കൊച്ചി: ഇടത്തരം കുടുംബത്തില്‍ നിന്നുള്ള നായകനും നായികയും. തുടരും എന്ന സിനിമയില്‍ മോഹൻലാലിനെയും ശോഭനയും സാധാരണക്കാരമായി അവതരിപ്പിച്ച് കുടുംബപ്രേക്ഷകരെ തേടുകയാണ് തരുണ്‍ മൂര്‍ത്തി എന്ന സംവിധായകന്‍. പഴയ സത്യന്‍ അന്തിക്കാട് ശൈലിയാണ് അദ്ദേഹം ഇവിടെ പിന്തുടരുന്നത്.
നടി ചിപ്പിയുടെ ഭര്‍ത്താവ് എം.രഞ്ജിത്താണ് സിനിമ നിര്‍മ്മിക്കുന്നത്. പഴയ കുടുംബപ്രേക്ഷകരെ തിരിച്ച് തീയറ്ററുകളില്‍ എത്തിക്കുക എന്ന പരീക്ഷണമാണ് നടത്തുന്നത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും. ഇതിലെ യുട്യൂബില്‍ റിലീസ് ചെയ്ത ആദ്യ ഗാനം ശ്രദ്ധേയമായി. ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. മോഹൻലാലിന് വേണ്ടി എംജി ശ്രീകുമാർ പാടിയ ഗാനം അതിവേഗമാണ് യുട്യൂബില്‍ ട്രെന്‍ഡിങ്ങ് ആയത്.
ഒരിടവേളയ്‌ക്ക് താളാത്മകവും ലളിതപദങ്ങളാല്‍ സമ്പന്നവുമായ പഴമ്പാട്ടുകളുടെ ചേലുള്ള ബി.കെ. ഹരിനാരായണന്റെ മധുരിതമായ വരികള്‍ മലയാളിക്ക് തിരിച്ചുകിട്ടുകയാണ് ഈ ഗാനത്തിലൂടെ എന്ന പ്രത്യേകതയുമുണ്ട്.
പാട്ടിന് സുദീര്‍ഘമായ ഒരു ഇന്‍ട്രോ ഉണ്ട്.
ചെമ്പഴുക്ക തൊട്ടെടുത്ത് അമ്പലം പൂട്ടുന്നതാര്
ചെമ്പരുത്തി കമ്പുകൊണ്ട് അമ്പുകുലയ്‌ക്കണതാര്
അങ്ങുതൊട്ട് ഇങ്ങുതൊട്ട് അക്കുത്തിക്കുത്തോടുമാന
തൂവെളിച്ച് ചാറിവീണ് മാമല ഞാനൊന്നുകണ്ടേ
ചെന്തമിഴില്‍ തേന്‍ കുടഞ്ഞേ പൂങ്കുയില്‍ പാടുന്ന കേട്ടേ…
ഈ ഇന്‍ട്രോ വരികള്‍ സിനിമയുടെ അന്തരീക്ഷം കോറിയിടുന്നു. ക്ഷേത്രവും മലയും നാടന്‍ പൂച്ചെടികളും നിറഞ്ഞ ഗ്രാമന്തരീക്ഷം.
കണ്‍മണിപ്പൂവേ കണ്ണാടിപ്പൂവേ കണിപ്പൂവേ
മുറ്റമിതാകെ പൂത്തുനിന്നാട്ടെ
പുഞ്ചിരിക്കാറ്റേ പാറും പൂമ്പാറ്റേ കുരുന്നാറ്റേ
ചക്കരമാവില്‍ ചാഞ്ഞിരുന്നാട്ടേ
കിളിപ്പൂമകളേ നീയലിയും പൂന്തണലാണ്
ഇലക്കുമ്പിളിലായി പെയ്തുതരും തേന്‍കുടമാണ്
അലിവോടെ തൊടും സാന്ത്വനമാണ്
ഇതിലേ വാ, ഇതിലേ വാ കനവിലെ ചിറകുമായി
പകലിലേ വഴികളില്‍
വെയിലുപോല്‍ അലയുവാന്‍
എന്തൊരു ചേലാണ്, നെഞ്ചിലെ നേരാണ്
എന്റെ കിനാവാണ് എന്തിനും നീയാണ്
മുറ്റത്തൊരു കോണില്‍ പച്ചപനമ്പായില്‍
ഇഷ്ടക്കുറുമ്പോടെ ചേര്‍ന്നിരിക്കാം
മുത്തുക്കലമാനേ തെറ്റിപ്പിണങ്ങാതെ
മുത്തുമിഴിയോടെ ഞാനിരിക്കാം
ഒരു ദളം പോലെ ഇരുമനം ചേരും
മണിക്കുഞ്ഞോളങ്ങള്‍ മഴവില്ലായ് മാറും
ഇമചിമ്മാവാനം ഇതു കണ്ടേ നില്‍ക്കും
മണിക്കുടിലിന്‍ ചുമരുകളില്‍
നിറം കുടഞ്ഞൊന്നുചിരിക്കും
എന്തൊരു ചേലാണ് നെഞ്ചിലെ നേരാണ്
മലയാളികളുടെ ഗൃഹാതുരതയെ ഇളംകാറ്റിലാടുന്ന ഓലഞ്ഞാലിക്കുരുവികളെപ്പോലെ ഈ പാട്ടിലും ഹരിനാരായണന്‍ കൊരുത്തിടുന്നു. അലിവോടെ തൊടും സാന്ത്വനം, കിളിപ്പൂമകള്‍ അലിയും പൂന്തണല്‍, ചക്കരമാവില്‍ ചാഞ്ഞിരിക്കും പൂമകള്‍….ഇങ്ങിനെ സാധാരണബിംബങ്ങള്‍ ഈ ഗാനത്തില്‍ നിറയുന്നുണ്ട്. ഒരു ടിപ്പിക്കല്‍ ഇടത്തരം കേരളത്തിലെ കുടുംബാന്തരീക്ഷം. ഇപ്പോള്‍ ട്രെന്‍ഡായി മാറിയ ഈ ഗാനം ഇതിനകം 24 ലക്ഷം പേരാണ് കണ്ടാസ്വദിച്ചത്.
മോഹൻലാൽ അവതരിപ്പിക്കുന്ന ഷൺമുഖന്‍ എന്ന സാധാരണക്കാരനായ കഥാപാത്രത്തെയും അയാളുടെ മകനേയും മകളേയും ഭാര്യയെയും പരിചയപ്പെടുത്തുന്നതാണ് ഈ ഗാനം. വീട്ടില്‍ ഒരു നാടന്‍ പട്ടിയും പഴയ കാലത്തെ അംബാസഡര്‍ കാറും. ഇതിലൂടെ അച്ഛനും അമ്മയും മകനും മകളും ചേര്‍ന്നുള്ള സ്നേഹം നിറഞ്ഞ ഒരു ഇടത്തരം കുടുംബാന്തരീക്ഷമാണ് ഈ ഗാനത്തിലൂടെ സൃഷ്ടിക്കുന്നത്.
എന്റെ കിനാവാണ് എന്തിനും നീയാണ്
മുറ്റത്തൊരു കോണില്‍ പച്ചപനമ്പായില്‍
ഇഷ്ടക്കുറുമ്പോടെ ചേര്‍ന്നിരിക്കാം
മുത്തുക്കലമാനേ തെറ്റിപ്പിണങ്ങാതെ
എന്ന് കുറിക്കുമ്പോള്‍ ശോഭനയും മോഹന്‍ലാലും തമ്മിലുള്ള പിരിയാനാവാത്ത സ്നേഹത്തിന്റെ ഫീല്‍ കിട്ടുന്നു. ഗാനത്തില്‍ നിറയുന്ന സാധാരണ കുടുംബാന്തരീക്ഷമാണ് ആളുകളെ വീണ്ടും വീണ്ടും ഈ ഗാനത്തിലേക്ക് ആകര്‍ഷിക്കുന്നത്.
ഒരു ദളം പോലെ ഇരുമനം ചേരും
മണിക്കുഞ്ഞോളങ്ങള്‍ മഴവില്ലായ് മാറും
ഇമചിമ്മാവാനം ഇതു കണ്ടേ നില്‍ക്കും
മണിക്കുടിലിന്‍ ചുമരുകളില്‍
നിറം കുടഞ്ഞൊന്നുചിരിക്കും
എന്തൊരു ചേലാണ് നെഞ്ചിലെ നേരാണ്
ഇവിടെ രണ്ട് മക്കളും അച്ഛനും അമ്മയും ചേര്‍ന്നുള്ള ഇടത്തരം കുടുംബത്തിന്റെ സമ്മോഹനമാണ് അന്തരീക്ഷമാണ് ഹരിനാരായണന്‍ വരച്ചിടുന്നത്.
സംഗീതസംവിധായകന്‍ ജേക്സ് ബിജോയുടേതാണ് സംഗീതം. വ്യത്യസ്തമെന്ന് പറയാനാവാത്ത, പഴയ കുടുംബഗാനങ്ങളുടെ ചുവടുപിടിച്ചുള്ള സാധാരണ ട്യൂണിനെയാണ് ജേക്സ് ബിജോയ് ആശ്രയിച്ചിരിക്കുന്നത്. ഇത് പഴയ കാലത്തെ ഓര്‍മ്മപ്പെടുത്താനായിരിക്കണം എന്ന് കരുതുന്നു. അല്ലെങ്കില്‍ യുഎസ്എയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് സംഗീത ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ബിരുദാനന്തര ബിരുദം നേടിയ, 65ല്‍ പരം മലയാള സിനിമകളില്‍ ഗാനങ്ങള്‍ ചെയ്ത ജേക്സ് ബിജോയിക്ക് വ്യത്യസ്തമായ ഒരു പാറ്റേണ്‍ ഈ ഗാനത്തിന് കണ്ടെത്തുക പ്രയാസമല്ലല്ലോ.. മലയാളി കുടുംബപ്രേക്ഷകരെ നൊസ്റ്റാള്‍ജിയയിലേക്ക് കൂട്ടിക്കൊണ്ടുപോവുക തന്നെയാണ് സംഗീതസംവിധായകന്റെയും ലക്ഷ്യം.
എന്തായാലും അടിപൊളി താളത്തിന്റെയും ബീറ്റിന്‍റേയും അകമ്പനിയോടെ അരങ്ങു തകര്‍ക്കുന്ന ഇല്ലൂമിനാറ്റി ഗാനങ്ങള്‍ നിറഞ്ഞ ടീനേജ് മൂവികളില്‍ നിന്നും അടിമുടി വ്യത്യസ്തമായ ഈ ഗാനാന്തരീക്ഷം പലരേയും നൊസ്റ്റാള്‍ജിക്കാക്കി മാറ്റുന്നു.
ഒരു റിയലിസ്‍റ്റിക് നായക കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഷൺമുഖൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ലളിത എന്ന കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിക്കുന്നത്.
ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആസ്വദിക്കാം:
പ്രതികരിക്കാൻ ഇവിടെ എഴുതുക: