Kerala

ഹാരിസണും എല്‍സ്റ്റോണും കൈവശപ്പെടുത്തിയത് സര്‍ക്കാര്‍ ഭൂമിയെന്ന് രാജമാണിക്യം റിപ്പോര്‍ട്ട്

Published by

പത്തനംതിട്ട: ദുരന്തബാധിതര്‍ക്ക് ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാന്‍ എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ ഹാരിസണും , എല്‍സ്റ്റോണും കൈവശം വച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമി. അനധികൃതമായി ഇവര്‍ കൈവശം വച്ചരിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതിന് എതിരെയാണ് ഇവര്‍ ഹര്‍ജി നല്‍കിയത് എന്നതാണ് ഗൗരവകരം.

രാജമാണിക്യം റിപ്പോര്‍ട്ട് പ്രകാരം ഇവര്‍ സര്‍ക്കാര്‍ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുകയാണ്. ബ്രിട്ടീഷ് കമ്പനിക്ക് പാട്ടത്തിന് നല്‍കിയ ഭൂമി 1947-ഓടെ സര്‍ക്കാറിന് സ്വന്തമായി. എന്നാല്‍ ഭൂപരിഷ്‌കരണം നടപ്പാക്കിയപ്പോള്‍ ലാന്‍ഡ് ബോര്‍ഡില്‍ തെറ്റായ രേഖകള്‍ ഹാജരാക്കിയാണ് ഇപ്പോഴത്തെ ഉടമസ്ഥര്‍ ഭൂമി സ്വന്തമാക്കിയതെന്നു രാജമാണിക്യത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയായിരുന്ന പി. മേരിക്കുട്ടി താലൂക്ക് ലാന്‍ഡ് ബോര്‍ഡുകള്‍ നല്‍കിയ ഇളവ് സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. താലൂക്ക് ലാന്‍ഡ് ബോര്‍ഡുകള്‍ ഭൂപരിഷ്‌കരണ നിയമം നടപ്പാക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

വയനാട്ടിലെ ആയിരക്കണക്കിന് ഏക്കര്‍ തോട്ടഭൂമി തരം മാറ്റി മുറിച്ച് വില്‍ക്കുന്നതിന് താലൂക്ക് ലാന്‍ഡ് ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ സാക്ഷിയാണ്. വയനാട്ടില്‍ സര്‍ക്കാര്‍ ഭൂമി നിയമവിരുദ്ധമായി മുറിച്ച് വിറ്റ് കോടികള്‍ സമ്പാദിച്ചവരാണ് പാവങ്ങളുടെ പുനരുധിവാസത്തിന് ഇപ്പോള്‍ തടയിടുന്നത്. ഭൂമി തരം മാറ്റം നടത്തുന്നത് സംബന്ധിച്ച് ലഭിക്കുന്ന പരാതികളില്‍ 1963 പരിഷ്‌കരണ നിയമത്തിലെ വകുപ്പ് 87 (1) പ്രകാരം മിച്ചഭൂമി കേസ് ആരംഭിക്കാന്‍ മന്ത്രി കെ. രാജന്‍ നിര്‍ദേശച്ചിരുന്നു. ഇതുപ്രകാരം റവന്യൂ വകുപ്പ് ഉത്തരവിറക്കി. എന്നാല്‍ ഈ എസ്റ്റേറ്റുകള്‍ക്കെതിരെ ഇതുവരെ ലാന്‍ഡ് ബോര്‍ഡ് നടപടി സ്വീകരിച്ചിട്ടില്ല. കൈയേറിയ ഭൂമിക്കുമേല്‍ സര്‍ക്കാര്‍ ഉടമസ്ഥത സ്ഥാപിക്കാന്‍ വയനാട് കളക്ടര്‍ ഡി.ആര്‍. മേഘശ്രീ സുല്‍ത്താന്‍ബത്തേരി കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തതോടെയാണ് വയനാട്ടിലെ തോട്ടഭൂമിയെ സംബന്ധിച്ച് അന്വേഷണം നടത്താന്‍ റവന്യൂ വകുപ്പ് തയാറായത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക