ന്യൂദല്‍ഹി: മാര്‍ച്ച് 8 മുതല്‍ മണിപ്പൂരിലെ എല്ലാ റോഡുകളിലും ജനങ്ങള്‍ക്ക് സ്വതന്ത്രസഞ്ചാരം ഉറപ്പാക്കണമെന്ന് കേന്ദ്രം. തടസങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം. മണിപ്പൂരിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ദല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല അവലോകനയോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും തടസം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും യോഗത്തില്‍ അമിത് ഷാ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ മണിപ്പൂരില്‍ ശാശ്വത സമാധാനം പുന:സ്ഥാപിക്കുന്നതിന് പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ യോഗത്തില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രം നല്‍കുന്നുണ്ട്. മണിപ്പൂരിന്റെ അന്താരാഷ്ട്ര അതിര്‍ത്തിയിലെ നിയുക്ത പ്രവേശന കവാടങ്ങളുടെ ഇരുവശത്തുമുള്ള വേലികെട്ടല്‍ ജോലികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണം. മണിപ്പൂരിനെ മയക്കുമരുന്ന് വിമുക്തമാക്കുന്നതിന്, മയക്കുമരുന്ന് വ്യാപാരത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവരുടെ മുഴുവന്‍ ശൃംഖലയും തകര്‍ക്കണമെന്നും ഷാ കര്‍ശന നിര്‍ദേശം നല്കി.
മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് ശേഷമുള്ള ആദ്യ ഉന്നതതല അവലോകനയോഗമാണ് ഇന്നലെ ദല്‍ഹിയില്‍ ചേര്‍ന്നത്. മണിപ്പൂര്‍ ഗവര്‍ണര്‍ അജയ് ഭല്ല, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍, മണിപ്പൂര്‍ സുരക്ഷാ ഉപദേഷ്ടാവ് കുല്‍ദീപ് സിങ്, ഐബി ഡയറക്ടര്‍ തപന്‍ ദേക്ക, ആഭ്യന്തര മന്ത്രാലയം, കരസേന, ബിഎസ്എഫ്, സിആര്‍പിഎഫ്, ആസാം റൈഫിള്‍സ് എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് രാജിവച്ചതിനെത്തുടര്‍ന്ന് ഫെബ്രുവരി 13നാണ് സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്. കൊള്ളയടിച്ചതും നിയമവിരുദ്ധമായി കൈവശം വയ്ക്കുന്നതുമായ എല്ലാ ആയുധങ്ങളും കൈമാറണമെന്ന് ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷാ അവലോകന യോഗം ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: