ബെംഗളൂരു: കന്നഡ സിനിമയിലെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ നിന്ന് നടി സഞ്ജന ഗല്‍റാണിയെ കര്‍ണാടക ഹൈക്കോടതി ഒഴിവാക്കി. സഞ്ജനയ്ക്കെതിരെ ആരോപിക്കുന്ന കുറ്റങ്ങള്‍ക്ക് പ്രത്യേക എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയ കോടതി, കഴിഞ്ഞ ജൂണില്‍ നിയമ നടപടികള്‍ മരവിപ്പിച്ചിരുന്നു. ഈ ഉത്തരവിന്റെ തുടര്‍ച്ചയായാണ് നടപടി.
2020 ഏപ്രിലിനും സെപ്തംബറിനും ഇടയ്ക്ക് സഞ്ജന ലഹരി ഇടപാടു നടത്തിയെന്ന് ആരോപിച്ച് കോട്ടണ്‍പേട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 2015, 2018, 2019 വര്‍ഷങ്ങളില്‍ ഇവര്‍ ചെയ്തെന്ന് ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരുന്നു. ഇവയ്ക്കായി പോലീസ് പ്രത്യേക എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി നടപടി. 2020 സെപ്തംബര്‍ 8ന് ബെംഗളൂരു പോലീസിനു കീഴിലുള്ള സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) പോലീസ് അറസ്റ്റ് ചെയ്ത സഞ്ജനയ്ക്കു മൂന്ന് മാസത്തിനു ശേഷമാണ് ജാമ്യം ലഭിച്ചത്.
ഈ കേസില്‍ സഞ്ജനയെ കൂടാതെ കന്നഡ നടി രാഗിണി ദ്വിവേദിയും മലയാളി നടന് നിയാസ് മുഹമ്മദും നൈജീരിയന്‍ സ്വദേശികളും ഉള്‍പ്പെടെ 15 പേരാണ് അറസ്റ്റിലായത്. രാഗിണി ദ്വിവേദിയെയും കഴിഞ്ഞ മാസം ഹൈക്കോടതി കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: