മുംബൈ: ചിക്നി ചമേലി എന്ന വാക്കിന് മുംബൈയിലെ നാടന്‍ ഭാഷയില്‍ സെക്സിയായ സുന്ദരിപെണ്‍കുട്ടി എന്നാണ് അര്‍ത്ഥം. അഗ്നീപഥ് എന്ന സിനിമയിലെ അമിതാഭ് ഭട്ടാചാര്യ രചിച്ച വരികള്‍ സഭ്യതയുടെ അതിര്‍വരമ്പ് ലംഘിക്കുന്നവയാണ്. എന്റെ മെലിഞ്ഞ അരക്കെട്ട് ഒന്നിളക്കിയാല്‍ ദശലക്ഷങ്ങളെ കൊല്ലും (Kamsin kamariya saali, Ek thumke se lakk mare) എന്നാണ് ഇതിലെ ഒരു വരി. ഇതുപോലെ സെക്സി ഡാന്‍സുമായി വരുന്ന ബാര്‍ ഡാന്‍സിലെ പെണ്‍കുട്ടിയുടെ നൃത്തം അങ്ങിനെ അല്ലെങ്കിലേ അത്ഭുതമുള്ളൂ. ഇപ്പോള്‍ ഇതുപോലെ ചെറുപ്പക്കാരെ വഴിതെറ്റിക്കുന്ന ഗാനങ്ങള്‍ പാടിയതില്‍ ലജ്ജ തോന്നുന്നുവെന്നാണ് കഴിഞ്ഞ ദിവസം ശ്രേയ ഘോഷാല്‍ എന്ന ഗായിക പറഞ്ഞത്.
ചിക്നി ചമേലിയില്‍ നിറയെ ദ്വയാര്‍ത്ഥ പ്രയോഗങ്ങളാണ്. കാട്ടില്‍ വിശക്കുന്ന സിംഹക്കുട്ടികളുമായി ഞാന്‍ കളിക്കും, അവിടെ എന്റെ നനുത്ത കൈകളാല്‍ തീഗോളങ്ങള്‍ ഞാന്‍ തലോടും (Jungle mein aaj mangal karungi, Bhooke sheron se khelungi main) എന്നെല്ലാം ഗാനരചയിതാണ് എഴുതിയിരിക്കുന്നു. അജയ് അതുലിന്റെ സംഗീതമാകട്ടെ എല്ലാ വികാരങ്ങളെയും പുറത്തുകൊണ്ടുവരികയും ചെയ്യുന്നു.
ചെറിയ കുട്ടികള്‍ പോലും അര്‍ഥമറിയാതെ ഈ പാട്ടുകള്‍ പാടുന്നത് കണ്ടതാണ് ഗായികയ്‌ക്ക് പുതിയ ബോധോദയം ഉണ്ടാക്കിയത്. ലില്ലി സിങ്ങുമായുള്ള അഭിമുഖത്തിലാണ് ശ്രേയ ഘോഷാല്‍ ഇക്കാര്യം പറഞ്ഞത്.
‘കുട്ടികൾ എന്റെ അത്തരം പാട്ടുകള്‍ക്ക് നൃത്തംചെയ്യുന്നു. നിങ്ങളുടെ പാട്ട് ഏറെ ഇഷ്ടപ്പെടുന്നുവെന്ന് എന്നോട് പറയുന്നു. അത് നിങ്ങള്‍ക്ക് വേണ്ടി പാടിത്തരട്ടേയെന്ന് ചോദിക്കുന്നു. ഇതെല്ലാം കേള്‍ക്കുമ്പോള്‍ എനിക്ക് വളരെ ലജ്ജ തോന്നാറുണ്ട്. അഞ്ചോ ആറോ വയസ്സുള്ള കുട്ടി ആ വരികള്‍ പാടുന്നത് അത്ര നല്ലതായി തോന്നുന്നില്ല,’ ശ്രേയ ഘോഷാല്‍ പറഞ്ഞു.
അതേസമയം, ഒരു സ്ത്രീയാണ് ഈ വരികള്‍ എഴുതിയിരുന്നതെങ്കില്‍ അത് കൂടുതല്‍ മനോഹരമായിരുന്നേനെയെന്നും ഗായിക പറഞ്ഞു. ‘ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നത് തെറ്റല്ല. പക്ഷേ അത് എഴുതിയ രീതിയാണ് പ്രധാനം. ഇതെല്ലാം കാഴ്ചപ്പാടിന്റെ വിഷയമാണ്. സിനിമകളും സംഗീതവും മനുഷ്യരില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഏതെങ്കിലും ബ്ലോക്ക്ബ്ലസ്റ്റര്‍ പാട്ടോ സിനിമയോ ചരിത്രത്തിന്റെ ഭാഗമാകും. എന്നാല്‍, തനിക്ക് അത്തരം ചരിത്രത്തിന്റെ ഭാഗമാകാന്‍ താല്പര്യമില്ല’, ശ്രേയ ഘോഷാല്‍ പറഞ്ഞു.
എന്നാല്‍ ഈ പ്രസ്താവനയ്‌ക്ക് ശേഷം ശ്രേയ ഘോഷാലിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയുരന്നു. ഈയിടെ ഒരു സ്റ്റേജ് പരിപാടിയില്‍ ശ്രേയ ഘോഷാല്‍ ‘ചിക്‌നി ചമേലി’ എന്ന ഗാനം ആസ്വദിച്ച് പാടിയതാണെന്നും ഇത് ഹിപ്പോക്രസിയാണെന്നുമാണ് ചിലരുടെ വാദം. അടുത്തിടെ യു.എസില്‍ നടന്ന പരിപാടിയില്‍പോലും ശ്രേയ ഘോഷാല്‍ ഇതേ ഗാനം ആലപിച്ചിരുന്നതായും ഇത് ഇരട്ടത്താപ്പാണെന്നുമാണ് മറ്റ് ചിലരുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: