Editorial

ഉത്തര്‍പ്രദേശിന്റെ മാതൃക കേരളവും സ്വീകരിക്കണം

Published by

റുപതുകോടിയിലേറെ വിശ്വാസികള്‍ ഒത്തുചേര്‍ന്ന മഹാകുംഭമേള അവസാനിച്ചപ്പോള്‍ രാജ്യം അഭിമാനിക്കുന്നത് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ പേരിലും കൂടിയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒത്തുചേരലാണ് മഹാകുംഭമേള. ഇത്രയധികം ജനങ്ങള്‍ ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലേക്ക് എത്തിച്ചേര്‍ന്നിട്ടും പറയത്തക്ക അനിഷ്ടങ്ങളോ പാളിച്ചകളോ ഇല്ലാതെ മഹാകുംഭമേള കൊടിയിറങ്ങി. ആക്ഷേപിക്കാന്‍ കരുതിക്കൂട്ടിയിരുന്നവര്‍ക്ക് ഇളിഭ്യരാകേണ്ടിയും വന്നു. അസത്യപ്രചാരണം നടത്തിയവര്‍ക്കു മുന്നില്‍ പ്രയാഗ്രാജ് വലിയ ഉത്തരങ്ങള്‍ നല്‍കുന്നു.

രാജ്യത്തിനകത്തുനിന്നുമാത്രമല്ല കുംഭമേളയിലെ അമൃതസ്നാനത്തിന് വിശ്വാസികളെത്തിയത്. വിദേശ രാജ്യങ്ങളില്‍ നിന്നും നിരവധി പേരെത്തി. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ഭക്തര്‍ പ്രയാഗ്രാജിലേക്കൊഴുകിയെത്തിയിട്ടും ആര്‍ക്കും ഒന്നിനും ഒരുതടസ്സവും നേരിട്ടില്ല. ത്രിവേണി സംഗമത്തിലെ തെളിഞ്ഞ തീര്‍ത്ഥത്തില്‍ മുങ്ങിനിവരാന്‍ എല്ലാവര്‍ക്കുമായി. ഇത്തരത്തില്‍ സൗകര്യങ്ങളൊരുക്കാന്‍ നേതൃത്വം നല്‍കിയത് സര്‍ക്കാര്‍ സംവിധാനങ്ങളാണെങ്കിലും അതിനുവേണ്ടി അധ്വാനിച്ച മനുഷ്യശക്തിയുടെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തെ മാനിക്കാതിരിക്കാന്‍ ആര്‍ക്കുമാകില്ല. മഹാകുംഭമേളയില്‍ രണ്ടു മാസത്തോളം രാപ്പകല്‍ സേവനമനുഷ്ഠിച്ച പ്രയാഗ്രാജിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചുകൊണ്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്ല മാതൃകയായിരിക്കുന്നു.

എല്ലാ ശുചീകരണ തൊഴിലാളികള്‍ക്കും 10,000രൂപ ബോണസ് പ്രഖ്യാപിച്ചു. ഇതോടൊപ്പം ആയുഷ്മാന്‍ ഭാരത് വഴി സൗജന്യ ചികിത്സയും പ്രതിമാസ ശമ്പളത്തില്‍ വലിയ വര്‍ദ്ധനയും വരുത്തി. നേരത്തേ 8000 മുതല്‍ 11,000 രൂപ വരെയായിരുന്ന ശമ്പളം 16,000 രൂപയാക്കി ഉയര്‍ത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. യോഗിയുടെ നേതൃത്വത്തില്‍ ത്രിവേണീസംഗമ പരിസരത്തു ചേര്‍ന്ന ഉത്തര്‍പ്രദേശ് മന്ത്രിസഭായോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. മഹാകുംഭമേളയില്‍ ഏറ്റവും വലിയ ഏകോപിത ശുചിത്വ പരിപാടി നടത്തിയതിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഗിന്നസ് ലോക റിക്കാര്‍ഡ് നേടിയതിനു പിന്നാലെ വന്ന പ്രഖ്യാപനം രാജ്യം കയ്യടികളോടെയാണ് സ്വീകരിച്ചത്.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ മഹനീയ മാതൃക എല്ലാവരും വാഴ്‌ത്തുമ്പോഴാണ് എല്ലാത്തിലും ഒന്നാം സ്ഥാനത്താണെന്ന് വീമ്പുപറയുന്ന കേരളം തുച്ഛമായ വരുമാനത്തിന് പണിയെടുക്കുന്ന ആശാപ്രവര്‍ത്തകരോടുള്ള ക്രൂരത തുടര്‍ന്നുകൊണ്ടിരിക്കുന്നത്. അക്കാര്യം ഇവിടെ ഓര്‍മ്മിപ്പിക്കാതിരിക്കാനാകുന്നില്ല. സംസ്‌കാരത്തിലും വിദ്യാഭ്യാസത്തിലുമെല്ലാം കേരളം നമ്പര്‍ വണ്ണാണെന്ന് പ്രചരിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും യുപി സര്‍ക്കാരിന്റെ മാതൃക പിന്തുടരുകയാണ് വേണ്ടത്. കൊവിഡ് കാലത്തും അതിനു ശേഷവും കേരളത്തെ രോഗക്കിടക്കയില്‍ അടിപ്പെട്ടുപോകാതെ കാത്തുരക്ഷിച്ച സമൂഹമാണ് ആശാപ്രവര്‍ത്തകര്‍. കിടപ്പുരോഗികള്‍ക്കും ആശയില്ലാതെ, തുണയില്ലാതെ ഒറ്റപ്പെട്ടു ജീവിക്കുന്നവര്‍ക്കുമെല്ലാം കൈത്താങ്ങായി കൂടെ നില്‍ക്കുന്നവര്‍. തങ്ങള്‍ക്കു ലഭിക്കുന്ന തുച്ഛമായ വരുമാനത്തില്‍ വര്‍ദ്ധന വരുത്തണമെന്ന ന്യായമായ ആവശ്യത്തെ കണ്ടില്ലെന്നു നടിക്കുകയും, സമരത്തെ ആക്ഷേപിച്ചില്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പിണറായി സര്‍ക്കാരിന് ഇനി ഒന്നാം നമ്പര്‍ കേരളമാണെന്ന വാഴ്‌ത്തുപാട്ടിന് അര്‍ഹതയില്ല. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശുചീകരണ തൊഴിലാളികളോട് കാട്ടിയ സമീപനം തൊഴിലാളികള്‍ ആവശ്യപ്പെടാതെയാണ്. അറിഞ്ഞു ചെയ്യാനായില്ലെങ്കിലും യുപിയെ മാതൃകയാക്കി കേരളത്തിലെ ആശാ പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകുകയാണ് പിണറായി വിജയന്‍ ചെയ്യേണ്ടത്. സെക്രട്ടേറിയറ്റിനു മുന്നില്‍ പൊരിവെയിലില്‍ സമരം ചെയ്യുന്ന പാവം സ്ത്രീകളോട് ഇറ്റു കരുണ കാട്ടിയാല്‍ തകര്‍ന്നു വീഴുന്നതൊന്നുമില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക