India

സിഖ് വിരുദ്ധ കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം; ശിക്ഷ വിധിക്കുന്നത് 41 വര്‍ഷങ്ങള്‍ക്ക് ശേഷം

1984 ൽ നടന്ന സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസിൽ കോൺ​ഗ്രസ് നേതാവ് സജ്ജൻ കുമാറിന് ജീവപര്യന്തം ശിക്ഷ വിധിച്ച് ദില്ലി വിചാരണ കോടതി. കലാപത്തിനിടെ അച്ഛനും മകനും കൊല്ലപ്പെട്ട കേസിലാണ് വിധി. 41 വര്‍ഷത്തിന് ശേഷമാണ് ഈ കേസില്‍ കോടതിയുടെ ശിക്ഷാവിധി എത്തുന്നത്.

Published by

ന്യൂദല്‍ഹി: ഇന്ദിരാഗാന്ധി തന്റെ അംഗരക്ഷകനായ സിഖുകാരനാല്‍ വെടിയേറ്റ് കൊല്ലപ്പെട്ട ശേഷം 1984 ൽ നടന്ന സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസിൽ കോൺ​ഗ്രസ് നേതാവ് സജ്ജൻ കുമാറിന് ജീവപര്യന്തം ശിക്ഷ വിധിച്ച് ദില്ലി വിചാരണ കോടതി. കലാപത്തിനിടെ അച്ഛനും മകനും കൊല്ലപ്പെട്ട കേസിലാണ് വിധി. 41 വര്‍ഷത്തിന് ശേഷമാണ് ഈ കേസില്‍ കോടതിയുടെ ശിക്ഷാവിധി എത്തുന്നത്.

ദില്ലി വിചാരണ കോടതി സ്പെഷ്യൽ ജഡ്ജ് കാവരേി ബവേജയുടേതാണ് വിധി. പ്രോസിക്യൂഷന്‍ വധശിക്ഷ നല്‍കണമെന്ന് വാദിച്ചെങ്കിലും ജീവപര്യന്തമാണ് നല്‍കിയത്. നിലവിൽ തിഹാർ ജയിലിലാണ് കോൺ​ഗ്രസ് നേതാവ്. ഫെബ്രുവരി 12 ന് കേസിൽ സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് ദൽഹി റോസ് അവന്യു കോടതി കണ്ടെത്തിയിരുന്നു.

അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസെന്ന് പരാമർശിച്ചാണ് പ്രോസിക്യൂഷൻ കേസ് വാദിച്ചത്. വിവിധ മതവിഭാ​ഗങ്ങൾക്കിടയിലുള്ള വിശ്വാസത്തെയും ഐക്യത്തെയും ബാധിക്കുന്ന സംഭവമാണ് ഉണ്ടായതെന്നും അതിനാൽ വധശിക്ഷ നൽകണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ നടന്നത് കൊള്ളയും കൊലയും

ഇന്ദിരാഗാന്ധി സിഖുകാരനായ അംഗരക്ഷകനാല്‍ കൊല്ലപ്പെട്ടതോടെ ദല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ ഗുണ്ടകള്‍ അഴിഞ്ഞാടുകയായിരുന്നു. ആയിരക്കണക്കിന് സിഖുകാര‍് കൊലചെയ്യപ്പെട്ടു. അവരുടെ വീടുകള്‍ കൊള്ളയടിക്കപ്പെട്ടു. പലരും ദല്‍ഹി വിട്ട് പലായനം ചെയ്യേണ്ടിവന്നു. സിഖുകാരെ ഇന്ത്യയില്‍ നിന്നും അന്യരാക്കിയ അക്രമമായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്നത്. അതിന് ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയായ മകന്‍ രാജീവ് ഗാന്ധി പറഞ്ഞത് വന്‍മരം വീഴുമ്പോള്‍ ചെടികള്‍ എല്ലാം ഭൂമി കുലുങ്ങുമെന്നായിരുന്നു.

ദല്‍ഹിയിലെ സരസ്വതി വിഹാറിൽ 1984 നവംബർ 1 ന് ജസ്വന്ത് സിങ്, മകൻ തരുൺ ദീപ് സിങ് എന്നിവരെ തീ കൊളുത്തി കൊലപ്പെടുത്തുകയും വീട് കൊള്ളയടിക്കുകയും ചെയ്തതാണ് കേസ്. കുറ്റകൃത്യത്തിൽ അക്രമി സംഘത്തെ നയിച്ചത് സജ്ജൻ കുമാറാണെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ശേഷം 1991 ൽ സജ്ജൻ കുമാറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ 3 വർഷത്തിനു ശേഷം തെളിവില്ലെന്ന കാരണത്താൽ കുറ്റപത്രം തള്ളിയിരുന്നു.

പിന്നീട് 2015 ൽ കേസിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും 2016 ൽ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. 2021 ൽ ഈ കേസിൽ സജ്ജൻ കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ദില്ലി പാലം കോളനിയിൽ 5 പേർ കൊല്ലപ്പെട്ട കേസിലാണ് ഇതിനു മുൻപ് സജ്ജൻ കുമാറിന് ജീവപര്യന്തം ലഭിച്ചത്. ഇതിനെതിരായ ഹർജി ഇപ്പോഴും സുപ്രീംകോടതിയുടെ പരി​ഗണനയിലാണ്.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക