തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ രാപകൽ സമരം നടത്തുന്ന ആശവർക്കർമാരുടെ സമരസമിതി നേതാവ് എസ്.മിനിയെ അധിക്ഷേപിച്ച് സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.ബി ഹർഷകുമാർ. മിനി സാംക്രമിക രോഗം പരത്തുന്ന കീടമാണ്. സമരത്തിന്റെ ചെലവിൽ കഴിഞ്ഞ കുറേ ദിവസമായി തിരുവനന്തപുരത്ത് കഴിഞ്ഞുകൂടുകയാണ്. ബസ് സ്റ്റാൻഡുകളിൽ പാട്ട കുലുക്കി പിരിവ് നടത്തുന്ന സംഘടനയാണ് സമരത്തിന് പിന്നിൽ. അതിന്റെ നേതാവാണ് മിനിയെന്നുമായിരുന്നു അധിക്ഷേപം.
സമരം ചെയ്യുന്നവർക്കെതിരെ വിവിധ തരത്തിലുള്ള സമ്മർദ്ദങ്ങളാണ് സർക്കാരും സർക്കാർ അനുകൂല സംഘടനകളും ചെയ്തുകൊണ്ടിരിക്കുന്നത്. ജോലിക്ക് കയറിയില്ലെങ്കിൽ പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡൻ്റുമാരും മറ്റാരെയെങ്കിലും നിയമിക്കുമെന്ന് ഭീഷണി മുഴക്കുന്നുണ്ട്. അതിനിടെയാണ് ഇത്തരത്തിലുള്ള അധിക്ഷേപവും.
കഴിഞ്ഞ ദിവസം സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ ജോലിയില്‍ പ്രവേശിക്കണമെന്നും സമരം തുടര്‍ന്നാല്‍ ജോലി പോകുമെന്നും സിഐടിയു വനിതാ നേതാവ് ഭീഷണി മുഴക്കിയിരുന്നു. ആശാ വര്‍ക്കര്‍മാരുടെ ബദല്‍ സമരത്തില്‍ ആശാ വര്‍ക്കേഴ്സ് ആന്‍ഡ് ഫെസിലിറ്റേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (സിഐടിയു) അഖിലേന്ത്യാ പ്രസിഡന്റ് പി.പി. പ്രേമയാണ് ഭീഷണി മുഴക്കിയത്. കോഴിക്കോട് ആദായ നികുതി ഓഫിസിന് മുന്നിലായിരുന്നു ഇന്നലെ സിഐടിയു ബദല്‍ സമരം.
സെക്രട്ടേറിയറ്റിനു മുന്നിലെ സമരം രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. അവരും കേന്ദ്രത്തിനെതിരേ സമരത്തിനിറങ്ങണം. അവരില്‍ പലര്‍ക്കും ശൈലി ആപ്പും ഒടിപിയും പോലും അറിയില്ലെന്നും പ്രേമ പരിഹസിച്ചു. സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അവര്‍ ആരോഗ്യമന്ത്രിയെ അസഭ്യം പറയുകയാണ്. യുഡിഎഫ് കാലത്ത് ബെഡ്ഷീറ്റ് അലക്കുന്നതു വരെ ചെയ്യിപ്പിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 14 മാസം ഓണറേറിയം തന്നിരുന്നില്ല. കേന്ദ്രമാണ് ആശമാരെ തൊഴിലാളികളായി അംഗീകരിക്കാത്തതെന്നും നേതാവ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക