Kerala

കഫ് സിറപ്പിന്റെ സാന്നിധ്യം രണ്ട് ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

Published by

പാലക്കാട്: കള്ളില്‍ കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയ ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ഇന്നലെയാണ് ചിറ്റൂര്‍ എക്സൈസ് റേഞ്ചിന് കീഴിലെ രണ്ട് കള്ളുഷാപ്പുകളുടെ ലൈസന്‍സ് റദ്ദാക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ എസ്. കൃഷ്ണകുമാര്‍ ഉത്തരവിറക്കിയത്.

സിപിഎം നേതാക്കളുടെ നിയന്ത്രണത്തിലുള്ള രണ്ട് കള്ളുഷാപ്പുകളിലെ കള്ളിലാണ് കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയത്. കാക്കനാട് ലാബില്‍ നടത്തിയ പരിശോധനയില്‍ കഫ് സിറപ്പില്‍ ഉള്‍പ്പെടുത്തുന്ന ബനാട്രില്‍ എന്ന രാസപദാര്‍ത്ഥത്തിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. പരിശോധനാഫലം വന്ന് ദിവസങ്ങള്‍ പിന്നിട്ടും കള്ളുഷാപ്പുകള്‍ അടച്ചിരുന്നില്ല.

2024 സെപ്തംബറിലാണ് ചിറ്റൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ കീഴിലെ ഗ്രൂപ്പ് നമ്പര്‍ ഒമ്പതിലെ ടിഎസ് നമ്പര്‍ 36 വണ്ണാമട, 59 കുറ്റിപ്പള്ളം എന്നീ ഷാപ്പുകളില്‍ നിന്നുള്ള കള്ള് പരിശോധനക്കയച്ചത്. ഓണത്തോടനുബന്ധിച്ച് പ്രത്യേക പരിശോധനയുടെ ഭാഗമായാണ് ചിറ്റൂര്‍ റേഞ്ചിന് കീഴിലെ കള്ളുഷാപ്പുകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്‌ക്ക് അയച്ചത്. ബനാട്രില്‍ എന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ കുറ്റിപ്പള്ളം ടിഎസ് 59 കുറ്റിപ്പള്ളം ഷാപ്പിലെ വില്പനക്കാരനായ ചിറ്റൂര്‍ വലിയവെള്ളമ്പതി രാജു, ലൈസന്‍സി തത്തമംഗലം ആറാംപാടം ചേരിങ്കല്‍ വീട്ടില്‍ ശിവരാജന്‍ എന്നിവരെ ഒന്നും രണ്ടും പ്രതികളായും, ടിഎസ് നമ്പര്‍ 36 വണ്ണാമട ഷാപ്പിലെ വില്‍പ്പനക്കാരന്‍ എരുത്തേമ്പതി സ്വദേശി വിനോദ്, ലൈസന്‍സി ശിവരാജന്‍ എന്നിവരെ ഒന്നും രണ്ടും പ്രതികളായും അബ്കാരി ആക്ട് പ്രകാരം എക്സൈസ് കേസടുത്തിട്ടുണ്ട്. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ശിവരാജനാണ് രണ്ടു കള്ളുഷാപ്പുകളുടെയും ലൈസന്‍സി. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ ഉത്തരവ് കൈപ്പറ്റി ഏഴ് ദിവസത്തിനകം സമര്‍പ്പിക്കേണ്ടതാണെന്നും, അല്ലാത്തപക്ഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by