കോട്ടയം: ഗില്ലന്‍ബാരി സിന്‍ഡ്രോം ബാധിച്ച് സംസ്ഥാനത്തെ രണ്ടാമത്തെ മരണവും റിപ്പോര്‍ട്ട് ചെയ്തു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തന്നെയാണിത്. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയും എരുമേലി ചേനപ്പാടി വലിയതുറ പ്രവീണിന്റെ മകളുമായ ഗൗതമി പ്രവീണ്‍ (15) ആണ് മരിച്ചത്. ഗൗതമി ഒന്നര മാസത്തോളമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
ഗില്ലന്‍ബാരി സിന്‍ഡ്രോം ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ തന്നെ ചികിത്സയിലായിരുന്ന മൂവാറ്റുപുഴ വാഴക്കുളം കാവന തടത്തില്‍ ജോയ് ഐപ്പ് (58) ആണ് കഴിഞ്ഞാഴ്ച മരിച്ചത്. അതേസമയം ഇത് പകര്‍ച്ചവ്യാധി അല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
മഹാരാഷ്‌ട്രയില്‍ ഒട്ടേറെ പേര്‍ക്ക് ഗില്ലന്‍ബാരി സിന്‍ഡ്രോം ബാധിച്ചതിനെ തുടര്‍ന്ന് കേരളത്തിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം തകരാറിലാക്കുന്ന നാഡീ സംബന്ധമായ അവസ്ഥയാണ് ഗില്ലന്‍ബാരി സിന്‍ഡ്രോം. ലക്ഷത്തില്‍ ഒന്നോ രണ്ടോ പേര്‍ക്കു മാത്രം ബാധിക്കുന്ന അപൂര്‍വ്വ രോഗമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. ദീര്‍ഘകാലത്തെ ചികില്‍സ വഴി രോഗമുക്തിയുണ്ടാക്കാന്‍ കഴിയും.
കൈകാലുകളില്‍ മരവിപ്പ് , തരിപ്പ് ശക്തിക്ഷയം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിച്ചാല്‍ പക്ഷാഘാതമോ മരണമോ സംഭവിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: