ലഖ്നൗ : ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്നുകൊണ്ടിരിക്കുന്ന മഹാ കുംഭമേളയിൽ ലക്ഷക്കണക്കിന് ആളുകൾ വിശ്വാസത്തോടും ഭക്തിയോടും കൂടി സ്‌നാനം ചെയ്യാൻ എത്തുന്നുണ്ട്. എന്നാൽ ചിലർ സേവന മനോഭാവത്തോടെയും ഈ മഹത്തായ ഉത്സവവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരത്തിലുള്ളതാണ് ദിയോറിയയിലെ സാഹിൽ രാജ്ഭറിന്റെ ഹൃദയസ്പർശിയായ ഒരു കഥ.
മരിച്ചു പോയ അമ്മയുടെ സ്മരണയ്‌ക്കായി സാഹിൽ കുംഭമേളയിൽ ഒരു സേവന പ്രവർത്തനം നടത്തുകയാണ്. അദ്ദേഹം എല്ലാ ദിവസവും സ്ത്രീകൾക്ക് സൗജന്യമായി ചായ വിളമ്പുന്നു, ഈ ജോലിയിലൂടെ അദ്ദേഹം തന്റെ അമ്മയ്‌ക്ക് ആദരാഞ്ജലി അർപ്പിക്കുകയാണ്. സാഹിലിന്റെ ഈ പ്രവൃത്തി മഹാ കുംഭമേളയ്‌ക്ക് വരുന്ന സ്ത്രീകൾക്ക് മാത്രമല്ല ഗുണകരമാകുന്നത് മറിച്ച് അദ്ദേഹത്തിന്റെ സേവന മനോഭാവം ജനങ്ങളുടെ ഹൃദയങ്ങളെയും സ്പർശിക്കുന്നുണ്ട്.
താൻ അമ്മയെ വളരെയധികം സ്നേഹിച്ചിരുന്നു, പക്ഷേ നിർഭാഗ്യവശാൽ അമ്മ മരിച്ചുപോയി. തന്റെ അമ്മയുടെ സ്മരണയ്‌ക്കായി മഹാ കുംഭമേളയിൽ സ്ത്രീകൾക്ക് സൗജന്യ ചായ നൽകുന്ന ഒരു സവിശേഷ നടപടി സ്വീകരിച്ചു. ഈ സേവനം തന്റെ അമ്മയുടെ ഓർമ്മകൾ നിലനിർത്തുമെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ തന്റെ അമ്മയെപ്പോലെ ആളുകളുടെ മുഖത്ത് പുഞ്ചിരി കൊണ്ടുവരാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്. ആളുകളുടെ ഹൃദയങ്ങളെ സ്പർശിക്കുന്ന മഹാകുംഭ ഗാനങ്ങളും സാഹിൽ ആലപിക്കുന്നുണ്ട്. മഹാ കുംഭമേളയിൽ സാഹിൽ രാജ്ഭർ എല്ലാ ദിവസവും വീട്ടിൽ നിന്ന് ചായ കൊണ്ടുവന്ന് ഭക്തർക്ക് വിളമ്പുന്നു. അയാൾ സ്ത്രീകൾക്ക് സൗജന്യമായി ചായ കൊടുക്കുന്നു, പുരുഷന്മാരിൽ നിന്ന് പത്ത് രൂപ ഈടാക്കുന്നു. തനിക്ക് അമ്മയില്ലാത്തതിനാൽ എല്ലാ സ്ത്രീകളിലും അമ്മയുടെയും സഹോദരിയുടെയും പ്രതിച്ഛായയാണ് താൻ കാണുന്നതെന്ന് സാഹിൽ പറഞ്ഞു.
ഈ ആശയം തനിക്ക് സ്വയം തോന്നിയതാണെന്ന് സാഹിൽ പറഞ്ഞു. അദ്ദേഹത്തിന്റെ അമ്മ എപ്പോഴും ആളുകളെ സഹായിക്കുന്ന ഒരു സാമൂഹിക പ്രവർത്തകയായിരുന്നു. ഇതും തനിക്ക് പ്രചോദനമായിയെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: