ന്യൂദല്‍ഹി: കേന്ദ്ര റവന്യു സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയുമായ തുഹിന്‍ കാന്ത് പാണ്ഡെയെ ഓഹരിവിപണി നിയന്ത്രണ ഏജന്‍സിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയര്‍മാനായി നിയമിച്ചു. നിലവിലെ ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിന്റെ കാലാവധി ഇന്നലെ അവസാനിച്ചു. സെബിയുടെ മേധാവിയായ ആദ്യ വനിത, ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടാതെ സ്വകാര്യ മേഖലയില്‍ നിന്ന് സെബിയുടെ മേധാവിയായ ആദ്യ വ്യക്തി എന്നീ നേട്ടങ്ങളോടെയാണ് മാധബി പുരി ബുച്ചിന്റെ മടക്കം.
മൂന്നു വര്‍ഷത്തേക്കാണ് തുഹിന്‍ കാന്ത് പാണ്ഡെയുടെനിയമനം. തിങ്കളാഴ്ച ചുമതലയേല്‍ക്കും. ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് വകുപ്പ് (ഡിപാം) സെക്രട്ടറിയായിരുന്നു. ഐക്യരാഷ്‌ട്രസഭയുടെ വ്യാവസായിക വികസന സംഘടനയുടെ (യുണിഡോ) റീജണല്‍ ഓഫീസിലും സേവനമനുഷ്ഠിച്ചു. കേന്ദ്ര സര്‍ക്കാരിലും ഒഡീഷ സംസ്ഥാന സര്‍ക്കാരിലും നിരവധി സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഹരിവിപണിയുടെ ഭാഗമായത് പാണ്ഡെയുടെ നേതൃത്വത്തിലായിരുന്നു. 1987 ബാച്ച് ഒഡീഷ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ചണ്ഡിഗഡിലെ പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം യുകെയിലെ ബര്‍മിങ്ഹാം സര്‍വകലാശാലയില്‍ നിന്ന് എംബിഎയും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക