ഹൃദയം നിറച്ച മഹാശിവരാത്രി!
ഏറെ നാളുകൾക്ക് മുൻപ് പ്രിയ സ്നേഹിതൻ രാമാനന്ദിന്റെ ഒരു കോൾ: “ഫെബ്രുവരി 26 ബ്ലോക്ക് ചെയ്തോളൂ, Waves of Bliss എന്നൊരു പരിപാടിയുണ്ട്, അന്നേ ദിവസം വേറൊരു പരിപാടിയും ഏൽക്കരുത്.” ശിവരാത്രി ദിനം ആയതിനാൽ, ‘Bliss of Siva’ സംഘടിപ്പിച്ച രാമൻ അതുപോലെ മറ്റൊരു പരിപാടി സംഘടിപ്പിക്കുന്നതാവും എന്നാണ് അപ്പോൾ കരുതിയത്. തുടർന്നുള്ള ദിവസങ്ങളിൽ പരിപാടിയുടെ ചിത്രം കൂടുതൽ തെളിഞ്ഞുവന്നു.
ശങ്കരാചാര്യരുടെ പരമശ്രദ്ധേയ കാവ്യമായ സൗന്ദര്യലഹരിക്കുള്ള ഒരു സമർപ്പണമാണ് ഇക്കുറി. അപ്പോഴും കൗതുകം എങ്ങനെയാവും ഈ പരിപാടി സംഘടിപ്പിക്കപ്പെടുക എന്നതിൽ ആയിരുന്നു. സൗന്ദര്യലഹരിയെ ആസ്പദമാക്കി മനുഷ്യനും ശിലയും ചിത്രവും ചേർന്ന ചരാചരങ്ങളുടെ ഒരു മുഴുവൻ ദിവസ പരിപാടി. വിവിധ സെഷനുകൾ. ഒരേ കൃതിയെക്കുറിച്ചാണ് പറയുന്നതെങ്കിലും ആവർത്തന വിരസത ഉണ്ടാകാത്ത രീതിയിലുള്ള അവതരണമൊക്കെ വേണമല്ലോ.
വേദിയായ കലൂർ ഗോകുലം കൺവൻഷൻ സെന്ററിൽ എത്തിയവരെ സ്വീകരിച്ചത്, സൗന്ദര്യലഹരിയിലെ 100 ശ്ലോകങ്ങൾ അടിസ്ഥാനമാക്കിയ 100 കരിങ്കൽ ശില്പങ്ങളുടെ ശില്പലഹരി. രാവിലെ മുതൽ രാത്രിവരെ നീണ്ട കാര്യപരിപാടികൾ. ശ്രീചക്ര നവാവരണ പൂജയുടെ ആനന്ദലഹരി. ആസ്വാദനവും പഠനവും കലർന്ന ചർച്ചയുടെ ജ്ഞാനലഹരി. നർമ്മം തുളുമ്പിയ ചാക്യാർകൂത്തിന്റെ ഹാസ്യലഹരി. മൂലകൃതിയുടെ വ്യാഖ്യാനത്തിന്റെ പ്രജ്ഞാലഹരി. ദേവീചിത്രം മിഴിതുറന്ന സാക്ഷാൽ സൗന്ദര്യലഹരി. നവരസങ്ങൾ നിറഞ്ഞൊഴുകിയ നാട്യലഹരി. ഒടുവിൽ സംഗീതസാന്ദ്രമായ നാദലഹരി. അങ്ങനെ വിവിധ സെഷനുകൾ.
32 വയസ്സുവരെ മാത്രം ഈ ലോകത്ത് ജീവിച്ച ശങ്കരന്റെ സൗന്ദര്യലഹരി യുവാക്കൾക്കുള്ളതു തന്നെയെന്നാണ് ജ്ഞാനലഹരിയിൽ ഞാൻ പറഞ്ഞത്. ഇന്നത്തെ യുവത്വത്തെ കാർന്നുതിന്നുന്ന രാസലഹരിക്കുള്ള മറുമരുന്ന്. ഭൗതികതയും ആത്മീയതയും, സ്ത്രീയും പുരുഷനും, മനുഷ്യനും ദൈവവും, പുരുഷനും പ്രകൃതിയും, വ്യക്തതയും അവ്യക്തതയും, കാഠിന്യവും ലാളിത്യവും എങ്ങനെയാണ് സൗന്ദര്യലഹരിയിൽ പരസ്പര പൂരകങ്ങൾ ആകുന്നതെന്ന് സംസാരിച്ചു. ഓരോന്നിന്നും പ്രത്യേകമായ നിലനില്പ് ഉണ്ടാകുമ്പോഴും അവ ചേരുമ്പോൾ ഉണ്ടാകുന്ന ഏകത്വമെന്ന പൂർണതയാണ് അദ്വൈതമെന്നും പറഞ്ഞുവച്ചു.
അഴക്, അർത്ഥം, അദ്വൈതം, ഭരണം, നേതൃത്വം, രാഷ്‌ട്രീയം എന്നിങ്ങനെ സൗന്ദര്യലഹരിയുടെ വിവിധ തലങ്ങൾ ഈ സെഷനിൽ ചർച്ച ചെയ്യപ്പെട്ടു. ഒപ്പം അഖില ശശിധരൻ, സരിത അയ്യർ, ലക്ഷ്മി ശങ്കർ, ശങ്കു ടി ദാസ് എന്നിവരും രാമനും. വിവിധ സെഷനുകളിൽ മോഹൻലാൽ, വൈക്കം വിശ്വനാഥൻ, എടനാട് രാജൻ നമ്പ്യാർ, മേതിൽ ദേവിക, സ്വാമി നരസിംഹാനന്ദ തുടങ്ങിയവർ.
ആദരണീയനായ വൈക്കം വിശ്വേട്ടന്റെ മേൽനോട്ടത്തിൽ ഏകഭൂമി ചാൾസ് എല്ലിക്, മിഥുൻ ബാബു എന്നീ അനുഗ്രഹീത ചിത്രകാരന്മാരുടെ മൂകാംബിക ഏകാദശി ദേവി പദ്ധതിയിലെ ആദ്യചിത്രത്തിന്റെ നേത്രോന്മീലന കർമ്മം പ്രിയപ്പെട്ട ലാലേട്ടൻ നിർവഹിച്ചു. തുടർന്ന് നൃത്തവും സംഗീതവുമായി രാത്രി വൈകുവോളം കലാലഹരി. രാത്രി പന്ത്രണ്ടു മണിയോടടുത്ത് അവസാന പരിപാടി കഴിഞ്ഞിട്ടും രാവിലത്തെ അതേ ഊർജ്ജവുമായി രാമനും ശ്രീനാഥ്ജിയും മറ്റ് സംഘാടകരും വേദിയിലും, ക്ഷണിതാക്കൾ സദസ്സിലും. ജയസൂര്യ, സരിത ജയസൂര്യ, ഗായത്രി അരുൺ, കൈലാസ് മേനോൻ, അന്നപൂർണ ലേഖ പിള്ള, രചന നാരായണൻ കുട്ടി, ശങ്കർ ഇന്ദുചൂഡൻ, ലക്ഷ്മിപ്രിയ, ഊർമിള ഉണ്ണി, ശരത് എടത്തിൽ തുടങ്ങി നിരവധി പ്രിയപ്പെട്ടവർ വേദിയും സദസ്സും ധന്യമാക്കി.
പരിപാടിയിൽ പങ്കെടുക്കാനെത്തിയ യുവാക്കളും കൗമാരക്കാരുമാണ് എന്നെ ഏറെ ആകർഷിച്ചത്. ഈ ധർമ്മം സനാതനമായി ഒഴുകുന്നതിന്റെ അലകളാകാൻ കൊതിച്ച് ഇന്നാട്ടിൽ നിന്നും മറുനാട്ടിൽ നിന്നും എത്തിച്ചേർന്നവർ.
ഒരു ഹൈന്ദവ ഗ്രന്ഥം എങ്ങനെ ഒരു ഉത്സവമായി മാറുന്നു എന്നാണ് Waves of Bliss കാണിച്ചു തന്നത്. ഇതൊരു മികച്ച മാതൃകയാണ്. വിശേഷദിവസങ്ങൾ ആഘോഷിക്കാൻ പ്രാർത്ഥനയോടൊപ്പം ജ്ഞാനമാർഗത്തിനും സുകുമാരകലകൾക്കും സവിശേഷ സ്ഥാനമുണ്ടെന്ന് തെളിയിച്ച നിർവഹണലഹരിക്ക് നൂറിൽ നൂറു മാർക്ക്.
നൂറ്റാണ്ടുകൾക്കു മുൻപ് രചിക്കപ്പെട്ട ഒരു കാവ്യം അർത്ഥഭംഗിയും ആശയവ്യക്തതയും തെല്ലും ചോരാതെ ആധുനികകാല പ്രശ്നങ്ങൾക്കും പരിഹാരസൂചകമായി ഇന്നും ഒഴുകുന്നു എന്നതിലും മികച്ചതായി എന്ത് പരമാനന്ദലഹരിയാണ് ഇനി വേറെ വേണ്ടത്!
ശ്രീജിത്ത് പണിക്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: