Literature

തന്‌റെ കവിത വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചേ അടങ്ങൂ എന്ന് ശഠിക്കുന്ന സര്‍ക്കാരിനെ പരിഹസിച്ച് ചുള്ളിക്കാട്

Published by

കോട്ടയം: ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തന്‌റെ കവിത വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചേ അടങ്ങൂ എന്ന് ശഠിക്കുന്ന സര്‍ക്കാരിന്‌റെ സിലബസ് കമ്മിറ്റിയെ പരിഹസിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‌റെ കുറിപ്പ് വീണ്ടും.ആവശ്യമില്ലാത്ത വിദ്യാര്‍ത്ഥി സമൂഹത്തിന് മേല്‍ തന്‌റെ കവിത അടിച്ചേല്‍പ്പിക്കരുതെന്ന് എല്ലാ സിലബസ് കമ്മിറ്റിക്കാരോടും ഒരിക്കല്‍ കൂടി അദ്‌ദേഹം അപേക്ഷിക്കുന്നു.
കുറിപ്പ് ഇപ്രകാരമാണ്: ‘പ്ലസ് വണ്‍ മലയാളം പരീക്ഷയുടെ പേപ്പര്‍ നോക്കുകയാണ്. സന്ദര്‍ശനം പാഠപുസ്തകത്തില്‍ ചേര്‍ത്തതിലും വലിയൊരു ശിക്ഷ കവിക്ക് ഇനി കിട്ടാനില്ല. കഷ്ടം തന്നെ.’
‘എന്റെ കൂട്ടുകാരിയായ ഒരു മലയാളം അധ്യാപിക ഇന്നലെ എനിക്ക് അയച്ച സന്ദേശം ആണിത്. ഇക്കാര്യം അക്ഷരംപ്രതി ശരിയാണെന്ന് എനിക്ക് ഉത്തമബോധ്യമുണ്ട് അതുകൊണ്ടാണ് എന്റെ കവിത സ്‌കൂളുകളിലെയും സര്‍വകലാശാലകളിലെയും സിലബസില്‍ നിന്ന് ഒഴിവാക്കണമെന്നും അക്കാദമിക് ആവശ്യങ്ങള്‍ക്ക് വേണ്ടി കവിത ദുരുപയോഗം ചെയ്യരുതെന്നും ഞാന്‍ പണ്ടൊരിക്കല്‍ അധികൃതരോട് അപേക്ഷിച്ചത്. സിലബസ് കമ്മിറ്റിയുടെ ഔദാര്യമുണ്ടെങ്കിലേ കവിയ്‌ക്കും കവിതയ്‌ക്കും നിലനില്‍പ്പുള്ളൂ എങ്കില്‍ ആ നിലനില്‍പ്പ് ഇപ്പോള്‍ എനിക്ക് ആവശ്യമില്ല.
ഞാന്‍ എല്ലാവരുടെയും കവിയല്ല. ചില സുകുമാരബുദ്ധികള്‍ പറയും പോലെ മലയാളത്തിന്റെ പ്രിയ കവിയും അല്ല. മലയാള കവിതയുടെ ചരിത്രത്തില്‍ എനിക്ക് യാതൊരു കാര്യവുമില്ല. എന്റെ സമാനഹൃദയരായ കുറച്ചു വായനക്കാരുടെ മാത്രം കവിയാണ് ഞാന്‍. അവര്‍ക്ക് വായിക്കാനാണ് ഞാന്‍ കവിത എഴുതുന്നത്. സദസിനു മുന്നില്‍ ചൊല്ലിയാലും മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചാലും അത് ഏകാന്തമായ ഒരു സ്മൃതിവിനിമയം ആണ്.
അല്ലാതെ കലാസ്‌നേഹികളായ നാട്ടുകാര്‍ക്ക് മുഴുവന്‍ വായിച്ചു രസിക്കാനോ വിദ്യാര്‍ത്ഥി സമൂഹത്തിന് പഠിക്കാനോ അധ്യാപക സമൂഹത്തിന് പഠിപ്പിക്കാനോ ഗവേഷകര്‍ക്ക് ഗവേഷണം നടത്താനോ വേണ്ടിയല്ല ഞാന്‍ കവിത എഴുതുന്നത്. ആവശ്യമുള്ളവര്‍ മാത്രം വായിക്കേണ്ടതാണ് എന്റെ കവിത. ആര്‍ക്കും ആവശ്യമില്ലെങ്കില്‍ ഞാനും എന്റെ കവിതയും വിസ്മൃതം ആവുകയാണ് വേണ്ടത്. അല്ലാതെ എന്റെ കവിത ആവശ്യമില്ലാത്ത വിദ്യാര്‍ത്ഥി സമൂഹത്തിന് മേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് എല്ലാ സിലബസ് കമ്മിറ്റിക്കാരോടും ഒരിക്കല്‍ കൂടി ഞാന്‍ അപേക്ഷിക്കുന്നു. ദയവായി എന്റെ കവിത പാഠ്യപദ്ധതിയില്‍ നിന്നും ഒഴിവാക്കണം. ഈ അപേക്ഷ ഇതോടൊപ്പം എല്ലാ സര്‍വകലാശാലകള്‍ക്കും വിദ്യാഭ്യാസവകുപ്പിനും അയയ്‌ക്കുന്നു.’

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by