തിരുവനന്തപുരം: തൃശൂര്‍ പൂരത്തിന് മുമ്പ് സുരക്ഷാ ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൂരത്തിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം.
കഴിഞ്ഞ വര്‍ഷത്തെ പൂരത്തിന്റെ സംഘാടനത്തില്‍ പാളിച്ചകള്‍ ഉണ്ടായതായി പരാതികള്‍ ഉയര്‍ന്നിരുന്നുവെന്നും ഇത്തവണ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ദേവസ്വങ്ങളും അധികാരികളും ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്കി. കഴിഞ്ഞവര്‍ഷം ഉയര്‍ന്ന ആക്ഷേപങ്ങളും പരാതികളും ഈ വര്‍ഷം ഉണ്ടാകില്ലെന്ന് ഉറപ്പാക്കണം. പൂരം നടത്തിപ്പില്‍ ഒരു തരത്തിലുമുള്ള അനിശ്ചിതത്വവും വരാന്‍ പാടില്ല. ആചാരപരമായ കാര്യങ്ങള്‍ക്ക് കോട്ടം തട്ടാത്തവിധത്തിലും സുരക്ഷയില്‍ വിട്ടുവീഴ്ച വരാത്തവിധത്തിലുമായിരിക്കണം പൂരം നടക്കേണ്ടത്. എക്സിബിഷനുള്ള വടക്കുംനാഥ ക്ഷേത്ര മൈതാനത്തിന്റെ തറവാടക പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്കി. നേരത്തെ മുന്നോട്ടുവച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥ കൊച്ചിന് ദേവസ്വം ബോര്‍ഡ് എത്രയും വേഗം ഹൈക്കോടതിയെ അറിയിക്കണം.
പൂരം ദിവസങ്ങളില്‍ വെടിക്കെട്ടു നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും എക്സ്പ്ലോസീവ് നടപടികളും സ്വീകരിക്കണം. പൂരത്തിന് ആവശ്യമായ ആനകളെ എഴുന്നള്ളിക്കുന്നതിനും ആനകളുടെ വിശ്രമം, പൊതുജനസുരക്ഷ എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ പോലീസുമായി ചേര്‍ന്ന് ഒരുക്കണം. പൂരം വെടിക്കെട്ട് നടത്തുന്നതിനാവശ്യമായ ലൈസന്‍സുകള്‍ അനുവദിക്കണം. വെടിക്കെട്ട് നിയമാനുസൃതമാണെന്ന് ഉറപ്പുവരുത്തണം. യോഗത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി, റവന്യു മന്ത്രി കെ. രാജന്, ദേവസ്വം മന്ത്രി വി.എന്‍. വാസവന്, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്, ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹിബ്, ഇന്റലിജന്‍സ് മേധാവി പി. വിജയന്, വനം വകുപ്പ് മേധാവി ഗംഗാ സിങ്, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍, കൊച്ചിന് ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: