India

ഹിന്ദുസ്വരാജിന് പോരാടിയ സാംബാജി മഹാരാജ് ചരിത്രപുസ്തകത്തില്‍ ഇല്ല; പകരം, ഔറംഗസീബിനെ കുറിച്ച് പഠിയ്‌ക്കുന്നതെന്തിന്? ചോദ്യമുയരുന്നു

ഛാവ എന്ന സിനിമ റിലീസായതോടെയാണ് ശിവജി മഹാരാജിന്‍റെ മകനായ സാംബാജി മഹാരാജിന്‍റെ കഥ കൂടുതല്‍ തീവ്രതയോടെ ജനം മനസ്സിലാക്കിയത്. ഹിന്ദുസ്വരാജിന് വേണ്ടി പോരാടിയ സാംബാജി മഹാരാജിന്‍റെ കഥ നമ്മുടെ ചരിത്രപുസ്തകത്തില്‍ ഇല്ലാത്തതെന്തേ എന്ന് ചോദ്യം ഉറക്കെ ചോദിക്കുകയാണ് ഈ സിനിമ കണ്ടിറങ്ങുന്ന സാധാരണക്കാര്‍.

Published by

മുംബൈ: ഛാവ എന്ന സിനിമ റിലീസായതോടെയാണ് ശിവജി മഹാരാജിന്റെ മകനായ സാംബാജി മഹാരാജിന്റെ കഥ കൂടുതല്‍ തീവ്രതയോടെ ജനം മനസ്സിലാക്കിയത്. ഹിന്ദുസ്വരാജിന് വേണ്ടി പോരാടിയ സാംബാജി മഹാരാജിന്റെ കഥ നമ്മുടെ ചരിത്രപുസ്തകത്തില്‍ ഇല്ലാത്തതെന്തേ എന്ന് ചോദ്യം ഉറക്കെ ചോദിക്കുകയാണ് ഈ സിനിമ കണ്ടിറങ്ങുന്ന സാധാരണക്കാര്‍.

പകരം സാംബാജിയുടെ നാവ് പിഴുതെടുക്കുന്ന, മുറിവുകളില്‍ ഉപ്പുതേയ്‌ക്കുന്ന, നഖങ്ങള്‍ പറിച്ചെടുക്കുന്ന, ഏറ്റവുമൊടുവില്‍ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കുന്ന ചരിത്രത്തിലെ ഏറ്റവും ക്രൂരനായ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ചരിത്രം നമ്മള്‍ പാഠപുസ്തകത്തില്‍ പഠിക്കുന്നു. എവിടെയാണ് നമ്മള്‍ക്ക് പിഴച്ചത്? സിനിമ കണ്ടിറങ്ങുന്ന പലരുടേയും മനസ്സില്‍ ഉയരുന്ന ചോദ്യമാണിത്.

ഔറംഗസേബിന്റെ ഭരണപരിഷ്കാരങ്ങള്‍, ഔറംഗസേബിന്റെ വീരകഥകള്‍, ഔറംഗസേബിന്റെ ജീവചരിതം – ഇതെല്ലാം സ്കൂളുകളിലും കോളെജുകളിലും ചരിത്രപുസ്തകങ്ങളില്‍ നമ്മള്‍ പഠിയ്‌ക്കുന്നു. ആരാണ് നമ്മുടെ ചരിത്രം ഇങ്ങിനെ തലകീഴാക്കി മാറ്റിയത്? ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിച്ച, ഇന്ത്യയിലെ പതിനായിരക്കണക്കിന് ക്ഷേത്രങ്ങള്‍ കൊള്ളയടിച്ച മുഗള്‍ ചക്രവര്‍ത്തിമാരുടെ കഥകള്‍ നമ്മുടെ കുട്ടികള്‍ മനപാഠമാക്കുന്നു. അതേ സമയം ഹിന്ദുസ്വരാജിന് വേണ്ടി പൊരുതിയ സാംബാജിയെ നമുക്ക് ചരിത്രത്തില്‍ എവിടെയും കാണാനില്ല.

ഇതിനും കാരണം ചെന്നെത്തുന്നത് നെഹ്രുവില്‍ തന്നെയാണ്. മതേതരത്വം എന്ന പേരില്‍ ന്യൂനപക്ഷങ്ങളെ പ്രോത്സാഹിപ്പിക്കുയും ഭൂരിപക്ഷ ഹിന്ദുസമുദായത്തെ ചവുട്ടിത്തേയ്‌ക്കുകയും ചെയ്ത ജവഹര്‍ലാല്‍ നെഹ്രുവിന്റെ നിലപാടിനനുസരിച്ചാണ് സ്വതന്ത്രഇന്ത്യയുടെ ആദ്യകാല പാഠപുസ്തകങ്ങള്‍ എഴുതപ്പെട്ടതെന്ന് പറയുന്നു. അത് തന്നെയാണ് മുഗള്‍ ചക്രവര്‍ത്തിമാരുടെ കഥകള്‍ക്ക് ഏറെ പ്രാധാന്യം നല്‍കാന്‍ കാരണമായത് എന്ന് പറയുന്നു.

പിതാവ് സൂഫി പണ്ഡിതനാക്കാന്‍ ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്ന മൗലാന അബ്ദുള്‍ കലാം ആസാദിനെ ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രിയാക്കിയത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവാണ്. ഇന്ത്യ ഭരിച്ച ക്രൂരന്മാരായ പല മുഗള്‍ ചക്രവര്‍ത്തിമാരെയും വെള്ളപൂശിയതിന് പിന്നീല്‍ സ്വതന്ത്ര ഇന്ത്യയിലെ ഈ വിദ്യാഭ്യാസമന്ത്രിക്ക് പങ്കുള്ളതായി ആരോപിക്കപ്പെടുന്നു. മുഗള്‍ സാമ്രാജ്യത്തിലെ അക്ബര്‍, ബാബര്‍, ഹുമയൂണ്‍, ജഹാംഗീര്‍, ഷാജഹാന്‍, ഔറംഗസേബ് എന്നീ ചക്രവര്‍ത്തിമാരെ മഹാന്മാരാക്കിയത് ആദ്യകാലത്ത് രചിക്കപ്പെട്ട ഈ പാഠപുസ്തകങ്ങളാണ്. അന്നത്തെ പാഠപുസ്തകങ്ങള്‍ പിന്നീട് ആവര്‍ത്തിക്കപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക