ചെറുതുരുത്തി: യുജിസിയുടെ 6-ാം ശമ്പള പരിഷ്‌കരണത്തിലെ ആപാകതകള്‍ പരിഹരിച്ച് 2007 ജൂണ്‍ മുതലുള്ള കുടിശ്ശികയും, പെന്‍ഷന്‍ ആനുകൂല്യങ്ങളും നടപ്പിലാക്കണമെന്നാവശ്യപ്പട്ട് മാര്‍ച്ച് 5 മുതല്‍ ഫോറം ഓഫ് കലാമണ്ഡലം യൂണിവേഴ്‌സിറ്റി റിട്ട. അധ്യാപകര്‍ കലാമണ്ഡലത്തിനു മുന്‍പില്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നു.
2007- ലാണ് കലാമണ്ഡലത്തെ യുജിസി കല്‍പിതസര്‍വകലാശാലയാക്കി ഉയര്‍ത്തിയത്. ഇതു പ്രകാരം 2011 മാര്‍ച്ചില്‍ സംസ്ഥാന സര്‍ക്കാരിന്റെ 29/11 ഉത്തരവില്‍ കലാമണ്ഡലത്തിലെ അധ്യാപകരില്‍ 15 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയ മുപ്പത്തിമൂന്ന് പേരെയാണ് യുജിസിയുടെ 5-ാം ശമ്പള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.
സംസ്ഥാനത്ത് മറ്റു യൂണിവേഴ്‌സിറ്റികളിലും, കോളജുകളിലും 2010 മുതല്‍ 6 -ാം ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയപ്പോള്‍ യുജിസിയുടെ കീഴിലാക്കപ്പെട്ട കലാമണ്ഡലത്തിലെ മുപ്പത്തിമൂന്നു കലാകാരന്മാരെ 5-ാം ശമ്പള പരിഷ്‌കരണത്തിലേക്ക് താഴ്‌ത്തപ്പെടുകയാണ് ഉണ്ടായതെന്നും, ഏഴാം ശമ്പള പരിഷ്‌കരണം വന്നപ്പോഴും ഇതു തന്നെയാണ് അവസ്ഥയെന്നും ഇവര്‍ ആരോപിച്ചു.
യുജിസി പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെട്ട മുപ്പത്തിമൂന്ന് പേരില്‍ ഒന്‍പത് പേര്‍ മരണപ്പെട്ടെന്നും, ജീവിതകാലം മുഴുവന്‍ കലയ്‌ക്കും, കലാമണ്ഡലത്തിനുമായി പ്രവര്‍ത്തിച്ച തങ്ങള്‍ക്ക് ഇപ്പോള്‍ കിട്ടുന്നത് തുച്ഛമായ വരുമാനം മാത്രമാണെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും, വിവിധ വകുപ്പ് മന്ത്രിമാര്‍ക്കും ഒട്ടേറെ നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് അനിശ്ചിതകാല സമരം ആരംഭിക്കുന്നതെന്ന് ഫോറം ഭാരവാഹികളായ കലാമണ്ഡലം എസ്. ഗോപകുമാര്‍, കലാമണ്ഡലം വി.കെ. ഹൈമാവതി, കലാമണ്ഡലം പി.എന്‍. ഗിരിജ, കലാമണ്ഡലം പി.വി. ഈശ്വരനുണ്ണി, കലാമണ്ഡലം പി. കൃഷ്ണകുമാര്‍, കലാമണ്ഡലം പി. സുജാത എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക