India

ഹര ഹര മഹാദേവ്… ഹര ഹര ഗംഗേ… മഹാകുംഭമേളയ്‌ക്ക് ശുഭസമാപനം, ഭക്തകോടികള്‍ക്ക് പുണ്യസ്‌നാനം

പ്രയാഗ് രാജ്: സനാതന സംസ്‌കൃതിയുടെ നേര്‍ക്കാഴ്ച ലോകത്തിന് സമ്മാനിച്ച മഹാകുംഭമേളയ്‌ക്ക് ശുഭ സമാപനം. പ്രയാഗ്രാജിലെ ത്രിവേണീ സംഗമത്തിലേക്ക് സമാപന ദിവസമായ ഇന്നലെയും ഗംഗാപ്രവാഹം പോലെ ഭക്തര്‍ ഒഴുകിയെത്തി.

മഹാശിവരാത്രി ദിനത്തില്‍ ത്രിവേണിയിലെ പുണ്യതീര്‍ത്ഥത്തില്‍ ഹര ഹര മഹാദേവ്… ഹര ഹര ഗംഗേ… മന്ത്രങ്ങള്‍ ഉരുവിട്ട് ഭക്തര്‍ പുണ്യസ്‌നാനം ചെയ്തു. ശംഖും വിവിധ വാദ്യങ്ങളും മുഴങ്ങിയ അന്തരീക്ഷത്തില്‍ പുഷ്പവൃഷ്ടി നടത്തി ഹെലിക്കോപ്റ്റര്‍ കുംഭമേള നഗരിയെ വലംവച്ചു. പുലര്‍ച്ചെ ആരംഭിച്ച സ്‌നാനം രാത്രി വരെ നീണ്ടു. സമാപന ദിവസം വ്യോമസേന എയര്‍ഷോയും സംഘടിപ്പിച്ചിരുന്നു.

ആത്മീയ ഉണര്‍വ്, വിശ്വാസം, ഭക്തി എന്നിവ സംഗമിച്ച അസുലഭ മുഹൂര്‍ത്തത്തിനാണ് ജനുവരി 13 മുതല്‍ ത്രിവേണീ സംഗമം സാക്ഷിയായത്. സംന്യാസിവര്യന്മാര്‍ മുതല്‍ സാധാരണക്കാര്‍ വരെ ഒരേ ചിന്തയോടെ ത്രിവേണീ സംഗമത്തില്‍ മുങ്ങി നിവര്‍ന്നു. പുണ്യതീര്‍ത്ഥത്തിലെ സ്‌നാനം പുഞ്ചിരിയും ആനന്ദക്കണ്ണീരും മുതല്‍ ഊര്‍ജവും ചൈതന്യവും വരെ ഓരോരുത്തരിലും നിറച്ചു.

ഇന്നലെ രാത്രി എട്ടിന് യുപി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുപ്രകാരം 66 കോടിയിലധികം പേരാണ് സ്‌നാനം ചെയ്തത്. ഇന്നലെ രാവിലെ മുതല്‍ വൈകിട്ട് വരെ മാത്രം 1.53 കോടി ഭക്തരാണ് പുണ്യസ്‌നാനം നടത്തിയത്. പ്രയാഗ്‌രാജില്‍ 40 കോടി ഭക്തരെത്തുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ. എന്നാല്‍ ഈ കണക്കുകളെല്ലാം തെറ്റിച്ചാണ് ഭക്തര്‍ ഒഴുകിയെത്തിയത്.

രാജ്യത്തിനകത്തും പുറത്തുനിന്നുമെത്തിയ ലക്ഷക്കണക്കിന് ഭക്തര്‍ക്ക് ആവശ്യമായ എല്ലാ ക്രമീകരണവും കുംഭമേളയുടെ സമാപന ദിവസവും തുടര്‍ന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗോരഖ്നാഥ് ക്ഷേത്രത്തിലെ കണ്‍ട്രോള്‍ റൂമിലിരുന്ന് പുലര്‍ച്ചെ മുതല്‍ ക്രമീകരണങ്ങള്‍ നിരീക്ഷിച്ചു.

ചീഫ് സെക്രട്ടറി മനോജ്കുമാര്‍ സിങ്, ഡിജിപി പ്രശാന്ത്കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ നേരിട്ട് നിയന്ത്രിച്ചു. എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് ആസ്ഥാനം എന്നിവിടങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ സംഗമത്തിലെയും ഗംഗാനദിയിലെയും സുരക്ഷാ നടപടികള്‍ അവലോകനം ചെയ്തു. ഓരോ തീര്‍ത്ഥാടകന്റെയും സ്‌നാനം അവസാന ദിവസവും സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം.

144 വര്‍ഷത്തിനു ശേഷമുള്ള മഹാകുംഭമേളയിലൂടെ 45 ദിവസം ലോകം കണ്ടത് സനാതന സംസ്‌കൃതിയുടെ വിരാടരൂപം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക