ബെംഗളൂരു: ബെംഗളൂരു– ചെന്നൈ എക്സ്പ്രസ് വേയുടെ ഭാഗമായി, കർണാടകയിലൂടെ കടന്നുപോകുന്ന 68 കിലോമീറ്റർ പാത ഗതാഗതത്തിനു പൂർണമായും തുറന്നു. പാതയുടെ ഔദ്യോഗിക ഉദ്ഘാടനം ഈ വർഷം അവസാനത്തോടെ ഉണ്ടാകുമെന്ന് ദേശീയ പാത അതോറിറ്റി (എൻഎച്ച്എഐ) അറിയിച്ചു. പാതയിലെ സൈൻബോർഡുകൾ, നെയിംബോർഡുകൾ, സൈനേജുകൾ, ഡിജിറ്റൽ ബോർഡുകൾ എന്നിവയുൾപ്പെടെയുള്ള നിർമാണ ജോലികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. പാത നിലവിൽ പൂർണ്ണമായും പ്രവർത്തനക്ഷമമാണ്. ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷമേ ഇതുവഴിയുള്ള ടോൾ നിശ്ചയിക്കു. വേഗത പരിധി മണിക്കൂറിൽ 100 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
ഹൊസകോട്ട് ഇന്റർചേഞ്ച് മുതൽ ചെന്നൈ വരെയുള്ള 280 കിലോമീറ്റർ നീളമുള്ള അതിവേഗ പാത മൂന്ന് സംസ്ഥാനങ്ങളെയാണ് ബന്ധിപ്പിക്കുന്നത്. നിലവിൽ, ഹൊസകോട്ട് മുതൽ ആന്ധ്രാപ്രദേശ് അതിർത്തിയായ സുന്ദരപാളയ വരെയുള്ള റോഡ് ഗതാഗതത്തിനായി തുറന്നിട്ടുണ്ട്. എന്നാൽ ആന്ധ്രാപ്രദേശ്, തമിഴ്‌നാട് ഭാഗങ്ങളിൽ നിർമാണജോലികൾ പുരോഗമിക്കുകയാണ്. മുഴുവൻ എക്സ്പ്രസ് വേയും വർഷാവസാനത്തോടെ പ്രവർത്തനക്ഷമമായേക്കും. എക്സ്പ്രസ് വേയിൽ മാലൂർ, ബംഗാർപേട്ട്, സുന്ദരപാളയ എന്നിവിടങ്ങളിൽ മൂന്ന് ഇന്റർചേഞ്ചുകളുണ്ട്. പാത പൂർണമായി യാഥാർഥ്യമാകുന്നതോടെ 4 വരി പാതയിലൂടെ 3–4 മണിക്കൂർ കൊണ്ട് ബെംഗളൂരു–ചെന്നൈ യാത്ര ചെയ്യാം.
ഹൊസ്കോട്ടെ– മാലൂർ (26.40 കിലോമീറ്റർ), മാലൂർ– ബംഗാർപേട്ട് (27.10 കിലോമീറ്റർ), ബംഗാർപേട്ട്– ബേതമംഗല (17,50 കിലോമീറ്റർ) എന്നീ 3 ഘട്ടങ്ങളിലാണ് നിർമാണം പൂർത്തിയായത്. 2022ൽ പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ട പാതയാണിത്. 16,370 കോടിരൂപ ചെലവിൽ നിർമിക്കുന്ന എക്സ്പ്രസ് വേയ്‌ക്കായി 2,650 ഏക്കർ ഭൂമിയാണ് ഏറ്റെടുത്തത്. 71 അടിപ്പാതകൾ, 31 വലിയ പാലങ്ങൾ, 6 ടോൾ പ്ലാസകൾ എന്നിവ പദ്ധതിയുടെ ഭാഗമാണ്. എക്സ്പ്രസ് വേയിൽ കർണാടകയിലൂടെ കടന്നുപോകുന്ന പാതയിൽ 2 ടോൾ ബൂത്തുകളുണ്ടാകും. കോലാർ ജില്ലയിലെ ബെല്ലാവി, സുന്ദർപാളയ എന്നിവിടങ്ങളിലാണ് ടോൾ ബൂത്തുകൾ തുറക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക