെന്നാണ്. എംഐടി പ്രൊഫസറും എഴുത്തുകാരിയുമായ ഷെറി ടര്‍ക്കിള്‍ ‘എലോണ്‍ ടുഗെദറി’ ല്‍ മനുഷ്യ ബന്ധങ്ങളില്‍ നിന്ന് വ്യക്തികള്‍ എങ്ങനെ അകന്നുപോകുന്നുവെന്ന് വരച്ചിടുന്നു. കൗമാരക്കാരിലെ സോഷ്യല്‍ മീഡിയ സ്വാധീനം വ്യക്തമാക്കുന്ന ഗവേഷണം മിഷേല്‍ ഗാര്‍ഷ്യയും നടത്തിയിട്ടുണ്ട്. സാങ്കേതിക വിദ്യ കുട്ടികളുടെ ബുദ്ധി വികാസത്തെ എപ്രകാരം ബാധിക്കുന്നു, അവര്‍ എങ്ങനെ പഠനത്തില്‍ പിന്നോട്ടുപോകുന്നു എന്നത് സംബന്ധിച്ചാണ് അമേരിക്കന്‍ സൈക്കോളജിസ്റ്റായ പാട്രീഷ്യ ഗ്രീന്‍ഫീല്‍ഡ് തന്റെ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓരോ ഗവേഷകരും പറയുന്നത് ഇന്റര്‍നെറ്റ് ഉപയോഗത്താല്‍ കുട്ടികള്‍ ഏതൊക്കെ രീതിയില്‍ ബുദ്ധിമുട്ടുന്നു എന്നാണ്.
വയലന്‍സ് ഉള്ളടക്കമുള്ള സിനിമകള്‍ കാണുമ്പോള്‍, സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ അവര്‍ സ്വയം മറക്കുന്നു. ലഹരി വസ്തുപോലെ തന്നെയാണ് ഒറ്റയ്‌ക്കിരിക്കലും സോഷ്യല്‍ മീഡിയ ഉപയോഗവും. സാമൂഹിക ജീവിതത്തില്‍ നിന്ന് വ്യക്തികള്‍ അകന്നുപോകുന്നു. മനുഷ്യ ബന്ധങ്ങള്‍ മറക്കുന്നു. സ്വന്തം സുഖത്തിലേക്ക് മാത്രമായി അവര്‍ ചുരുങ്ങുന്നു.
മാനസികാരോഗ്യക്കുറവ്, വിഷാദം, ഉത്കണ്ഠ, ഉറക്കക്കുറവ്, ഏകാഗ്രതയില്ലായ്മ, ആത്മവിശ്വാസമില്ലായ്മ, സാമൂഹികമായ ഒറ്റപ്പെടല്‍, ശാരീരിക പ്രശ്‌നങ്ങള്‍, കാഴ്ചയ്‌ക്ക് മങ്ങല്‍, ശരിയായ ഭക്ഷണ ക്രമം ഇല്ലാതാകല്‍, വ്യക്തി ബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുക, മറ്റുള്ളവരെ ഇരകളാക്കുക തുടങ്ങി ഒട്ടനവധി പ്രശ്‌നങ്ങളാണ് അനിയന്ത്രിതമായ ഇന്റര്‍നെറ്റ് ഉപഭോഗം കൊണ്ട് സംഭവിക്കുന്നത്.
സാമൂഹിക ജീവിതക്രമത്തില്‍ നിന്ന് അകന്നുപോകുന്ന കുട്ടികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്ക് മാതാപിതാക്കള്‍ക്കാണ്. കുട്ടികളെ കേള്‍ക്കാനും അവരോട് ധാരാളം സംസാരിക്കാനും സമയം കണ്ടെത്തണം.
ഇന്നത്തെ കാലത്ത് ആരും ആരേയും കേള്‍ക്കുന്നില്ല എന്നതാണ് പ്രശ്‌നം. കേള്‍ക്കാന്‍ തയ്യാറാകുമ്പോള്‍ തന്നെ മക്കളെ മനസ്സിലാക്കാനും അവരെ തിരുത്താനും സാധിക്കും. മക്കളെ സാമൂഹ്യപ്രതിബന്ധതയുള്ളവരാക്കണം. സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കാന്‍ അവര്‍ക്ക് അവസരം നല്‍കണം. ഒരുമുറിയില്‍ അടച്ചിരിക്കാന്‍ അനുവദിക്കാതെ അവരെ കൂടെ കൂട്ടണം. നിരവധി സാങ്കേതിക വിദ്യകള്‍ അടങ്ങിയിട്ടുള്ള ഫോണ്‍ എങ്ങനെ ഉപയോഗിക്കണമെന്ന് മാതാപിതാക്കള്‍ ആദ്യം പഠിക്കണം. പിന്നീട് മക്കള്‍ക്ക് പഠിപ്പിച്ചുകൊടുക്കണം. കൂടാതെ അവരെ നിരീക്ഷിക്കുകയും വേണം. നല്ല പാഠം ചൊല്ലിക്കൊടുത്ത് കുട്ടികളെ നേര്‍വഴിക്ക് നടത്താന്‍ ഇച്ഛാശക്തിയുള്ളവര്‍ ആദ്യമുണ്ടാകേണ്ടത് വീട്ടകങ്ങളില്‍ തന്നെയാണ്.
(പ്രശസ്ത കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: