വര്‍ത്തമാനകാല ലോകം കണ്ട ഏറ്റവും വലിയ പ്രതിഭാസമായ മഹാകുംഭമേള കാലപ്രവാഹത്തില്‍ അലിഞ്ഞു. മഹാസംഭവത്തിന്റെ നിര്‍വൃതിയില്‍ പ്രയാഗ്രാജും ഭാരതവും പുതിയ കാലത്തിന്റെ പുലരിയിലേക്കു പദമൂന്നി. കുംഭമേളയില്‍ പുണ്യസ്നാനം ചെയ്ത ഭക്തകോടികളും മനസ്സുകൊണ്ടു ഗംഗാസ്നാനം നടത്തിയ ശതകോടികളും ഒരു മനുഷ്യായുസ്സിന്റെ മഹാഭാഗ്യം ഏറ്റുവാങ്ങി. അജ്ഞാതമായ തപസ്ഥാനങ്ങളില്‍ നിന്നു കാടും ഗുഹയും വിട്ട് ഇറങ്ങിവന്ന സംന്യാസിവര്യന്മാര് മടങ്ങി. ഗംഗ പതിവുപോലെ പ്രവഹിക്കും. ഹൈന്ദവ സംസ്കൃതിയും സനാതന ധര്‍മവും കാലത്തിനൊപ്പം സഞ്ചാരം തുടരും. 144 വര്‍ഷങ്ങള്‍ക്കപ്പുറം ഇനിയൊരു മഹാകുംഭമേളയുടെ തിരക്കില്‍ അലിയുന്ന പ്രയാഗ്രാജില് നിന്നു കാലം തിരിഞ്ഞു നോക്കുമ്പോള്‍, ഈ കുംഭമേളയില്‍ പുണ്യസ്നാനം ചെയ്ത കൊച്ചുകുട്ടികള്‍പോലും ഉണ്ടാവില്ല. പക്ഷേ, അന്നും ഭാരതവും ഈ സംസ്കൃതിയും ഇതുപോലെയുണ്ടാകും. കടന്നുപോയ 45 പുണ്യദിനങ്ങളുടെ മഹത്വം തിരിച്ചറിയാന്‍ ഈ യാഥാര്‍ഥ്യം മാത്രം മതി. ഒരു മനുഷ്യായുസ്സ് 120 വര്‍ഷം എന്നു കണക്കാക്കിയാല്‍ ആ കാലദൈര്‍ഘ്യം പോലും മതിയാകില്ല ഒരു മഹാകുംഭയില്‍ നിന്ന് അടുത്തതിലേക്ക് എത്താന്‍. ഭാരതത്തെ ലോകം ഒരിക്കല്‍ക്കൂടി പൂര്‍ണ അര്‍ഥത്തില്‍ തിരിച്ചറിഞ്ഞിരിക്കുന്നു. വിശ്വഗുരു സ്ഥാനത്തേക്കുള്ള യാത്രയില്‍ ഭാരതം ഒരു നാഴികക്കല്ലുകൂടി പിന്നിട്ടിരിക്കുന്നു. ഇവിടേക്കു നോക്കി ലോകം തലകുമ്പിട്ടു വണങ്ങുമ്പോഴും ഈ മഹാമേളയുടെ മഹത്വം ഉള്‍ക്കൊള്ളാന്‍ തയ്യാറല്ലാത്ത ചില നിര്ഭാഗ്യവാന്മാര് ചൊരിയുന്ന വിമര്‍ശനങ്ങളും പരിഹാസവും തുടര്‍ന്നേക്കാം. അത്തരക്കാരും കാലത്തിന്റെ അവിഭാജ്യ ഘടകങ്ങളാണല്ലോ. ആസുരിക ശക്തികള്‍ എന്നും കാലത്തിനൊപ്പം സഞ്ചരിച്ചിട്ടുണ്ട്. എന്തിനേയും ശുദ്ധീകരിക്കുന്ന ഗംഗ അത്തരം മാലിന്യങ്ങളേയും കഴുകി വൃത്തിയാക്കുക തന്നെ ചെയ്യും.
ആത്മീയതയ്ക്കൊപ്പം ഭൗതികമായും വിസ്മയം തീര്‍ക്കുകയായിരുന്നു കുംഭമേള. നാല്പതുകോടി പ്രതീക്ഷിച്ചിടത്ത് 66 കോടിയിലേറെ ഭക്തര്‍ ലോകമെമ്പാടുനിന്നും വന്നു നിറഞ്ഞിട്ടും അവരെ ഉള്‍ക്കൊള്ളാന്‍ പ്രയാഗ്രാജിനു കഴിഞ്ഞത് കൃത്യമായ ആസൂത്രണത്തിന്റെ മികവു വിളിച്ചു പറയുന്നു. അതിനൊപ്പം, വന്നെത്തിയ ഭക്തകോടികള്‍ പ്രകടിപ്പിച്ച സഹകരണ- സഹന-സേവന മനോഭാവവും. പിഴവില്ലാത്ത സംവിധാനങ്ങള്‍, മാലിന്യമുക്തമായ ചുറ്റുപാടുകള്‍, കലര്‍പ്പില്ലാത്ത ഭക്ഷണം, സുഖകരമായ താമസ സൗകര്യങ്ങള്‍, കൃത്യമായ സഞ്ചാര സംവിധാനങ്ങള്‍, ദിവസേന കോടിയിലേറെപ്പേര്‍ സ്നാനം ചെയ്തിട്ടും സംശുദ്ധി കാത്തുസൂക്ഷിച്ച ഗംഗാ പ്രവാഹം. അത്ഭുതങ്ങളുടെ കലവറയായിരുന്നു പോയ ദിനങ്ങളിലെ പ്രയാഗ്രാജ്. വിശിഷ്ടവ്യക്തികളും അതിവിശിഷ്ട വ്യക്തികളും നിരന്തരം വന്നു മടങ്ങിയിട്ടും കൊച്ചുകുട്ടികള്‍ക്കുപോലും അസൗകര്യമുണ്ടാക്കാത്ത ആതിഥ്യമര്യാദയുടെ മനംനിറയ്ക്കുന്ന അനുഭവങ്ങള്‍. വരുന്നവര്‍ ഏവരും ആതിഥേയരാകുന്ന കാഴ്ച. പരസ്പര ബഹുമാനത്തിന്റെ സുഖകരമായ അനുഭവം. സ്ത്രീകളോടുള്ള തികഞ്ഞ ആദരവ്. സനാതന സംസ്കാരത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു പ്രയാഗ് രാജില്‍ മേളദിവസങ്ങളില്‍ കണ്ടത്. അതിലേക്കു വന്ന് അലിയാന്‍ വിവിധ രാജ്യക്കാരും വിഭിന്ന മതസ്ഥരും വ്യത്യസ്ത സംസ്കാരമുള്ളവരും തയ്യാറായത് ആരുടേയും പ്രേരണയാലായിരുന്നില്ല. അനുഭവങ്ങളുടെ വശ്യശക്തികൊണ്ടായിരുന്നു. ആ സംസ്കാരത്തെ ഉന്മൂലനം ചെയ്യാനാഗ്രഹിക്കുന്നവര്‍ പ്രയാഗ് രാജിലേക്കു വരാതിരുന്നത്, അവിടെയെത്താനുള്ള അര്‍ഹത അവര്‍ക്ക് ഇല്ലാതെ പോയതുകൊണ്ടാകാം.
സ്വന്തം ശരീരത്തിലെ കസ്തൂരിയുടെ ഗന്ധം തിരിച്ചറിയാനാകാത്ത മാനിനേപ്പോലെ സനാതന ധര്‍മത്തിന്റെയും ഭാരതീയ സംസ്കൃതിയുടേയും മൂല്യം മനസ്സിലാക്കാത്ത ചിലര്‍ വാരിയെറിഞ്ഞ ചെളി ചെന്നു പതിച്ചത് അത്തരക്കാരുടെ മേല്‍ത്തന്നെയാണെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടില്ല. അറിയുന്ന നാളുകള്‍ വരും. അതിനു കാലം ഇനിയുമെടുക്കും. മഹാക്ഷേത്രങ്ങള്‍ക്കു മുകളിലൂടെ പറക്കുന്ന പക്ഷികള്‍ കാഷ്ടിച്ചതുകൊണ്ട് ഒരു ക്ഷേത്ര ചൈതന്യത്തിനും മങ്ങലേറ്റതായി കേട്ടിട്ടില്ല. ഒരു മഴ എല്ലാം കഴുകി വൃത്തിയാക്കും. യഥാര്‍ഥ മൂല്യത്തിന് ഇതുകൊണ്ടൊന്നും ശോഷണം സംഭവിക്കാന്‍ പോകുന്നില്ലെന്ന് കാലം തെളിയിച്ചതാണ്. ആ യാഥാര്‍ഥ്യത്തിന് അടിവരയിടുകയായിരുന്നു ഈ മഹാമേള. പ്രതിസന്ധികള്‍ മറികടന്നു യുഗങ്ങളും മന്വന്തരങ്ങളും പിന്നിട്ട സംസ്കൃതിയുടെ മുഖമാണ് അവിടെ തെളിഞ്ഞു നിന്നത്. അത് ഇനിയും യുഗങ്ങള്‍ പലതു പിന്നിടും. കുംഭമേളകളും പൂര്‍ണ കുംഭമേളകളും മഹാകുംഭമേളകളും കാലാകാലങ്ങളില്‍ ഈ രാഷ്ട്രത്തെ ധന്യമാക്കിക്കൊണ്ടിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: