നാഗ്പുര്‍: കേരളത്തിന്റെ കുതിപ്പിനെ സ്വപ്നമെന്നു വിളിക്കാം. ആ സ്വപ്നത്തിനു പിന്നെ മലയാളികള്‍ ഒന്നടങ്കം പോയപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ മുടിചൂടാ മന്നന്മാര്‍ മൂക്കത്തു വിരല്‍വയ്‌ക്കുകയായിരുന്നു. കാരണം അവര്‍ക്ക് വിശ്വസിക്കാവുന്നതിനും അപ്പുറത്തെ പ്രകടനമാണ് രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ഇതുവരെ കാഴ്ചവച്ചത്. കരുത്തരായ ജമ്മുകശ്മീരിനെയും ഗുജറാത്തിനെയും യഥാക്രമം ക്വാര്‍ട്ടറിലും സെമിയിലും പരാജയപ്പെടുത്തി ഫൈനലിലെത്തുമ്പോള്‍ കേരളത്തിന് എതിരാളികളാകുന്നത് വിദര്‍ഭയാണ്. കരുത്തരായ മുംബൈയെ തകര്‍ത്ത് വരുന്ന വിദര്‍ഭയെ പരാജയപ്പെടുത്താനാകുമെന്നുതന്നെയാണ് സച്ചിന്‍ ബേബിയുടെയും മറ്റും വിശ്വാസം. നാഗ്പുരെ അതി പ്രശസ്തമായ ജാംത സ്റ്റേഡിയത്തിലാണ് മത്സരം. വിദര്‍ഭയുടെ സ്വന്തം തട്ടകംകൂടിയാണ് ഈ സ്റ്റേഡിയം.
വിദര്‍ഭയുടെ ഹോം ഗ്രൗണ്ടെങ്കിലും 2003നു ശേഷം കേരളത്തിന് ഇവിടെ മൂന്നു തവണ വിജയിക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ മൈതാനത്ത് വിദര്‍ഭയെ രണ്ട് വട്ടം കേരളം പരാജയപ്പെടുത്തിയിട്ടുമുണ്ട്. രണ്ട് മത്സരങ്ങള്‍ സമനിലയിലായി.
വിദര്‍ഭ അതിശക്തര്‍
ഈ സീസണിലെ ഏറ്റവും ശക്തമായ ടീമാണ് വിദര്‍ഭ. ഒരു മത്സരത്തില്‍പ്പോലും പരാജയപ്പെടാതെയാണ് വിദര്‍ഭയുടെ കുതിപ്പ്. ഏഴില്‍ ആറ് മത്സരത്തിലും ജയിച്ച ഏക ടീം. 40 പോയിന്റാണ് ഏഴ് മത്സരങ്ങളില്‍നിന്ന് വാരിക്കൂട്ടിയത്. കഴിഞ്ഞ തവണയും വിദര്‍ഭതന്നെയായിരുന്നു ഫൈനലില്‍. എന്നാല്‍, മുംബൈയോട് തോല്‍ക്കുകയായിരുന്നു. അതേ മുംബൈയെ ഇത്തവണ സെമിയില്‍ കീഴടക്കിയാണ് വിദര്‍ഭ കലാശപ്പോരിനെത്തിയിരിക്കുന്നത്. മലയാളി താരം കരുണ്‍ നായരാണ് അവരുടെ ബാറ്റിങ് കരുത്ത്. 14 ഇന്നിങ്സുകളില്‍നിന്ന് 642 റണ്‍സ് കരുണ്‍ ഇതിനകം നേടിയിട്ടുണ്ട്. രഞ്ജി ട്രോഫിയില്‍ രണ്ട് തവണ കിരീടം ചൂടിയിട്ടുള്ള ടീമാണ് വിദര്‍ഭ. അതില്‍ ഒരു തവണ കിരീടം നേടിയത് ഇതേ മൈതാനത്തുവച്ചാണ്.
കേരളം റെഡി
തുടര്‍ച്ചയായ മത്സരങ്ങളുടെ ക്ഷീണം കേരളത്തെ തളര്‍ത്തുന്നില്ല. അവര്‍ ഇപ്പോള്‍ എത്തിയിരിക്കുന്ന പൊസിഷന്റെ പ്രാധാന്യം എത്രത്തോളമെന്ന് കേരളം തിരിച്ചറിയുന്നുണ്ട്. അഹ്മദാബാദിലെ സെമിക്കു ശേഷം കേരള ടീം നേരെ നാഗ്പുരിലെത്തുകയായിരുന്നു.
ബാറ്റിങ്ങില്‍ സല്‍മാന്‍ നിസാര്‍, മുഹമ്മദ് അശറുദ്ദീന്‍, രോഹന്‍ കുന്നുമ്മേല്‍, എന്നിവര്‍ മികച്ച ഫോമിലാണ്. ഓള്‍ റൗണ്ട് പ്രകടനവുമായി കേരളത്തിന്റെ അതിഥി താരങ്ങളായ ജലജ് സക്സേന, ആദിത്യ സര്‍വതെ കേരളത്തിന്റെ ബൗളിങ് കരുത്തുകളാണ്. ജലജ് ഇതുവരെ 38 വിക്കറ്റുകള്‍ ഈ സീസണില്‍ സ്വന്തമാക്കിയിട്ടുണ്ട്. സര്‍വതെ 30ഉം. സഞ്ജു സാംസണ്‍ ഇല്ലെങ്കിലും സച്ചിന്‍ ബേബിയുടെ നേതൃത്വത്തില്‍ കേരളം ഇത്തവണ കപ്പുയര്‍ത്തുമെന്നാണ് ആരാധകരുടെപ്രതീക്ഷ. നാളെ രാവിലെ 9.30ന് മത്സരം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: