കണ്ണൂർ: കോടതിക്കെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ഗതാഗതം നിയന്ത്രിക്കുന്നത് എന്തോ പൗരാവകാശ ലംഘനമായി ചിലർ വ്യാഖ്യാനിക്കുന്നുവെന്നാണ് എം.വി ജയരാജന്റെ വിമർശനം. കോടതിയുടെ ആ വ്യാഖ്യാനം തെറ്റാണ്. രാജ്യത്ത് സമരം നിരോധിച്ചിട്ടില്ലെന്നും ജനാധിപത്യ അവകാശങ്ങൾ ഉണ്ടെന്നും എം.വി ജയരാജൻ പറഞ്ഞു.
2010ൽ ജ്ഡ്ജിമാർക്കെതിരെ പരാമർശങ്ങൾ നടത്തി വിവാദത്തിലായ ആളാണ് എം.വി ജയരാജൻ. ഒരു രാഷ്‌ട്രീയ പാർട്ടി ഒരു പരിപാടി സംഘടിപ്പിക്കുമ്പോൾ ആൾക്കൂട്ടം ഉണ്ടാകും. ആളുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ആ വഴിയുള്ള ഗതാഗതം തടസപ്പെടുകയും ചെയ്യും. എന്നാലതിനെ പൗരാവകാശലംഘനമായി വ്യാഖ്യാനിക്കുന്നത് ശരിയല്ല. കോടതിയുടെ ഇത്തരത്തിലുള്ള വ്യാഖ്യാനം തെറ്റാണ്.
രാജ്യത്ത് സമരങ്ങൾ നിരോധിച്ചിട്ടില്ല. നിരോധനമുണ്ടങ്കിൽ ജനങ്ങൾക്ക് പ്രതിഷേധിക്കാനാവില്ല. ജനാധിപത്യ അവകാശങ്ങൾ രാജ്യത്തെ എല്ലാ ജനങ്ങൾക്കുമുണ്ട്. പൗരന് പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശങ്ങളിൽപ്പെടതാണ്. ഇത്തരത്തിൽ പ്രതിഷേധങ്ങൾ ഉണ്ടാകുമ്പോൾ ഗതാഗതം തടസപ്പെടുകയെന്നത് സ്വാഭാവികമാണെന്നും ജയരാജൻ പറഞ്ഞു.
നേരത്തെ പാതയോരത്ത് പൊതുയോഗങ്ങൾ നിരോധിച്ചതുമായി ബന്ധപ്പെട്ട് ജയരാജൻ കോടതിക്കെതിരെ പ്രതിഷേധിക്കുകയും ജഡ്ജിക്കെതിരെ ശുംഭൻ പ്രയോഗം നടത്തുകയും ചെയ്തിരുന്നു. തുടർന്ന് ജയിലിലാവുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക