ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ അരവിന്ദ് കെജ്രിവാളും വിപസന ധ്യാനത്തിന്. പത്തുദിവസത്തെ ധ്യാനത്തിന് കെജ്രിവാള്‍ പഞ്ചാബിലേക്കാണ് പോകുന്നത്. തെരഞ്ഞെടുപ്പ് തോല്‍വികള്‍ക്ക് ശേഷം വിദേശത്ത് വിപസന ധ്യാനത്തിന് പോകുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ മാതൃക പിന്തുടര്‍ന്നാണ് കെജ്രിവാളിന്റെയും യാത്ര.
പഞ്ചാബിലെ ഹോഷിയാര്‍പൂരിലെ ആനന്ദ്ഗട്ടിലുള്ള ധമ്മ ധജ വിപസന കേന്ദ്രത്തില്‍ മാര്‍ച്ച് അഞ്ചു മുതല്‍ 15 വരെ കെജ്രിവാള്‍ തങ്ങുമെന്ന് ആപ്പ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പും കെജ്രിവാള്‍ ഇവിടെ ധ്യാനം കൂടിയെങ്കിലും ആപ്പിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രകടനവും നിരാശാജനകമായിരുന്നു.
എല്ലാത്തരത്തിലും പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ തനിച്ചിരുന്നുള്ള ധ്യാനമാണ് വിപസന ധ്യാനമെങ്കിലും കെജ്രിവാളിന്റെ പഞ്ചാബ് യാത്രയ്‌ക്ക് പഞ്ചാബ് ആപ്പിലെ തമ്മിലടിയും വിഭാഗീയതയും കാരണമാണെന്ന അഭ്യൂഹങ്ങളും ശക്തമാണ്. ദല്‍ഹിയില്‍ ആപ്പ് സര്‍ക്കാര്‍ വീണതിന് പിന്നാലെ പഞ്ചാബിലെ ആപ്പില്‍ വിമത നീക്കം ശക്തമായിട്ടുണ്ട്. മുപ്പതോളം ആപ്പ് എംഎല്‍എമാരാണ് തങ്ങളോട് ചര്‍ച്ച നടത്തുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള യാത്രയാണ് കെജ്രിവാള്‍ നടത്തുന്നതെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക