Thiruvananthapuram

പത്തു വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം; അദ്ധ്യാപകന് 10 വര്‍ഷം തടവും പിഴയും

Published by

തിരുവനന്തപുരം: പത്തുവയസുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ അദ്ധ്യാപകന് പത്തുവര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മുട്ടത്തറ വില്ലേജില്‍ അംബിക ഭവന്‍ വീട്ടില്‍ ദേവദാസിനെയാണ് (76) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജ് ആര്‍. രേഖ ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും കോടതി വിധിന്യായത്തില്‍ പറഞ്ഞു.

2023 ഫെബ്രുവരി 2നാണ് കേസിനാസ്പദമായ സംഭവം. ട്യൂഷന്‍ പഠിപ്പിക്കവേ കുട്ടിയുടെ സ്വകാര്യഭാഗത്ത് പ്രതി കടന്നു പിടിക്കുകയായിരുന്നു. ക്ലാസില്‍ മറ്റു കുട്ടികള്‍ ഇല്ലാത്ത സമയത്താണ് പ്രതി ഇതു ചെയ്തത്. ഭയന്ന കുട്ടി ആരോടും പറഞ്ഞില്ല. രണ്ടാഴ്ച കഴിഞ്ഞ് ട്യൂഷന്‍ ക്ലാസില്‍ പോകാന്‍ കുട്ടി വിസമ്മതിച്ചതിനാല്‍ കാര്യം തിരക്കിയപ്പോള്‍ വീട്ടുകാരോട് സംഭവം പറഞ്ഞു. ട്യൂഷന്‍ സെന്റര്‍ പ്രിന്‍സിപ്പലിനെയും കാര്യം അറിയിച്ചു. തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.

ഭാര്യയും താനും രോഗികള്‍ ആണെന്നും മക്കള്‍ ഇല്ലാത്തതിനാല്‍ ശിക്ഷ കുറയ്‌ക്കണമെന്നും പ്രതി കോടതിയോട് അപേക്ഷിച്ചു. എന്നാല്‍ അദ്ധ്യാപകനായ പ്രതി ചെയ്ത കൃത്യത്തിന് യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി വിധിന്യായത്തില്‍ പറഞ്ഞു. സാഹചര്യങ്ങള്‍ പരിഗണിച്ച് പ്രതിക്ക് കോടതി വെറും തടവാണ് വിധിച്ചത്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ്‌മോഹന്‍, അഡ്വ. അതിയന്നൂര്‍ ആര്‍.വൈ. അഖിലേഷ് എന്നിവര്‍ ഹാജരായി. തമ്പാനൂര്‍ എസ്‌ഐ വി.എസ്. രഞ്ജിത്ത്, എസ്‌ഐ എസ്. ജയശ്രീ എന്നിവരാണ് അന്വേഷണം നടത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by