ന്യൂദല്‍ഹി: ഭാരത-ചൈന ഇലക്‌ട്രോണിക്‌സ് കയറ്റുമതി രംഗത്ത് നിര്‍ണായക ട്വിസ്റ്റ്. ഇത്രയും കാലം ചൈനയില്‍ നിന്ന് ഭാരതത്തിലേക്ക് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുകയായിരുന്നു. എന്നാല്‍ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയിലുടെ കുതിപ്പിന്റെ ഭാഗമായി ഇതാദ്യമായി ഇലക്‌ട്രോണിക്‌സ് രംഗത്ത് ഭാരതത്തില്‍ നിന്ന് ചൈനയിലേക്ക് കയറ്റുമതി. ചൈനയില്‍ നിര്‍മിക്കുന്ന ആപ്പിള്‍ ഫോണുകളില്‍ ഉപയോഗിക്കാനുള്ള ഘടകങ്ങള്‍ വഹിക്കുന്ന കതപ്പല്‍ ചൈനയിലേക്ക് പുറപ്പെട്ടു.
ചൈനയെ മാത്രം ആശ്രയിക്കാതെ മറ്റ് രാജ്യങ്ങളെക്കൂടി വിതരണ-നിര്‍മാണ ശൃംഖലയുടെ ഭാഗമാക്കാനുള്ള ആപ്പിളിന്റെ തീരുമാനം വിജയകരമായി വിനിയോഗിച്ചതാണ് ഭാരതത്തിന് ഗുണമായി മാറിയത്. ആപ്പിള്‍ മാക്ബുക്ക്, എയര്‍പോഡ്, ആപ്പിള്‍ വാച്ച്, ഐഫോണ്‍ തുടങ്ങിയ ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ഘടകങ്ങളാണ് ചൈനയിലേക്ക് കയറ്റുമതി ചെയ്തത്.
ഭാരതത്തിലെ ഇലക്ട്രോണിക്‌സ് മേഖല ചൈനയെ ആശ്രയിച്ചിരുന്നു. ചൈനയില്‍നിന്ന് ഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് ഭാരതത്തില്‍ കൂട്ടിയോജിപ്പിക്കുന്ന രീതിയായിരുന്നു ഇത്രയും കാലം. ആപ്പിളിന് ആവശ്യമായ ഘടകങ്ങള്‍ ഭാരതത്തില്‍ ഇപ്പോള്‍ നിര്‍മിക്കുന്നുണ്ട്. 2030 ആവുമ്പോഴേക്കും 3500 മുതല്‍ 4000 കോടി ഡോളറിന്റെ ഇലക്ട്രോണിക് ഉത്പന്ന കയറ്റുമതി നടക്കുമെന്നാണ് കണക്കുകള്‍.
ഇലക്ട്രോണിക് ഉത്പന്ന നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിന് 300 കോടി ഡോളറിന്റെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. ആപ്പിള്‍ കമ്പനിയുടെ പ്രധാന നിര്‍മാണകേന്ദ്രമായി ഭാരതം മാറിയത് ഈ പദ്ധതിയിലൂടെയാണ്. കേന്ദ്രസര്‍ക്കാരിന്റെ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ മേഖലകളിലൊന്നായി ഇലക്‌ട്രോണിക്‌സ് മേഖല മാറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക