ചെന്നൈ: മനുഷ്യാവകാശ സംഘടനയെന്ന് അവകാശപ്പടുന്ന, എന്‍സിഎച്ച്ഡിആറിന്റെ ഭീകരബന്ധം പുറത്ത്. 51 പേരുടെ ജീവനെടുത്ത, മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ. അദ്വാനിയെ വധിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ, കോയമ്പത്തൂര്‍ സ്‌ഫോടന കേസിലെ ഒന്നാം പ്രതി അല്‍ഉമ ഭീകരന്‍ ബാഷയുടെ വീട് എന്‍സിഎച്ച്ഡിആര്‍ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. മുന്‍ മാവോയിസ്റ്റും സംഘടനയുടെ പ്രസിഡന്റുമായ വിളയോടി ശിവന്‍കുട്ടിയുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.
കഴിഞ്ഞ മാസം മരണമടഞ്ഞ ബാഷയുടെ മക്കളെ ആശ്വസിപ്പിക്കാനാണ് സന്ദര്‍ശനമെന്ന് ഫെയ്‌സ്ബുക്കില്‍ പറയുന്നു. ബാഷയുടെ മകനെ എന്‍സിഎച്ച്ഡിആര്‍ അംഗങ്ങള്‍ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.
മനുഷ്യവകാശ സംഘടനയെന്ന പേരില്‍ പാലക്കാട് നിന്നും ആരംഭിച്ചതാണ് എന്‍സിഎച്ച്ഡിആര്‍. നിരോധിത സംഘടനകളായ പിഎഫ്‌ഐയുടെയും സിമിയുടെയും നേതാക്കളാണ് ഇതിന്റെ നേതൃസ്ഥാനത്ത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ ഉപ സംഘടനയായിരുന്ന നിരോധിക്കപ്പെട്ട ഐഎന്‍സിഎച്ച്ആര്‍ഒ ആണ് രൂപം മാറി എന്‍സിഎച്ച്ഡിആര്‍ ആയതെന്ന റിപ്പോര്‍ട്ട് ശരിവയ്‌ക്കുന്നതാണ് ബാഷയുടെ വീട് സന്ദര്‍ശനം.
ഫെബ്രുവരി 16ന് കോഴിക്കോട് നടത്താനിരുന്ന എന്‍സിഎച്ച്ഡിആര്‍ പ്രഖാപന സമ്മേളനം മാറ്റിവച്ചിരുന്നു. ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് സമ്മേളനം നടത്തുമെന്നാണ് ശിവന്‍കുട്ടി പറഞ്ഞത്. പരിപാടി തടയണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കിയിരുന്നു. സംഘടനയുടെ പ്രവര്‍ത്തനം കേന്ദ്രഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക