ഡോ. രാജീവ്. എന്‍
പ്രിന്‍സിപ്പല്‍,
എന്‍എസ്എസ് കോളജ് ഓഫ് എന്‍ജിനീയറിങ്, പാലക്കാട്
‘അന്തമജ്ഞാതമവര്‍ണ്ണനീയം’ എന്നാണല്ലോ ബ്രഹ്മത്തെപറ്റി നാം പറയുന്നത്. പരമാത്മാവിന് അതിരുകളില്ല, ആദിയും അന്തവും ഇല്ലാ എന്നാണല്ലോ പ്രമാണം. നാം മനുഷ്യരുടേതില്‍നിന്നും ഏറെ വിഭിന്നമാണ് സുരലോകത്തെ സമയത്തിന്റെ കണക്കുകള്‍. പന്ത്രണ്ട് മാസങ്ങള്‍ അഥവാ 360 ദിവസങ്ങള്‍ ചേര്‍ന്നാല്‍ ഒരു വര്‍ഷം എന്നു നാം പറയുന്നു. ഇപ്രകാരം മനുഷ്യരുടെ ഒരു വര്‍ഷമെന്നത് ദേവന്മാരുടെ ഒരു ദിവസമാണ്. മനുഷ്യരുടെ 360 വര്‍ഷം ചേരുമ്പോള്‍ ഒരു ദിവ്യവര്‍ഷം അഥവാ ദേവന്മാരുടെ ഒരു വര്‍ഷമായി. സമയവുമായി ബന്ധപ്പെട്ട് ധാരാളം നാമങ്ങള്‍ നാം നിത്യം ഉപയോഗിക്കുന്നവയും, അല്ലാത്തവയുമായി പ്രചാരത്തിലുണ്ട്. കല, നിമിഷം, വിനാഴിക, നാഴിക, അഹോരാത്രം, പക്ഷം, മാസം, വര്‍ഷം എന്നിവ അവയില്‍ ചിലതാണ്. ഇവകൂടാതെ സമയത്തിന്റെ വ്യാപ്തിയേയും വലുപ്പത്തേയും സൂചിപ്പിക്കുന്ന മറ്റു രണ്ടു പദങ്ങളാണ് കല്പവും, മന്വന്തരവും. ”കല്പാന്ത കാലത്തോളം കാതരേ നീയെന്‍ മുന്‍പില്‍”, മന്വന്തരങ്ങളാം മാന്‍പേടകള്‍ പണ്ട് മനസ്സുതുറന്നിട്ടൊരിന്ദ്രനീലം” എന്നീ പ്രണയാര്‍ദ്ര ഗാനങ്ങള്‍ ഈ പദങ്ങള്‍ക്കൊണ്ട് ശ്രദ്ധേയമാണ്.
പുരാണങ്ങളില്‍ നാലുയുഗങ്ങളേപറ്റി പറയുന്നുണ്ട്. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം. ”യുഗംനാലിലും നല്ലൂ കലിയുഗം” എന്ന് ജ്ഞാനപ്പാനയില്‍ പറയുന്നു. ഈ നാലുയുഗങ്ങള്‍ ചേര്‍ന്ന് ചതുര്‍യുഗം എന്ന മഹായുഗം അറിയപ്പെടുന്നു. ഋതുക്കള്‍പോലെ യുഗങ്ങളും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ മഹായുഗത്തിലെ കലിയുഗത്തിലാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. കൃതയുഗത്തില്‍ 17,28,000 വര്‍ഷങ്ങളും, ത്രേതായുഗത്തിന്റെ 12,96,000 വര്‍ഷങ്ങളും, ദ്വാപരയുഗത്തില്‍ 8,64,000 വര്‍ഷങ്ങളും, കലിയുഗത്തില്‍ 4,32,000 വര്‍ഷങ്ങളുമാണുള്ളത്. ആദ്യ മൂന്ന് യുഗങ്ങളുടേയും വര്‍ഷങ്ങളിലെ അക്കങ്ങള്‍ കൂട്ടിയാല്‍ പതിനെട്ടും, കലിയുഗത്തിലെ വര്‍ഷങ്ങളിലെ അക്കങ്ങള്‍ കൂട്ടിയാല്‍ ഒന്‍പതും ലഭിക്കുന്നു. ഒന്‍പത് നവവിധ ഭക്തിയേ സൂചിപ്പിക്കുന്നു. നാലുയുഗങ്ങളിലുംകൂടി 12,000 ദിവ്യവര്‍ഷങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഇതിനെ ചതുര്‍യുഗം എന്ന് പറയുന്നു. ഇപ്രകാരം 1000 ചതുര്‍യുഗം ചേരുന്നതാണ് സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്റെ ഒരു പകല്‍. ഇത്രയും തന്നെ സമയമാണ് ബ്രഹ്മാവിന്റെ ഒരു രാത്രി. ഇത് രണ്ടും ഒന്നായി ചേരുന്നതാണ് ഒരു ബ്രഹ്മദിനം അഥവാ സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്റെ ഒരു ദിവസം. ബ്രഹ്മാവ് നിദ്രയില്‍ ആണ്ടിരിക്കുന്ന കാലത്തേ ‘കല്‍പം’ എന്നു പറയുന്നു. കല്പാന്തം പ്രളയം എന്ന് പറയുന്നു. അതായത് ബ്രഹ്മാവിന്റെ ഒരു പകല്‍ കഴിഞ്ഞ് രാത്രി ആരംഭിക്കുമ്പോള്‍ പ്രളയം സംഭവിക്കുന്നു. 1000 ചതുര്‍യുഗങ്ങള്‍ ബ്രഹ്മാവിന്റെ ഒരു പകലാണെന്നു സൂചിപ്പിച്ചുവല്ലോ. അത്രയുംതന്നേ ഒരു രാത്രിയുമുണ്ട്. ഇതു രണ്ടും ഒന്നു ചേര്‍ന്നാല്‍ ഒരു ബ്രഹ്മദിനമുണ്ടാകുന്നു. ഇപ്രകാരമുള്ള 360 ബ്രഹ്മദിനങ്ങള്‍ ചേരുമ്പോള്‍ ഒരു ബ്രഹ്മവര്‍ഷം ഉണ്ടാകുന്നു. ബ്രഹ്മാവിന്റെ ഒരു പകലില്‍ പതിനാല് മനുക്കള്‍ കടന്നുപോകുന്നു. ഇതിനേയാണ് മന്വന്തരം എന്നു പറയുന്നത്.
നൂറ് ബ്രഹ്മവര്‍ഷങ്ങള്‍ ചേരുന്നതാണ് ബ്രഹ്മാവിന്റെ ആയുസ്സ്. ഇപ്പോഴത്തെ ബ്രഹ്മാവിന്റെ വയസ്സ് അന്‍പത് ബ്രഹ്മവര്‍ഷങ്ങളും, ഒരു ദിവസവും ചേരുന്നതാണ്. അതായത് നാമിപ്പോള്‍ ബ്രഹ്മാവിന്റെ ആയുസ്സിന്റെ രണ്ടാംപകുതിയുടെ ആദ്യദിവസത്തിലാണ് ജീവിക്കുന്നത്. ഓരോ മന്വന്തരത്തിലും 71 എണ്ണം വീതം കൃതയുഗവും, ത്രേതായുഗവും, ദ്വാപരയുഗവും, കലിയുഗവും അടങ്ങിയിരിക്കുന്നു. മേല്‍പറഞ്ഞ എഴുപത്തിയൊന്ന് യുഗചക്രത്തിലേ ഇരുപത്തി എട്ടാമത് സൃഷ്ടിയുടെ മന്വന്തരമാണിപ്പോള്‍ പുലര്‍ന്നുകൊണ്ടിരിക്കുന്നത്. ഈ ചക്രത്തിന്റെ കലിയുഗാരംഭത്തിലാണ് നാമിപ്പോള്‍. നമുക്ക് ഒരു മുതല്‍മുടക്കുമില്ലാതെ കിട്ടുന്ന കാര്യമാണ് സമയം. എന്നാല്‍ നാം ഏറ്റവും ദുരുപയോഗം ചെയ്യുന്നതും സമയമാണ്.
എല്ലാ പൂജകളിലും മേല്‍പറഞ്ഞ സമയ ദൈര്‍ഘ്യത്തെപറ്റി വിവരിക്കുന്നുണ്ട്. ഇതിനെ ‘സങ്കല്‍പപൂജ’ എന്നു പറയുന്നു. ഈശ്വരനോടു പ്രതിജ്ഞാരൂപത്തിലുള്ള സങ്കല്‍പപൂജകളില്‍ ഏതു മന്ത്രമാണ്, ഏതു ദേവനുവേണ്ടിയാണ്, എത്ര ആവര്‍ത്തിയാണ് ജപിക്കുന്നത്, ഫലപ്രാപ്തി എന്താണ് ഈവക കാര്യങ്ങളൊക്കെ പ്രാധാന്യമര്‍ഹിക്കുന്നു. ഇതിനോടൊപ്പം പൂജചെയ്യുന്ന സ്ഥലം, സമയം എന്നിവയും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ഇവയില്‍ പ്രത്യേകിച്ച് സമയത്തിന്റെ പ്രാധാന്യമെന്തെന്നാല്‍ ‘സങ്കല്‍പ’മെന്ന പദം മനുഷ്യജീവിതത്തിന്റെ നശ്വരതയേയും, അത് ക്ഷണികമാണെന്നുള്ള സത്യത്തേയും നമ്മേ ഓര്‍മ്മിപ്പിക്കുന്നു. ആയതിനാല്‍ നമുക്ക് ലഭിച്ച ഈ മനുഷ്യജന്മം, ഏറ്റവും ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ട്. നമുക്ക് പ്രാപ്തമാകുന്ന അവസരങ്ങള്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച് ഇരുട്ടില്‍ നിന്നും വിജ്ഞാനമാകുന്ന വെളിച്ചത്തിലേക്ക് നടന്നടുത്ത് അമരത്വം നേടാനുപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു. അങ്ങനെ പ്രവര്‍ത്തിച്ചാല്‍ ആവര്‍ത്തിച്ചുള്ള ജനന-മരണങ്ങളുടെ ചക്രത്തില്‍ നിന്ന് മോചനം നേടി ബ്രഹ്മപദം പ്രാപ്തമാക്കാന്‍ മനുഷ്യന് സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: