40 ട്രാവല്‍ ഏജന്റുമാരുടെ ലൈസന്‍സ് റദ്ദാക്കി
അമൃത്സര്‍: നിയമ വിരുദ്ധമായി യുഎസിലേക്ക് യുവാക്കളെ കയറ്റി അയച്ചിരുന്ന പഞ്ചാബിലെ വ്യാജ ട്രാവല്‍ ഏജന്റുകള്‍ക്കെതിരെ നടപടി. അനധികൃതമായി യുവാക്കളേയും മറ്റും യുഎസിലേക്കെത്തിച്ചിരുന്ന 40 വ്യാജ ട്രാവല്‍ ഏജന്റുമാരുടെ ലൈസന്‍സ് റദ്ദാക്കി. അനധികൃതമായി കുടിയേറിയ ഭാരതീയരെ യുഎസില്‍ നിന്ന്കഴിഞ്ഞ ദിവസങ്ങളില്‍ തിരിച്ചയച്ചിരുന്നു. പലരും ഈ വ്യാജ ട്രാവല്‍ ഏജന്റുമാര്‍ മുഖേനയാണ് യുഎസിലെത്തിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
അമിത ഫീസ് വാങ്ങിയാണ് ഈ ട്രാവല്‍ ഏജന്റുമാര്‍ ആളുകളെ അയച്ചിരുന്നത്. കൂടാതെ ചില ഐഇഎല്‍ടിഎസ് സെന്ററുകളുടെ ലൈസന്‍സുകളും റദ്ദാക്കിയിട്ടുണ്ട്. ലൈസന്‍സ് പുതുക്കാത്ത 271 ട്രാവല്‍ ഏജന്റുമാര്‍ക്ക് അമൃത്സര്‍ പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ട്രാവല്‍ ഏജന്റുമാരുടെയും ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റുകളുടെയും ഓഫീസുകളിലെ രേഖകള്‍ പരിശോധിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാരും (എസ്ഡിഎം) നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ 333 ഭാരതീയര്‍ രാജ്യത്തേക്ക് തിരികെ വന്നിട്ടുണ്ട്. ഇതില്‍ 126 പേര് പഞ്ചാബില്‍ നിന്നുള്ളവരാണ്. ഇതില്‍ ഏഴ് പേര് ട്രാവല്‍ ഏജന്‍സിക്കെതിരെ പരാതി നല്കി.
തട്ടിപ്പുമായി ബന്ധപ്പെട്ട് 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്നും മൂന്ന് ട്രാവല്‍ ഏജന്റുമാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: