India

കങ്കണ റണാവത്തും ജാവേദ് അക്തറും നിയമയുദ്ധം അവസാനിക്കുന്നു

Published by

മുംബൈ: നടിയും എംപിയുമായ കങ്കണ റണാവത്തും കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറും തമ്മിലുള്ള നിയമയുദ്ധം അവസാനിക്കുന്നു. ജാവേദ് അക്തര്‍ നല്കിയ മാനനഷ്ടക്കേസില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി തുടരുന്ന നിയമപോരാട്ടമാണ് രമ്യമായി പരിഹരിച്ചിരിക്കുന്നത്. കങ്കണ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കുവച്ചത്. ജാവേദ് അക്തറിനൊപ്പമുള്ള ചിത്രവും നടി പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘ജാവേദ്ജിയും ഞാനും തമ്മിലുണ്ടായിരുന്ന നിയമപോരാട്ടം മധ്യസ്ഥചര്‍ച്ചകളിലൂടെ അവസാനിപ്പിച്ചു. ചര്‍ച്ചകളിലെല്ലാം അദ്ദേഹം വളരെ ദയാലുവായാണ് പെരുമാറിയത്. ഞാന്‍ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയില്‍ പാട്ടുകള്‍ എഴുതാമെന്നും അദ്ദേഹം സമ്മതിച്ചു’, കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ദേശീയ ടെലിവിഷന്‍ ചാനലുകള്‍ക്കനുവദിച്ച അഭിമുഖത്തില്‍, ബോളിവുഡില്‍ പലരെയും ആത്മഹത്യയിലേക്കു നയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്തര്‍ എന്നായിരുന്നു കങ്കണയുടെ പരാമര്‍ശം. പരാമര്‍ശങ്ങള്‍ തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നവയാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജാവേദ് അക്തര്‍ പരാതി നല്കി.
നടന്‍ ഹൃത്വിക് റോഷനോട് മാപ്പ് പറയാന്‍ ജാവേദ് അക്തര്‍ ആവശ്യപ്പെട്ടുവെന്നും കങ്കണ ആരോപിച്ചിരുന്നു. ആരോപണങ്ങളെല്ലാം നിഷേധിച്ച ജാവേദ് അക്തര്‍ കങ്കണക്കെതിരെ നിയമനടപടി സ്വീകരിക്കുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by