പ്രയാഗ്‌രാജ് എന്ന പുണ്യ നഗരത്തിൽ മഹാ കുംഭമേളയ്‌ക്ക് വിജയകരമായ പരിസമാപ്തി. ഒരുമയുടെ മഹായജ്ഞം സമാപിച്ചു. രാജ്യത്തിന്റെ ചേതന ഉണരുമ്പോൾ, നൂറ്റാണ്ടുകൾ നീണ്ട അധിനിവേശ മനോഭാവത്തിന്റെ പ്രതിബന്ധങ്ങൾ തകർത്തു മുന്നേറുമ്പോൾ, നവോന്മേഷത്തിന്റെ ശുദ്ധമായ വായു നമ്മുടെ രാജ്യം സ്വതന്ത്രമായി ശ്വസിക്കുന്നു. ഇതിന്റെ ഫലത്തിനാണ് ജനുവരി 13 മുതൽ പ്രയാഗ്‌രാജിൽ ഒരുമയുടെ മഹാ കുംഭമേളയിൽ സാക്ഷ്യം വഹിച്ചത്.
2024 ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ വേളയിൽ ഞാൻ ദേവഭക്തിയെയും ദേശഭക്തിയെയും കുറിച്ച്, അതായത് ദൈവത്തോടും രാഷ്‌ട്രത്തോടുമുള്ള ഭക്തിയെക്കുറിച്ച്, സംസാരിച്ചിരുന്നു. പ്രയാഗ്‌രാജിലെ മഹാകുംഭ മേളയുടെ വേളയിൽ ദേവീദേവന്മാർ, സന്ന്യാസികൾ, സ്ത്രീകൾ, കുട്ടികൾ, യുവാക്കൾ, മുതിർന്ന പൗരന്മാർ, ജീവിതത്തിന്റെ നാനാതുറയിൽ നിന്നുമുള്ള ജനങ്ങൾ ഒന്നിച്ചു ചേർന്നു. നാം രാജ്യത്തിന്റെ പുത്തൻ ഉണർവിനാണ് സാക്ഷ്യം വഹിച്ചത്. ഒരുമയുടെ മഹാ കുംഭമേളയായിരുന്നു ഇത്. 140 കോടി ഇന്ത്യക്കാരുടെ വികാരങ്ങൾ ഒരേ ഇടത്ത്, ഒരേസമയം ഈ വിശുദ്ധ വേളയിൽ ഒന്നാകുന്നത് നാം കണ്ടു.
പ്രയാഗ്‌രാജിലെ ഈ പുണ്യഭൂമിയിലാണ് ഐക്യത്തിന്റെയും സ്നേഹത്തിന്റെയും കേദാരമായ ശൃംഗവേർപൂർ സ്ഥിതി ചെയ്യുന്നത്. അവിടെ വെച്ചാണ് പ്രഭു ശ്രീരാമനും നിഷാദ്‌രാജും കണ്ടുമുട്ടിയത്. അവരുടെ കൂടിക്കാഴ്ച ഭക്തിയുടെയും സൗഹാർദ്ദത്തിന്റെയും സംഗമത്തെ പ്രതീകപ്പെടുത്തി. ഇന്നും പ്രയാഗ്‌രാജ് നമ്മെ അതേ ആവേശത്തോടെ പ്രചോദിപ്പിക്കുന്നു.
രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള കോടിക്കണക്കിന് ജനങ്ങൾ കഴിഞ്ഞ 45 ദിവസമായി ത്രിവേണിസംഗമത്തിലേക്ക് പോകുന്നത് ഞാൻ കണ്ടു. പുണ്യ സംഗമത്തിൽ വികാരങ്ങളുടെ തിരമാല ഉയർന്നുകൊണ്ടിരുന്നു. ഓരോ ഭക്തനും സംഗമത്തിൽ സ്നാനം ചെയ്യുക എന്ന ഒരു ലക്ഷ്യത്തോടെയാണ് വന്നത്. ഗംഗ, യമുന, സരസ്വതി എന്നിവയുടെ പുണ്യ സംഗമം ഓരോ തീർത്ഥാടകനെയും ആവേശം, ഊർജ്ജം, ആത്മവിശ്വാസം എന്നിവയാൽ സമ്പന്നമാക്കി.
പ്രയാഗ്‌രാജിലെ ഈ മഹാകുംഭമേളയുടെ ആസൂത്രണം, ആധുനിക മാനേജ്‌മെന്റ് പ്രൊഫഷണലുകൾക്കും നയ വിദഗ്ധർക്കും ഒരു പഠന വിഷയമാണ്. ലോകത്ത് എവിടെയും ഇത്ര വലിയ തോതിലുള്ളതോ സമാന്തരമായതോ ആയ മറ്റൊരു ഉദാഹരണമില്ല.
പ്രയാഗ്‌രാജിൽ നദീസംഗമ തീരത്ത് കോടിക്കണക്കിന് മനുഷ്യർ ഒത്തുകൂടിയത് എങ്ങനെയെന്ന് ലോകം അത്ഭുതത്തോടെ വീക്ഷിച്ചു. ഈ ജനങ്ങൾക്ക് ഔപചാരിക ക്ഷണങ്ങളോ എപ്പോൾ പോകണമെന്ന് മുൻകൂട്ടി ആശയവിനിമയമോ ലഭിച്ചിരുന്നില്ല. എന്നിട്ടും കോടിക്കണക്കിന് മനുഷ്യർ സ്വന്തം ഇഷ്ടപ്രകാരം മഹാകുംഭമേളയ്‌ക്ക് പോയി. പുണ്യജലത്തിൽ സ്നാനം ചെയ്ത് ആത്മീയാനന്ദം അനുഭവിച്ചു.
പുണ്യസ്നാനത്തിനുശേഷം അതിയായ സന്തോഷവും സംതൃപ്തിയും പ്രസരിച്ച ആ മുഖങ്ങൾ എനിക്ക് മറക്കാൻ കഴിയില്ല. സ്ത്രീകൾ, മുതിർന്നവർ, നമ്മുടെ ദിവ്യാംഗ സഹോദരീ സഹോദരന്മാർ – എല്ലാവരും സംഗമത്തിലെത്താൻ തങ്ങളുടേതായ മാർഗം കണ്ടെത്തി.
ഇവിടെ രാജ്യത്തെ യുവാക്കളുടെ വർധിച്ച പങ്കാളിത്തം കാണുന്നത് എനിക്ക് പ്രത്യേകിച്ചും സന്തോഷകരമായിരുന്നു. മഹാകുംഭത്തിലെ യുവതലമുറയുടെ സാന്നിധ്യം രാജ്യത്തെ യുവാക്കൾ നമ്മുടെ മഹത്തായ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ദീപസ്തംഭങ്ങളായിരിക്കുമെന്ന ആഴത്തിലുള്ള സന്ദേശം നൽകുന്നു. അത് സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം അവർ മനസ്സിലാക്കുകയും പൈതൃകത്തെ മുന്നോട്ട് കൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധരായി തുടരുകയും ചെയ്യുന്നു.
ഈ മഹാകുംഭത്തിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിലെത്തിയ ഭക്തരുടെ എണ്ണം പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല. എന്നാൽ നേരിട്ടെത്തിയവരെ കൂടാതെ, പ്രയാഗ്‌രാജിൽ എത്താൻ കഴിയാത്ത കോടിക്കണക്കിന് പേരും ആ അവസരവുമായി വൈകാരികമായി ആഴത്തിൽ ബന്ധപ്പെട്ടിരുന്നു. തീർത്ഥാടകർ കൊണ്ടുവന്ന പുണ്യജലം ദശലക്ഷക്കണക്കിന് പേർക്ക് ആത്മീയ ആനന്ദത്തിന്റെ ഉറവിടമായി മാറി. മഹാകുംഭത്തിൽ നിന്ന് മടങ്ങിയെത്തിയ പലരെയും അവരുടെ ഗ്രാമങ്ങളിൽ ആദരവോടെ സ്വീകരിച്ചു, സമൂഹം ആദരിച്ചു.
കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ സംഭവിച്ചത് അഭൂതപൂർവമായ സംഭവമാണ്, അത് വരും നൂറ്റാണ്ടുകൾക്ക് ഒരു അടിത്തറ പാകി.
പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ഭക്തർ പ്രയാഗ്‌രാജിൽ എത്തി. കുംഭത്തിന്റെ മുൻകാല അനുഭവങ്ങളെ അടിസ്ഥാനമാക്കി ഭരണകൂടം പങ്കെടുക്കുന്നവരുടെ ഏകദേശം എണ്ണം കണക്കാക്കിയിരുന്നു.
ഐക്യത്തിന്റെ ഈ മഹാകുംഭത്തിൽ അമേരിക്കൻ ഐക്യനാടുകളിലെ ജനസംഖ്യയുടെ ഇരട്ടി ജനങ്ങൾ പങ്കെടുത്തു.
കോടിക്കണക്കിന് ഇന്ത്യക്കാരുടെ ആവേശകരമായ പങ്കാളിത്തത്തെ ആത്മീയ പണ്ഡിതന്മാർ വിശകലനം ചെയ്താൽ, തങ്ങളുടെ പൈതൃകത്തിൽ അഭിമാനിക്കുന്ന ഇന്ത്യ ഇപ്പോൾ പുതിയൊരു ഊർജ്ജവുമായി മുന്നേറുകയാണെന്ന് അവർക്ക് മനസ്സിലാകും. ഇത് ഒരു നവ യുഗത്തിന്റെ ഉദയമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അത് ഒരു നവ ഇന്ത്യയുടെ ഭാവി രചിക്കും.
ആയിരക്കണക്കിന് വർഷങ്ങളായി, മഹാകുംഭം ഇന്ത്യയുടെ ദേശീയ അവബോധത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഓരോ പൂർണകുംഭത്തിലും, ഒത്തുചേരുന്ന സന്യാസിമാർ, പണ്ഡിതർ, ചിന്തകർ എന്നിവർ അവരുടെ കാലഘട്ടത്തിലെ സമൂഹത്തിന്റെ അവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാറുണ്ടായിരുന്നു. അവരുടെ ചിന്തകൾ രാഷ്‌ട്രത്തിനും സമൂഹത്തിനും ഒരു പുതിയ ദിശാബോധം നൽകിയിരുന്നു. ഓരോ ആറ് വർഷത്തിലും, അർദ്ധകുംഭത്തിൽ, ഈ ആശയങ്ങൾ അവലോകനം ചെയ്യപ്പെട്ടു. 144 വർഷക്കാലത്തിനിടയിലെ 12 പൂർണകുംഭ പരിപാടികൾക്ക് ശേഷം, കാലഹരണപ്പെട്ട പാരമ്പര്യങ്ങൾ ഉപേക്ഷിക്കപ്പെട്ടു, പുതിയ ആശയങ്ങൾ സ്വീകരിച്ചു, കാലാനുസൃതമായി പുതിയ പാരമ്പര്യങ്ങൾ സൃഷ്ടിക്കപ്പെട്ടു.
144 വർഷങ്ങൾക്ക് ശേഷം, ഈ മഹാകുംഭത്തിൽ, നമ്മുടെ സന്യാസിമാർ വീണ്ടും ഇന്ത്യയുടെ വികസന യാത്രയ്‌ക്ക് – വികസിത ഭാരതം എന്ന പുതിയ സന്ദേശം നൽകി.
ഗ്രാമങ്ങളിൽ നിന്നോ നഗരങ്ങളിൽ നിന്നോ, രാജ്യത്തിനകത്ത് നിന്നോ വിദേശത്ത് നിന്നോ, കിഴക്ക് നിന്നോ പടിഞ്ഞാറ് നിന്നോ, വടക്ക് നിന്നോ തെക്ക് നിന്നോ ഉള്ള എല്ലാ തീർത്ഥാടകരും ജാതി, മതം, പ്രത്യയശാസ്ത്രം എന്നിവ പരിഗണിക്കാതെ ഐക്യത്തിന്റെ ഈ മഹാകുംഭത്തിൽ ഒത്തുചേർന്നു. കോടിക്കണക്കിന് ജനങ്ങളിൽ ആത്മവിശ്വാസം നിറച്ച ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ദർശനത്തിന്റെ ഒരു മൂർത്ത രൂപമായിരുന്നു ഇത്. ഇനി, വികസിത ഭാരതത്തെ കെട്ടിപ്പടുക്കുക എന്ന ദൗത്യത്തിനായി നാം ഇതേ ആവേശത്തോടെ ഒന്നിക്കണം.
ഒരു കൊച്ചുകുട്ടിയായിരിക്കെ, ശ്രീകൃഷ്ണൻ തന്റെ വായ്‌ക്കുള്ളിൽ പ്രപഞ്ചത്തിന്റെ മുഴുവൻ ചിത്രവും അമ്മ യശോദയ്‌ക്ക് ദൃശ്യമാക്കിയ സംഭവം എനിക്ക് ഓർമ്മ വരുന്നു. അതുപോലെ, ഈ മഹാകുംഭമേളയിൽ, രാജ്യത്തിലെയും ലോകത്തിലെയും ജനങ്ങൾ ഇന്ത്യയുടെ കൂട്ടായ ശക്തിയുടെ വമ്പിച്ച സാധ്യതകൾക്ക് സാക്ഷ്യം വഹിച്ചു. ഈ ആത്മവിശ്വാസത്തോടെ നാം ഇപ്പോൾ മുന്നോട്ട് പോകുകയും വികസിത ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനായി സ്വയം സമർപ്പിക്കുകയും വേണം.
നേരത്തെ, ഭക്തി പ്രസ്ഥാനത്തിലെ സന്യാസിമാർ ഇന്ത്യയിലുടനീളം നമ്മുടെ കൂട്ടായ പ്രതിജ്ഞയുടെ ശക്തി തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചിരുന്നു. സ്വാമി വിവേകാനന്ദൻ മുതൽ ശ്രീ അരബിന്ദോ വരെയുള്ള മഹാന്മാരായ എല്ലാ ചിന്തകരും നമ്മുടെ കൂട്ടായ തീരുമാനങ്ങളുടെ ശക്തിയെക്കുറിച്ച് നമ്മെ ഓർമ്മിപ്പിച്ചു. സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധി പോലും അത് അനുഭവിച്ചു. സ്വാതന്ത്ര്യാനന്തരം, ഈ കൂട്ടായ ശക്തി ശരിയായി തിരിച്ചറിയപ്പെടുകയും എല്ലാവരുടെയും ക്ഷേമം വർദ്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുകയും ചെയ്തിരുന്നെങ്കിൽ, പുതുതായി സ്വതന്ത്രമായ ഒരു രാഷ്‌ട്രത്തിന് അത് ഒരു വലിയ കരുത്തായി മാറുമായിരുന്നു. നിർഭാഗ്യവശാൽ, അത് നേരത്തെ സംഭവിച്ചില്ല. എന്നാൽ ഇപ്പോൾ, വികസിത ഇന്ത്യയ്‌ക്കായി ജനങ്ങളുടെ ഈ കൂട്ടായ ശക്തി ഒത്തുചേരുന്നത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്.
വേദങ്ങൾ മുതൽ വിവേകാനന്ദൻ വരെ, പുരാതന ഗ്രന്ഥങ്ങൾ മുതൽ ആധുനിക ഉപഗ്രഹങ്ങൾ വരെ, ഇന്ത്യയുടെ മഹത്തായ പാരമ്പര്യങ്ങൾ ഈ രാഷ്‌ട്രത്തെ രൂപപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ പൂർവ്വികരുടെയും സന്യാസിമാരുടെയും ഓർമ്മകളിൽ നിന്ന് പുതിയ പ്രചോദനം ഉൾക്കൊള്ളാൻ നമുക്ക് കഴിയട്ടെ എന്ന് ഒരു പൗരനെന്ന നിലയിൽ ഞാൻ പ്രാർത്ഥിക്കുന്നു. പുതിയ ലക്ഷ്യങ്ങളുമായി മുന്നോട്ട് പോകാൻ ഐക്യത്തിന്റെ ഈ മഹാ കുംഭം നമ്മെ സഹായിക്കട്ടെ. ഐക്യത്തെ നമ്മുടെ മാർഗ്ഗനിർദ്ദേശ തത്വമാക്കാം. രാഷ്‌ട്രസേവനം ദൈവസേവനമാണെന്ന ബോധത്തോടെ നമുക്ക് പ്രവർത്തിക്കാം.
കാശിയിലെ എന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഗംഗാ മാതാവ് എന്നെ വിളിച്ചതായി ഞാൻ പറഞ്ഞിരുന്നു . ഇത് കേവലം ഒരു ചിന്തയല്ല, മറിച്ച് നമ്മുടെ പുണ്യനദികളുടെ ശുചിത്വത്തോടുള്ള നമ്മുടെ ഉത്തരവാദിത്വത്തിന്റെ ആഹ്വാനമായിരുന്നു. പ്രയാഗ്‌രാജിലെ ഗംഗ, യമുന, സരസ്വതി എന്നിവയുടെ സംഗമസ്ഥാനത്ത് നിൽക്കുമ്പോൾ, എന്റെ ദൃഢനിശ്ചയം കൂടുതൽ ശക്തമായി. നമ്മുടെ നദികളുടെ ശുചിത്വം നമ്മുടെ സ്വന്തം ജീവിതവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ചെറുതോ വലുതോ ആയ നദികളെ ജീവദായിനിയായ അമ്മമാരായി ആഘോഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. നമ്മുടെ നദികളുടെ ശുചിത്വത്തിനായി പ്രവർത്തിക്കാൻ ഈ മഹാകുംഭമേള നമ്മെ പ്രചോദിപ്പിച്ചു.
ഇത്രയും വലിയൊരു പരിപാടി സംഘടിപ്പിക്കുന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് എനിക്കറിയാം. നമ്മുടെ പ്രാർത്ഥനകളിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഞങ്ങളോട് ക്ഷമിക്കണമെന്ന് ഞാൻ ഗംഗാ മാതാവിനോടും യമുന മാതാവിനോടും സരസ്വതിയോടും പ്രാർത്ഥിക്കുന്നു. ജനത ജനാർദ്ദനനെ- ജനങ്ങളെ- ദൈവികതയുടെ ഒരു മൂർത്തീഭാവമായിട്ടാണ് ഞാൻ കാണുന്നത്. അവരെ സേവിക്കാനുള്ള നമ്മുടെ ശ്രമങ്ങളിൽ എന്തെങ്കിലും പോരായ്മ സംഭവിച്ചിട്ടുണ്ടെങ്കിൽ, ഞാൻ ജനങ്ങളോടും ക്ഷമ തേടുന്നു.
കോടിക്കണക്കിന് ജനങ്ങൾ ഭക്തിയോടെയാണ് മഹാകുംഭത്തിൽ എത്തിയത്. അവർക്ക് സേവനങ്ങൾ നൽകുക എന്നത് അതേ ഭക്തിയോടെ നിർവഹിക്കപ്പെട്ട ഒരു ഉത്തരവാദിത്വമായിരുന്നു. ഉത്തർപ്രദേശിൽ നിന്നുള്ള ഒരു പാർലമെന്റ് അംഗം എന്ന നിലയിൽ, യോഗി ജിയുടെ നേതൃത്വത്തിൽ ഭരണകൂടവും ജനങ്ങളും ഒരുമിച്ച് ഐക്യത്തിന്റെ ഈ മഹാകുംഭ് വിജയകരമാക്കാൻ പ്രവർത്തിച്ചുവെന്ന് എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും. സംസ്ഥാനമായാലും കേന്ദ്രമായാലും അധികാര കേന്ദ്രങ്ങളോ ഭരണാധികാരികളോ ഉണ്ടായിരുന്നില്ല. പകരം എല്ലാവരും സേവകരായിരുന്നു. ശുചിത്വ തൊഴിലാളികൾ, പോലീസ്, ബോട്ട് ഡ്രൈവർമാർ, ഡ്രൈവർമാർ, ഭക്ഷണം വിളമ്പുന്നവർ – എല്ലാവരും അക്ഷീണം പ്രവർത്തിച്ചു. നിരവധി അസൗകര്യങ്ങൾ നേരിട്ടിട്ടും പ്രയാഗ്‌രാജിലെ ജനങ്ങൾ തുറന്ന മനസ്സോടെ തീർത്ഥാടകരെ സ്വീകരിച്ച രീതി പ്രത്യേകിച്ചും പ്രചോദനാത്മകമായിരുന്നു. അവരോടും ഉത്തർപ്രദേശിലെ ജനങ്ങളോടും ഞാൻ എന്റെ ഹൃദയംഗമമായ നന്ദിയും കടപ്പാടും അറിയിക്കുന്നു.
നമ്മുടെ രാജ്യത്തിന്റെ ശോഭനമായ ഭാവിയിൽ എനിക്ക് എപ്പോഴും അചഞ്ചലമായ ആത്മവിശ്വാസമുണ്ട്. ഈ മഹാകുംഭത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് എന്റെ ഈ ബോധ്യത്തെ പലമടങ്ങ് ശക്തിപ്പെടുത്തി.
140 കോടി ഇന്ത്യക്കാർ ഐക്യത്തിന്റെ മഹാകുംഭത്തെ ഒരു ആഗോള അവസരമാക്കി മാറ്റിയ രീതി വിസ്മയാവഹമാണ്. നമ്മുടെ ജനങ്ങളുടെ സമർപ്പണത്തിലും, ഭക്തിയിലും, പരിശ്രമത്തിലും ആവേശഭരിതനായി, 12 ജ്യോതിർലിംഗങ്ങളിൽ ആദ്യത്തേതായ ശ്രീ സോമനാഥനെ ഞാൻ ഉടൻ സന്ദർശിക്കും. ഈ കൂട്ടായ ദേശീയ പരിശ്രമങ്ങളുടെ ഫലം ഭഗവാന് സമർപ്പിക്കുകയും ഓരോ ഇന്ത്യക്കാരനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യും.
മഹാ കുംഭത്തിന്റെ ഭൗതിക രൂപത്തിന് മഹാശിവരാത്രിയിൽ വിജയകരമായ പരിസമാപ്തിയായി. എന്നാൽ ഗംഗയുടെ നിത്യപ്രവാഹം പോലെ, മഹാകുംഭം ഉണർത്തിയ ആത്മീയ ശക്തി, ദേശീയബോധം, ഐക്യം എന്നിവ നമ്മെയും വരും തലമുറകളെയും എന്നും പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക