ഗാസിയാബാദ് : ഹിജാബ് ഊരിമാറ്റി പരീക്ഷാ കേന്ദ്രത്തിലേക്ക് പോയി നിയമങ്ങൾ അനുസരിച്ച് പരീക്ഷ എഴുതാൻ ആവശ്യപ്പെട്ടതിൽ പ്രതിഷേധിച്ച് പരീക്ഷ എഴുതാതെ മുസ്ലീം പെൺകുട്ടികൾ. ഉത്തർപ്രദേശിലെ ജോൻപൂർ ജില്ലയിലാണ് സംഭവം.
ബോർഡ് എക്സാം നടക്കുന്ന പരീക്ഷാ കേന്ദ്രത്തിന്റെ ഗേറ്റിൽ പരിശോധനയ്‌ക്കിടെ ഹിജാബ് ധരിച്ച പെൺകുട്ടികളോട് നിയമങ്ങൾ പാലിക്കണമെന്ന് പറഞ്ഞതാണ് അവരെ ചൊടിപ്പിച്ചത്. പരീക്ഷാ കേന്ദ്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ആളുകൾ ആ പെൺകുട്ടികളെ ഹിജാബ് ധരിച്ച് അകത്ത് കടക്കാൻ അനുവദിച്ചില്ല. തുടർന്ന് വിദ്യാർത്ഥിനികൾ പരീക്ഷ എഴുതാതെ മടങ്ങി. ഈ കാര്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
പത്താം ക്ലാസിലെ നാല് വിദ്യാർത്ഥിനികൾ പരീക്ഷ എഴുതാൻ സർവോദയ ഇന്റർ കോളേജ് ഖുദൗലി സെന്ററിൽ എത്തിയിരുന്നു. ചട്ടങ്ങൾ പ്രകാരം പരീക്ഷാ കേന്ദ്രത്തിന്റെ ഗേറ്റിൽ പരിശോധന നടന്നിരുന്നു. ഈ സമയത്ത് ചില പെൺകുട്ടികൾ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ വന്നതായി ക്രമീകരണങ്ങളിൽ ഏർപ്പെട്ടിരുന്ന ആളുകൾ കണ്ടു.
അഡ്മിറ്റ് കാർഡിലെ ഫോട്ടോയുമായി പൊരുത്തപ്പെടുന്നതിന് ഹിജാബ് അഴിക്കാൻ അവരോട് ആവശ്യപ്പെട്ടു. അവർ അതിനെ എതിർത്തു. ഹിജാബ് ഊരിമാറ്റിയതിനുശേഷം മാത്രമേ പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിക്കാൻ അനുവദിക്കൂ എന്ന് ആ വിദ്യാർത്ഥിനികളോട് അധ്യാപകർ പറഞ്ഞു. എന്നാൽ ഹിജാബ് അഴിക്കാൻ വിദ്യാർത്ഥിനികൾ വിസമ്മതിച്ചു, തുടർന്ന് നാല് മുസ്ലീം പെൺകുട്ടികൾ നിയമങ്ങൾ പാലിക്കാൻ വിസമ്മതിച്ച് സ്വന്തം വീടുകളിലേക്ക് മടങ്ങുകയാണുണ്ടായത്.
അതേ സമയം ബോർഡ് പരീക്ഷയുടെ പവിത്രത നിലനിർത്തുന്നതിനായി നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് സെന്റർ അഡ്മിനിസ്ട്രേറ്റർ ദിനേശ് ചന്ദ്ര ഗുപ്ത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: