കൊച്ചി: സംസ്ഥാനത്ത് താപതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര അന്തരീക്ഷ ശാസ്ത്രകേന്ദ്രം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ രണ്ടു മുതല്‍ നാലു ഡിഗ്രി വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഔദ്യോഗികമായി വേനല്‍ക്കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇത്തരത്തില്‍ താപതരംഗ മുന്നറിയിപ്പ് എത്തുന്നത് അപൂര്‍വമാണ്. നേരത്തെ പുതുവര്‍ഷം പിറന്ന ദിനത്തില്‍ തന്നെ താപനില ഉയരുമെന്ന മുന്നറിയിപ്പ് വന്നിരുന്നു.
സംസ്ഥാനത്ത് മലയോരങ്ങളിലൊഴികെ പകല്‍ സമയത്തെ കൂടിയ താപനില ശരാശരി താപനില 37 ഡിഗ്രിക്ക് മുകളിലാണ്. ഇന്നലെ എറണാകുളം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തി മേഖലകളില്‍ 40 ഡിഗ്രിക്ക് അടുത്ത് വരെ താപനില രേഖപ്പെടുത്തി. പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ ശരാശരി താപനില 38 ഡിഗ്രിക്ക് മുകളിലാണ്. കാസര്‍കോട് ജില്ലയില്‍ 37 ഡിഗ്രിക്ക് മുകളിലും താപനില രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസം തന്നെ കണ്ണൂരില്‍ താപനില 40 ഡിഗ്രി കടന്നിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ 40.4 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. രാത്രി സമയത്തെ കുറഞ്ഞ താപനിലയും കൂടി വരികയാണ്. ശരാശരി താപനില 25 ഡിഗ്രിക്ക് മുകളിലാണിത്. എന്നാല്‍ 27, 28, മാര്‍ച്ച് ഒന്ന് തീയതികളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്‌ക്ക് സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ ചിലയിടങ്ങളില്‍ ഇടിയോട് കൂടിയ ശക്തമായ മഴയും എത്തും. കഴിഞ്ഞ ഏതാനം ദിവസമായി വിവിധയിടങ്ങളില്‍ മഴ ലഭിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക