തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പിതാവ് ഇന്ന് നാട്ടിലെത്തും. സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്നാണ് പെരുമല സൽമാസ് ഹൗസിൽ അബ്ദുൾ റഹീമിന് നാട്ടിലേക്ക് തിരിക്കാനായത്. വ്യാഴാഴ്ച രാത്രി 12.15 ന് തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ വിമാനത്തിലാണ് റഹീം നാട്ടിലേക്ക് തിരിച്ചത്. ഇന്നു രാവിലെ 7.30 ന് തിരുവനന്തപുരത്തെത്തും. ഇളയ മകൻ ഉൾപ്പെടെ നാലുപേരെയാണ് മൂത്തമകന്റെ ആക്രമണത്തിൽ റഹീമിന് നഷ്ടമായത്.
നാടിനെ ഞെട്ടിച്ച കൊലപാതകപരമ്പരയിൽ, കുടുംബാംഗങ്ങളായ നാലു പേരടക്കം അഞ്ചു പേരെയാണ് അഫാൻ കൊലപ്പെടുത്തിയത്. അഫാന്റെ മുത്തശ്ശി സൽമാബീവി (95), സഹോദരൻ അഫ്സാൻ (13), പിതൃസഹോദരൻ അബ്ദുൽ ലത്തീഫ് (60), ലത്തീഫിന്റെ ഭാര്യ സജിതാബീവി (55), വെഞ്ഞാറമൂട് മുക്കന്നൂർ സ്വദേശി ഫർസാന (22) എന്നിവരാണു കൊല്ലപ്പെട്ടത്. തലയ്‌ക്കടിയേറ്റു ഗുരുതരമായി പരുക്കേറ്റ അമ്മ ഷമി ആശുപത്രിയിൽ ചികിത്സയിലാണ്.
കടക്കാരിൽ നിന്ന് തൽക്കാലത്തേക്ക് മാറി നിൽക്കാനാണ് റഹീം ദമ്മാമിലേക്ക് വണ്ടി കയറിയത്.വീടു വിൽക്കണം, കടങ്ങൾ തീർക്കണം സമാധാനമുള്ള ഒരു ജീവിതം വേണം ഇതായിരുന്നു ആഗ്രഹമെന്ന് റഹീം വിശദീകരിച്ചു. നാട്ടിലെത്തുന്ന റഹീമിനെ ബന്ധുക്കൾ സ്വീകരിക്കും. നാട്ടിലെത്തിയതിന് ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കും. ഇത്ര വേഗത്തിൽ നാട്ടിലെത്താമെന്ന പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ലെന്ന് റഹീം പറയുന്നു.
അഫാൻ ആദ്യ കുട്ടിയായത് കൊണ്ട് കൂടുതൽ വാത്സല്ല്യം നൽകിയിരുന്നു. അവനെ ഉൾപ്പെടെയാണ് സന്ദർശക വിസയിൽ സൗദിയിൽ കൊണ്ടു വന്നത്. പത്ത് മാസത്തോളം റിയാദിൽ ഒപ്പമുണ്ടായിരുന്നു. കാറ്ററിംഗിനും മറ്റും പോയി അവൻ സ്വന്തമായി പണം സമ്പാദിച്ചിരുന്നു.
അടുത്ത ദിവസങ്ങളിലൊന്നും അവനെ ഫോണിൽ കിട്ടിയിരുന്നില്ല. ഇടക്കൊക്കെ കാശിന് വേണ്ടി ഭാര്യയുടെ അടുത്ത് വഴക്കിടാറുണ്ടെന്നും റഹീം പറയുന്നു.ഇളയ മകന്റെ മരണമാണ് ഏറെ സങ്കടകരം. അവന് ഇഷ്ടമുള്ള മന്തി വാങ്ങികൊടുത്തിട്ടാണ് കൊന്നത്. അവനെ വെറുതേ വിടാമായിരുന്നില്ലേയെന്നും റഹീം വിതുമ്പലോടെ ചോദിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: