Kerala

തലചായ്‌ക്കുന്ന കൂര ജപ്തി ചെയ്യാനൊരുങ്ങി ബാങ്ക്; മേരിയുടെ ദുരിതത്തിന് പരിഹാരം കണ്ട് എം.എ യൂസഫലി; ജപ്തി ഒഴിവാക്കി പ്രമാണം തിരികെ നൽകി

Published by

കൊച്ചി: കടബാധ്യത മൂലം ജപ്തി ഭീഷണി നേരിട്ട വയോധികയ്‌ക്ക് സഹായഹസ്തമേകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ഇടപെടൽ. ആലുവ ശ്രീമൂല നഗരം തെറ്റയിൽ വീട്ടിൽ മേരിയുടെ കണ്ണീരിനാണ് പരിഹാരമായത്. കടബാധ്യത ഏറ്റെടുത്ത് എം.എ യൂസഫലി വീടിന്റെ പ്രമാണം തിരികെ നൽകി.

2012ൽ വീട്ടിൽ നിന്ന് പള്ളിയിലേക്ക് പോകുമ്പോഴാണ് വാഹനം ഇടിച്ച് മേരിക്ക് അപകടം സംഭവിക്കുന്നത്. ഇടിച്ചിട്ട വാഹനം നിർത്താതെ പോയതോടെ മേരിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഒടിഞ്ഞു തൂങ്ങിയ കാൽ മുറിച്ച് കളയണമെന്ന ഘട്ടത്തിലെത്തിപ്പോൾ ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കിയാൽ കാൽ തുന്നിച്ചേർക്കാമെന്ന് ഡോക്ടർമാർ നിർദേശിച്ചു. ഇതിനുള്ള പണം നാട്ടുകാർ സഹായിച്ചെങ്കിലും ഇത് തിരിച്ചു കൊടുക്കാൻ മേരിയും കുടുംബവും സ്വീകരിച്ച മാർഗം ബാങ്കിൽ നിന്ന് പണം വയ്‌പ്പയെടുക്കുകയായിരുന്നു.

ചികിത്സയ്‌ക്കായി ചിലവായ ഒരു ലക്ഷം രൂപ തിരുവൈരാണിക്കുളം സർവീസ് സഹകരണ ബാങ്കിൽ നിന്നും വായ്പയായി എടുത്ത് സഹായിച്ച നാട്ടുകാരുടെ കടവും വീട്ടി. വാഹനം ഇടിച്ചിട്ടവർ നഷ്ടപരിഹാരം പോലും നൽകാതെ ഉന്നത സ്വാധീനത്താൽ കേസിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു. സാമ്പത്തിക പരാധീനതകൾ മൂലം ലോൺ അടവ് മുടങ്ങിയതോടെയാണ് 12 വർഷത്തിന് ശേഷം സഹകരണ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് എത്തിയത്.

പലിശയടക്കം 2,80,000 രൂപ ഈ മാസം 28നകം അടച്ചില്ലെങ്കിൽ വീട്ടിൽ നിന്ന് മേരിയും കുടുംബവും ഇറങ്ങേണ്ടി വരുമെന്നായിരുന്നു നോട്ടീസ്. ഗത്യന്തരമില്ലാത്ത നിസ്സഹായവസ്ഥയിലായ മേരിയുടെ വാർത്ത എം.എ യൂസഫലിയുടെ ശ്രദ്ധയിൽപ്പെടുകയും ഉടൻ തന്നെ ലുലു ഗ്രൂപ്പ് ബാങ്കുമായി ബന്ധപ്പെട്ട് ജപ്തി ഒഴിവാക്കാനുള്ള നടപടി സ്വീകരിച്ചു. ലുലു അധികൃതർ നടത്തിയ ചർച്ചയുടെ പുറത്ത് ബാങ്ക് തിരിച്ചടവിൽ ഇളവ് നൽകുകയും 1, 80,000 രൂപ അടയ്‌ക്കണമെന്ന് അറിയിച്ചു. തുടർന്ന് ഈ തുക സഹകരണ ബാങ്കിന് ലുലു അധികൃതർ കൈമാറുകയായിരുന്നു.

മുഴുവൻ തുകയും തിരിച്ചടച്ച് മേരിയുടെ വീടിന്റെ പ്രമാണം ലുലു ഗ്രൂപ്പ് പ്രതിനിധികളായ എൻ.ബി സ്വരാജും , വി പീതാംബരനും ചേർന്ന് കൈമാറി. യൂസഫലി സാറിനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും നേരിട്ട് കണ്ടിട്ടില്ലെന്നും എല്ലാ നന്മകളും പ്രാർത്ഥനകളും അദ്ദേഹത്തിന് ഉണ്ടാകുമെന്നും മേരി ഹൃദയസ്പർശിയായി പറഞ്ഞു. വാർത്ത കണ്ട ഉടൻ തന്നെ സഹായത്തിനായി ഇടപെട്ട എം.എ യൂസഫലിസാറിനെ മറക്കില്ലെന്നാണ് മകൻ രാജേഷിന്റേയും മറുപടി. കടബാധ്യത തീർന്നതോടെ തലചായ്‌ക്കാനാകയുള്ള കൂര തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് മേരി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by