കോഴിക്കോട്: താമരശേരിയില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ പത്താം ക്ലാസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്. ഇവരെ ജുവനൈല്‍ ജസ്റ്റിസിന് മുന്പില്‍ ഹാജരാക്കാന്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. പുറമെ കാണുന്ന പരിക്ക് ഇല്ലെങ്കിലും ആന്തരികക്ഷതമാണ് മരണ കാരണമെന്നാണ് സൂചന.
എളേറ്റിൽ എം.ജെ. ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് (15) ആണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ മരിച്ചത്. ഷഹബാസിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. അൽപ്പ സമയത്തിനകം പോസ്റ്റ് മോർട്ടം നടപടികൾ തുടങ്ങും. ഷഹബാസിനെ നഞ്ചക്ക് ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ മര്‍ദിച്ചിട്ടുണ്ടാണ് പോലീസിന്റെ നിഗമനം. ചെവിയുടേയും കണ്ണിന്റേയും ഭാഗത്തും തലയ്‌ക്കും ഷഹബാസിന് ഗുരുതര പരിക്ക് ഉണ്ടായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച ട്യൂഷന്‍ സെന്ററിലെ യാത്രയയപ്പിനിടെ ഉണ്ടായ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായി വ്യാഴാഴ്ച വൈകുന്നേരം താമരശേരി ടൗണില്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടുകയായിരുന്നു.
എംജെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കുട്ടികള്‍ ഡാന്‍സ് കളിക്കുമ്പോള്‍ താമരശേരി ഹയര്‍ സെക്കണ്ടറി റി സ്‌കൂളിലെ ഏതാനും വിദ്യാര്‍ഥികള്‍ കൂകിയതാണു പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇതിനു പകരം വീട്ടാന്‍ വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കി കൂടുതല്‍ കുട്ടികളെ വിളിച്ചു വരുത്തിയാണ് ഇരു വിഭാഗങ്ങള്‍ ഏറ്റുമുട്ടിയതെന്ന് പോലീസ് പറഞ്ഞു. അതേസമയം കൊല്ലണമെന്ന ഉദ്ദേശത്തോടെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണ് ഉണ്ടായതെന്ന് മരിച്ച ഷഹബാസിന്റെ പിതാവ് പറഞ്ഞു. ഷഹബാസിനെ സുഹൃത്താണ് വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയതെന്നു പിതാവ് പോലീസില്‍ മൊഴി നല്‍കിയിരുന്നു.
മുഹമ്മദ് ഷഹബാസിന്റെ ജീവൻ പൊലിഞ്ഞ സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി വകുപ്പ്തല അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിൽ കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതായും വിശദമായ വകുപ്പ് തല അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടറെ നിയോഗിച്ചതായും മന്ത്രി വി.ശിവൻകുട്ടി സാമൂഹികമാധ്യമത്തിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക