India

രാജ്യത്തെ മുഴുവൻ പൗരന്മാർക്കും പെൻഷൻ ലഭ്യമാക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ

Published by

ന്യൂഡൽഹി: രാജ്യത്തെ മുഴുവൻ പൗരന്മാർക്കും പെൻഷൻ ലഭ്യമാക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ. അസംഘടിതമേഖലയിലെ തൊഴിലാളികളെയടക്കം ഉൾപ്പെടുത്തിയാകും പുതിയ പദ്ധതി നടപ്പാക്കുക. നിലവിൽ വിവിധ മേഖലകളിലുള്ള പെൻഷൻ പദ്ധതികളെ ലയിപ്പിച്ചാകും സമ​ഗ്ര പെൻഷൻ പദ്ധതി നടപ്പാക്കുക. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്.) പദ്ധതിയിൽനിന്ന് വ്യത്യസ്തമാവും പുതിയ പെൻഷൻ പദ്ധതി.

നിലവിലെ ഇ-ശ്രം പോർട്ടൽ കണക്കുപ്രകാരം 30.67 കോടി അസംഘടിതതൊഴിലാളികളുണ്ട്. ഈവർഷം തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിൽ 2.97 കോടി പേരാണ് ഇൗ മേഖലയിലുള്ളത്. ഉത്തർപ്രദേശ്(8.38 കോടി) കഴിഞ്ഞാൽ രണ്ടാംസ്ഥാനത്താണ് ബിഹാർ.

മാസം 1000 മുതൽ 1500 വരെ ലഭിക്കുന്ന അടൽ പെൻഷൻ യോജന, വഴിയോരക്കച്ചവടക്കാർ, വീട്ടുജോലിക്കാർ, തൊഴിലാളികൾ തുടങ്ങിയവർക്കുള്ള പി.എം.-എസ്.വൈ.എം, 60 വയസ്സായാൽ കർഷകർക്ക്‌ മാസം 3000 രൂപ ലഭിക്കുന്ന കിസാൻ മാൻധൻ യോജന, ഗിഗ് തൊഴിലാളികൾക്ക് പ്രഖ്യാപിച്ച പദ്ധതികൾ തുടങ്ങിയവ ലയിപ്പിച്ചാകും പുതിയ പദ്ധതി നടപ്പാക്കുക.

ഗിഗ് തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനായി ഇ-ശ്രം പോർട്ടലിൽ രജിസ്ട്രേഷൻ തുടങ്ങി. ഇവർക്ക് തിരിച്ചറിയൽകാർഡ് നൽകും. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പ്രകാരം (പി.എം.-ജെ.വൈ.) ആരോഗ്യ പരിരക്ഷാസൗകര്യങ്ങൾ ഉറപ്പാക്കും. അർബൻ കമ്പനി, സൊമാറ്റോ, ബ്ലിങ്കിറ്റ്, അങ്കിൾ ഡെലിവറി എന്നീ നാല് പ്രധാന സേവനദാതാക്കളാണ് തൊഴിലാളികളെ ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർചെയ്തത്.

രാജ്യത്തെ എല്ലാവർക്കും 60 വയസ് തികയുമ്പോൾ പെൻഷൻ എന്നതാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു എന്നാണ് റിപ്പോർട്ട്.വീട്ടുജോലിക്കാർ, ഒരുകോടിയിലധികം വരുന്ന ഗിഗ് വർക്കർമാർ, നിർമാണത്തൊഴിലാളികൾ, സൈക്കിൾ-ഇ-റിക്ഷാ തൊഴിലാളികൾ, സ്വയംതൊഴിൽ കണ്ടെത്തിയവർ, സ്വകാര്യജീവനക്കാർ തുടങ്ങിയവർക്കൊക്കെ പുതിയ പെൻഷൻ പദ്ധതി ​ഗുണകരമാകും. അതേസമയം, നിലവിലുള്ള ദേശീയ പെൻഷൻപദ്ധതിക്ക് പകരമാകില്ല സമ​ഗ്ര പെൻഷൻ പദ്ധതി .

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by