Kerala

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; അഫാന് വിദഗ്ധ പരിശീലനം ലഭിച്ചോ? സൗഹൃദവലയം തേടി പോലീസ്

Published by

തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ കൂട്ടക്കൊല നടത്തിയ അഫാന് ഒറ്റയടിക്ക് ഇരയെ നിശബ്ദമാക്കാനും കീഴടക്കാനുമുള്ള വിദഗ്ധ പരിശീലനം ലഭിച്ചോ എന്നറിയാന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അഫാന്റെ സൗഹൃദവലയങ്ങളും ഇന്റര്‍നെറ്റിലെ സെര്‍ച്ച് ഹിസ്റ്ററിയും തേടി പോലീസ്.

മര്‍മ്മംനോക്കി പ്രഹരിച്ച് ഇരയെ കൊലപ്പെടുത്തുന്ന തീവ്രവാദികളുടെ തന്ത്രം അഫാന്‍ ഉപയോഗിച്ചെന്ന് വ്യക്തമായതോടെയാണ് ആ വഴിക്കും അന്വേഷണം ആരംഭിച്ചത്. പരിശീലനം ലഭിക്കാത്ത ഒരാള്‍ക്ക് ശബ്ദംപോലും പുറത്തുകേള്‍ക്കാത്തവിധം ഇത്ര കൃത്യതയോടെ കൂട്ടക്കൊലപാതകം നടത്താന്‍ സാധിക്കില്ലെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. നാട്ടില്‍ അധികമാരുമായും സൗഹൃദമില്ലാതെ അധികം സംസാരിക്കാത്ത ശാന്തനും സൗമ്യനുമായി വീട്ടിലൊതുങ്ങിയിരുന്ന യുവാവിന്റെ കൊലപാതക പരിശീലന വഴി കണ്ടെത്താന്‍ ഇയാളുടെ രാത്രികാല യാത്രകളും സൗഹൃദവലയങ്ങളും ഉള്‍പ്പെടെ സൂക്ഷ്മമായി പഠിച്ചു തുടങ്ങി.

പകല്‍ അനുജനുമായി ഭക്ഷണം വാങ്ങാനും മറ്റും ബൈക്കില്‍ പുറത്തുപോകുമെന്നല്ലാതെ തൊട്ടടുത്ത പേരുമല ജങ്ഷനില്‍ അഫാന് ആരുമായും അധികം ബന്ധമില്ല. രോഗിയായ അമ്മയും അനുജനും മാത്രമുള്ള വീട്ടില്‍ അഫാന്റെ രാത്രികാല യാത്രകളും മറ്റും ശ്രദ്ധിക്കാനും ആരുമുണ്ടായിരുന്നില്ല. പുതിയ ബൈക്കില്‍ രാത്രിസമയത്ത് ചുറ്റിക്കറങ്ങിയിരുന്ന അഫാന്‍ ആലുവിള ജങ്ഷനിലെ തട്ടുകടയിലും കലുങ്കിന്‍മുഖത്തെ ചില കടകളിലും രാത്രിയില്‍ എത്താറുണ്ടായിരുന്നെന്നാണ് സൂചന. വെഞ്ഞാറമൂട് മേഖലയിലെ തീവ്രവാദ സ്വഭാവമുള്ളവരുടെ സംഘം കേന്ദ്രീകരിക്കുന്ന ഇടങ്ങളാണിതെല്ലാം. ഇവരില്‍ നിന്ന് ചുറ്റികകൊണ്ടുള്ള ആക്രമണത്തിന് പരിശീലനം ലഭിച്ചിരുന്നോ എന്നും സംശയമുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by