ന്യൂദല്‍ഹി: ചരക്ക് തീവണ്ടികള്‍ക്ക് വികസിത പാശ്ചാത്യ രാജ്യങ്ങളുടേത് പോലുള്ള കുതിപ്പ് നല്കാന് പുത്തന്‍ എഞ്ചിന് അടുത്ത മാസം പുറത്തിറക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. വന്ദേഭാരതും സ്വീപ്പര്‍ വന്ദേഭാരതും യാഥാര്‍ത്ഥ്യമാക്കുകയും ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കാനുള്ള കവച് സുരക്ഷ നടപ്പാക്കുകയും ചെയ്ത റെയില്‍വേയുടെ പുതിയ പരീക്ഷണമാണ് ചരക്ക് തീവണ്ടികളുടെ വേഗക്കുതിപ്പിനായി ഒരുങ്ങുന്നത്. ഇന്ത്യന്‍ റെയില്‍വേ ഇതോടെ ഒന്നുകൂടി മുഖം മിനുക്കുകയാണ്.
ഏകദേശം 9000 കുതിരശക്തിയുള്ള എഞ്ചിനാണ് വരുന്നത്. ഏകദേശം 4500 മുതല്‍ 5000 ടണ്‍ വരെ ഭാരമുള്ള ചരക്ക് വണ്ടിയെ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ കുതിപ്പിക്കുകയാണ് ലക്ഷ്യം. ഇതോടെ ഇന്ത്യയിലെ ചരക്ക് തീവണ്ടികള്‍ വികസിത രാജ്യങ്ങളിലെ ചരക്ക് തീവണ്ടികളെപ്പോലെ വേഗതയില്‍ കുതിക്കും.
ഗുജറാത്തിലെ ദാഹോദ് വര്‍ക്ക് ഷോപ്പിലാണ് എഞ്ചിന് ഒരുങ്ങുന്നത്. ഇതിന്റെ 89 ശതമാനവും ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി ഇന്ത്യയില്‍ തന്നെയാണ് നിര്‍മ്മിക്കുകയെന്നും അശ്വിനി വൈഷ്ണവ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: