Kerala

കുംഭമേള: ആനന്ദകരമായ അനുഭവം; ആത്മവിശ്വാസമേകിയ പുണ്യസ്‌നാനം

Published by

കോഴിക്കോട്: ”മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിച്ച നെഗറ്റീവ് വാര്‍ത്തകള്‍ കേട്ട് ബന്ധുക്കളും സുഹൃത്തുക്കളും എന്നെ തടഞ്ഞു. ഗംഗ മലിനമാണ്, തിരക്കാണ്, യാത്രദുഷ്‌ക്കരമായിരിക്കും, സഹായിക്കാന്‍ ആരുമുണ്ടാവില്ല എന്നൊക്കെയായിരുന്നു കുംഭമേളയ്‌ക്ക് പോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഉണ്ടായ അവരുടെ എതിര്‍പ്പുകള്‍. എന്നാല്‍ എന്റെ ജീവിതത്തില്‍ ഇത്രയും ആനന്ദകരമായ അനുഭവമുണ്ടായിട്ടില്ല. എല്ലാത്തില്‍ നിന്നും പിന്മാറാനല്ല മുന്നേറാനാണ് കുംഭമേള അനുഭവം എനിക്ക് നല്‍കിയത്.”

മഹാകുംഭമേളയില്‍ പങ്കെടുത്ത് ഗംഗാസ്‌നാനം കഴിഞ്ഞ് തിരിച്ചെത്തിയ ദിവ്യാംഗയായ റീജാകൃഷ്ണയുടെ വാക്കുകള്‍. കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്ത് മണാശ്ശേരിയില്‍ കൃഷ്ണ സ്റ്റിച്ച് ആന്‍ഡ് സ്റ്റൈല്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് റീജ. നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ പോളിയോ ബാധിച്ച് രണ്ട് കാലുകളും തളര്‍ന്നതിന് ശേഷം പഠനം മുടങ്ങി. പിന്നീട് നാല്‍പ്പതാം വയസിലാണ് തുല്യതാ പരീക്ഷയെഴുതി പത്തും പന്ത്രണ്ടാംക്ലാസും പാസ്സായത്. അനിയത്തി റീന, അയല്‍വാസിയായ അജീഷ് എന്നിവരായിരുന്നു കുംഭമേളയാത്രയില്‍ കൂട്ടായത്.

പതിനേഴിന് യാത്ര തിരിച്ച് 22 ന് തിരിച്ചെത്തിയ റീജയ്‌ക്ക് ഗംഗാസ്‌നാനത്തെക്കുറിച്ചും കുംഭമേളയെക്കുറിച്ചും പറയാനേറെയുണ്ട്. ആരോഗ്യമുള്ളവര്‍തന്നെ തിരക്കില്‍പ്പെട്ട് മരിച്ചെന്ന വാര്‍ത്തകള്‍ കേട്ട് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ മഹാദേവന്റെ വിളി തടുക്കാനാകില്ലല്ലോ. രണ്ടും കല്‍പ്പിച്ച് പുറപ്പെട്ടു. കരിപ്പൂരില്‍ നിന്ന് വിമാനത്തില്‍ ബെംഗളൂരു വഴി വാരണാസിയില്‍ ദര്‍ശനം കഴിഞ്ഞാണ് വന്ദേഭാരത് എക്‌സ്പ്രസ് വഴി പ്രയാഗ് രാജിലെത്തിയത്. രാത്രി പതിനൊന്നുമണിയോടെയാണ് റെയില്‍വേസ്റ്റേഷനില്‍ എത്തിയത്. ഗംഗയുടെ രാത്രിക്കാഴ്ച ഏറെ മനോഹരമായിരുന്നു. പ്രയാഗ്‌രാജ് തീര്‍ത്ഥയാത്രയോടനുബന്ധിച്ച് ഉണ്ടാക്കിയ മലയാളി വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് പരിചയപ്പെട്ട രാഹുല്‍ അടക്കമുള്ളവര്‍ ഏറെ സഹായം ചെയ്തു. എന്‍ഡിആര്‍എഫിന്റെയും പോലീസിന്റെയും സഹായം മറക്കാനാകില്ല. സെക്ടര്‍ 21 ലായിരുന്നു ഗംഗാസ്‌നാനം. മണല്‍ച്ചാക്കുകളിട്ട താല്‍കാലിക വഴികളിലൂടെ നേരിട്ട് വീല്‍ച്ചെയറില്‍ ഗംഗയിയേലക്കെത്താന്‍ കഴിഞ്ഞു. വിഐപികളുടെ യാത്രാവഴി ദിവ്യാംഗയായ തനിക്ക് വേണ്ടി സുരക്ഷാ സൈനികര്‍ തുറന്നു തന്നു. അയോദ്ധ്യയില്‍ വീല്‍ച്ചെയര്‍ അനുവദിക്കില്ലെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാല്‍ അവിടെയും ഒരു തടസവുമില്ലാതെ തൊഴാന്‍ കഴിഞ്ഞു. സുരക്ഷാ സൈനികരുടെ സഹായമില്ലെങ്കില്‍ ശ്രീരാമദേവനെ തൊഴാന്‍ നിരങ്ങിനീങ്ങണമായിരുന്നു. അതും ഒഴിവായിക്കിട്ടി.

വഴിനീളെ സഹായിക്കാനും സുരക്ഷിത യാത്ര ഒരുക്കാനും ഏറെ പേര്‍ സഹായിച്ചു. യുപി പോലീസിന്റെ സഹായം എടുത്തു പറയേണ്ടതാണ്. സ്വന്തം സഹോദരിയെപ്പോലെയാണ് അവര്‍ എല്ലായിടത്തും സഹായിക്കാനുണ്ടായിരുന്നത്. നിരുത്സാഹപ്പെടുത്തിയവര്‍ വിവരിച്ച പോലീസിനെയല്ല തനിക്ക് കാണാന്‍ കഴിഞ്ഞത്. അവരുള്ളതുകൊണ്ടാണ് യാത്ര സുഖകരമായി മാറിയത്. നിയന്ത്രിക്കാനല്ല സഹായിക്കാനായിരുന്നു അവരോരുത്തരും ശ്രമിച്ചത്. നടക്കാന്‍ കഴിയാത്ത തനിക്ക് മറ്റുള്ളവരേക്കാള്‍ സുഖകരമായി ഗംഗാസ്‌നാനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് അവരുടെ സ്‌നേഹപൂര്‍ണ്ണമായ സഹകരണം കൊണ്ടായിരുന്നു.

ആദ്യ വിമാനയാത്രയായിരുന്നു. വന്ദേഭാരതില്‍ കയറണമെന്ന മോഹവുമുണ്ടായിരുന്നു. മഹാകുഭമേളയിലേക്കുള്ള യാത്രയില്‍ സ്വപ്‌നതുല്യമായ രണ്ടാഗ്രഹങ്ങളും സഫലീകരിച്ചു. അതിനേക്കാളപ്പുറം പുണ്യസംഗമത്തില്‍ മുങ്ങിനിവര്‍ന്ന് ജീവിത സായൂജ്യമടയാനും കഴിഞ്ഞു. ഏറെ ഊര്‍ജ്ജവും ആത്മവിശ്വാസവും പകര്‍ന്നുതന്ന ആത്മീയ യാത്രയായി അത് തന്റെ ജീവിതത്തെ മാറ്റിമറിച്ചുവെന്ന് റീജ പറഞ്ഞു. അമ്മ പത്മിനിയോടൊപ്പമാണ് റീജ കഴിയുന്നത്. അച്ഛന്‍ കൃഷ്ണന്‍ നായര്‍ 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. അനിയത്തി വിവാഹിതയാണ്. രണ്ട് ജീവനക്കാരുള്ള ടെയിലറിങ് സംരംഭം നടത്തിയാണ് റീജാകൃഷ്ണന്‍ ജീവിതം മുന്നോട്ട് നീക്കുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by