Kannur

മതിയായ രേഖകള്‍ ഇല്ലാതെയെത്തിയ ബംഗ്ലാദേശ് പൗരന്‍ അറസ്റ്റില്‍

Published by

കാഞ്ഞങ്ങാട്: മതിയായ രേഖകള്‍ ഇല്ലാതെ താമസിച്ചിരുന്ന ബംഗ്ലാദേശ് പൗരന്‍ പിടിയില്‍. കാഞ്ഞങ്ങാട് ആലയില്‍ പൂടംകല്ലിലെ ക്വാര്‍ട്ടേഴ്‌സില്‍ അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരന്‍ അതിയാര്‍ റഹ്മാ (20) നെയാണ് ഹോസ്ദുര്‍ഗ് പോലീസിന്റെ സഹായത്തോടെ കണ്ണൂരില്‍ നിന്നെത്തിയ ആന്റി ടെററിസ്റ്റ് സ്‌ക്വാഡിലെ എസ്‌ഐ കെ.വി. രാജേഷും സംഘവും അറസ്റ്റ് ചെയ്തത്. ഇതര രാജ്യക്കാരനായ ഒരാള്‍ താമസിക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. ഇയാള്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

മൂന്ന് മാസത്തോളമായി പ്രദേശത്ത് ജോലി ചെയ്തു വരികയായിരുന്ന ഇയാളുടെ കൈവശം ഉണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡില്‍ സാബിര്‍ ഷേഖ് നാദിയ (24) എന്ന പേരാണ് ഉണ്ടായിരുന്നത്. ഇത് വ്യാജമായി ഉണ്ടാക്കിയതാണെന്ന് പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. തിരിച്ചറിയല്‍ കാര്‍ഡിന്റെ ഒറിജിനല്‍ കോപ്പി കൈവശം ഉണ്ടായിരുന്നില്ല. മൊബൈല്‍ ഫോണില്‍ എടുത്തുവച്ച ഫോട്ടോ മാത്രമാണ് ഉണ്ടായിരുന്നത്. ഒറിജിനല്‍ രേഖകള്‍ എവിടെയെന്ന് അന്വേഷണസംഘം ചോദിച്ചപ്പോള്‍ യാത്രക്കിടയില്‍ നഷ്ടപ്പെട്ടുവെന്ന മറുപടിയാണ് അതിയാര്‍ റഹ്മാന്‍ നല്‍കിയത്. പശ്ചിമബംഗാളില്‍ ബന്ധുക്കള്‍ ഉണ്ടായിരുന്നുവെന്നും അവരെല്ലാം മരിച്ചുപോയതായും യുവാവ് മൊഴി നല്‍കി. ഇയാളുടെ ഫോണില്‍ ബംഗ്ലാദേശില്‍ നിന്നുള്ള ആള്‍ക്കാരുടെ ഫോണ്‍ചാറ്റിങ്ങും മറ്റും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കാന്‍ വരുമ്പോള്‍ തന്നെ ഇവരുടെ രേഖകള്‍ കെട്ടിട ഉടമകള്‍ പരിശോധിച്ച് ഒറിജിനല്‍ കൈവശം വയ്‌ക്കുകയും കോപ്പികള്‍ താമസക്കാരനെ കൊണ്ട് നേരിട്ട് പോലീസ് സ്റ്റേഷനില്‍ ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങോത്ത് വ്യക്തമാക്കി. ബംഗ്ലാദേശ് പൗരന്മാരായ നിരവധിപേര്‍ പശ്ചിമബംഗാള്‍ സ്വദേശികളെന്ന വ്യാജേന കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിച്ചുവരുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എടിഎസ് കാഞ്ഞങ്ങാട്ടെത്തി സാബിര്‍ ഷേഖ് നാദിയയെ പിടികൂടിയത്. രണ്ടു മാസം മുമ്പ് മറ്റൊരു ബംഗ്ലാദേശ് പൗരനെ അസം പോലീസ് കാഞ്ഞങ്ങാട് പടന്നക്കാട് എത്തി പിടികൂടിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by