India

ഒളിച്ചുകടത്തിയ മതപ്രീണനശ്രമം തിരിച്ചടിച്ചു; ബംഗാളിൽ വിശ്വകർമ്മപൂജയുടെ അവധിദിനം പുനസ്ഥാപിച്ചു

Published by

കൊൽക്കത്ത:  ഹിന്ദി മീഡിയം സ്കൂളുകളിൽ വിശ്വകർമ്മ പൂജയ്‌ക്ക് നൽകിവന്ന അവധി റദ്ദാക്കി ഈദിന് ഒരുദിവസത്തെ അധിക അവധി അനുവദിച്ച കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷന്റെ നടപടി ശക്തമായ സാമൂഹിക ഇടപെടൽ മൂലം സർക്കാർ ഇടപെട്ട് തിരുത്തി. അവധി റദ്ദാക്കിയതിനെപ്പറ്റി സമുദായ സംഘടനകളും ബിജെപി നേതാക്കളും ഗവർണർ ഡോ.സി.വി ആനന്ദബോസിനോട് പരാതിപ്പെട്ടു. സംഭവത്തിലെ അനൗചിത്യം അദ്ദേഹം ഉടൻ തന്നെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു.

മമത ബാനർജിയുടെ അടുത്ത സഹായിയായ ഫിർഹാദ് ഹക്കിം മുൻകൈയെടുത്താണ് സ്കൂളുകളുടെ അവധി പട്ടിക പരിഷ്കരിച്ച് വിശ്വകർമ്മ പൂജയുടെ അവധി റദ്ദാക്കുകയും ഈദ്-ഉൽ-ഫിത്തർ അവധി ഒരു ദിവസത്തിൽ നിന്ന് രണ്ടായി നീട്ടുകയും ചെയ്തതെന്ന് ആരോപണമുണ്ടായി. പ്രതിഷേധം ആളിക്കത്തിയതോടെ തീരുമാനം തിരുത്താൻ നഗരസഭ നിർബന്ധിതമാക്കുകയായിരുന്നു.

ബംഗാളിൽ ഹിന്ദുക്കൾക്ക്, പ്രത്യേകിച്ച് പ്രബല ഒ.ബി.സി വിഭാഗത്തിൽപ്പെട്ട വിശ്വകർമ്മജർക്ക് ഏറെ പ്രാധാന്യമുള്ള ആഘോഷാവസരമാണ് വിശ്വകർമ്മപൂജ. ഈദ്-ഉൽ-ഫിത്തറിനുള്ള അവധി ഒരു ദിവസത്തിൽ നിന്ന് രണ്ടായി നീട്ടി ആ വിശ്വകർമ്മപൂജയുടെ പ്രാധാന്യം ഇല്ലാതാക്കാനും മതപ്രീണനം ഒളിച്ചുകടത്താനുമുള്ള നിഗൂഢമായ നീക്കം ‘മമത ബാനർജിയുടെ ഒബിസി വിരുദ്ധ മാനസികാവസ്ഥ’ പ്രകടിപ്പിക്കുന്നുവെന്നും അവരുടെ അസ്വസ്ഥത സ്ഥിരീകരിക്കുന്നുവെന്നും ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ.എക്സ് ഹാൻഡിലിൽ കുറിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ടയുടൻ ഗവർണറുടെ നിർദേശപ്രകാരം രാജ്ഭവൻ ബന്ധപ്പെട്ടവരിൽ നിന്ന് വിവരം ശേഖരിച്ചു.

അവധിപ്പട്ടിക പരിഷ്കരിച്ച് ഫെബ്രുവരി 25 ന് മുനിസിപ്പാലിറ്റി പുറപ്പെടുവിച്ച വിജ്ഞാപനം (മെമ്മോ നമ്പർ. 026/KMC/Edn/2025) “ടൈപ്പോഗ്രാഫിക്കൽ പിശകുകളും നടപടിക്രമങ്ങളിലെ വീഴ്ചകളും” എന്ന വ്യാഖ്യാനത്തോടെയാണ് മുനിസിപ്പൽ കമ്മീഷണർ അടുത്തദിവസം റദ്ദാക്കിയത്. മമത ബാനർജിയുടെ പശ്ചിമ ബംഗാളിനെ ‘ഇസ്ലാമിക ഖിലാഫത്തി’ലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അവരുടെ മുസ്ലീം പ്രീണനം സംസ്ഥാനത്തിന്റെ സാമൂഹിക ഘടനയെ തന്നെ നശിപ്പിക്കുകയാണെന്നും അമിത് മാളവ്യ ആരോപിച്ചു.

“ഗ്രേറ്റർ കൊൽക്കത്ത മേഖലയിൽ പോലും വരുതിയിലുണ്ടായിരുന്ന മുസ്ലീം വോട്ട് ബാങ്ക് വഴുതിപ്പോകുകയാണെന്ന് മമത ബാനർജിക്കറിയാം. മുസ്ലീങ്ങൾക്ക് അനന്തമായ അവധിദിനങ്ങൾ ആവശ്യമില്ല എന്നതാണ് അവർക്ക് മനസ്സിലാകാത്തത് – അവർക്ക് വിദ്യാഭ്യാസവും തൊഴിലുമാണ് ആവശ്യം. അധിക അവധിയിലൂടെ ബംഗാളിൽ മുസ്ലീങ്ങളായ സാധാരണ തൊഴിലാളികളുടെ ദൈനംദിന വേതനം നഷ്ടപ്പെടുന്നു. ഒപ്പം ഹിന്ദുക്കളെ അവരുടെ ശരിയായ ആചാരങ്ങളിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നു” – അമിത് മാളവ്യ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക