പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 19-ാം ഗഡു വിതരണം ഉദ്ഘാടനം ചെയ്യാന്‍ ബിഹാറിലെ ഭഗല്‍പൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ സമീപം
ന്യൂദല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 19-ാം ഗഡുവായ 22,000 കോടി രൂപ രാജ്യത്തെ 10 കോടി കര്‍ഷകര്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി കൈമാറി. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകര്‍ക്കു കൊടുത്തതു മൂന്നര ലക്ഷം കോടി രൂപയായി. പിഎം-കിസാന്‍ പദ്ധതി ആറു വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ ഇന്നലെ ബിഹാര്‍ ഭഗല്‍പൂരിലെ ചടങ്ങിലാണ് പ്രധാനമന്ത്രി പദ്ധതിയുടെ 19-ാം ഗഡു വിതരണം ചെയ്തത്.
2.41 കോടി സ്ത്രീ കര്‍ഷകര്‍ ഉള്‍പ്പെടെ 9.8 കോടിയിലധികം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം നല്കിയത്. ഒക്ടോബറില്‍ 18-ാം ഗഡുവായി 9.4 കോടി കര്‍ഷകര്‍ക്ക് 20,000 കോടി രൂപ നല്കിയിരുന്നു. രണ്ടായിരം വീതമുള്ള മൂന്നു ഗഡുക്കളായി വര്‍ഷം 6000 രൂപയാണ് കേന്ദ്രം കര്‍ഷകരുടെ അക്കൗണ്ടുകളിലേക്കു നേരിട്ടെത്തിക്കുന്നത്.
പ്രധാനമന്ത്രി എക്‌സിലൂടെ രാജ്യത്തെ കര്‍ഷകര്‍ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നു. പിഎം-കിസാന്റെ ആറു വര്‍ഷം പൂര്‍ത്തിയാക്കിയതിനു രാജ്യമെമ്പാടുമുള്ള കര്‍ഷക സഹോദരീ സഹോദരന്മാര്‍ക്കു ഞാന്‍ അഭിനന്ദനങ്ങള്‍ നേരുന്നു. ഇതുവരെ ഏകദേശം 3.5 ലക്ഷം കോടി രൂപ കര്‍ഷകരുടെ അക്കൗണ്ടുകളില്‍ നേരിട്ടെത്തിയെന്നതില്‍ എനിക്ക് അതിയായ സംതൃപ്തിയും അഭിമാനവുമുണ്ട്. ഈ ശ്രമം കര്‍ഷകര്‍ക്കു സമൃദ്ധിയും പുതിയ ശക്തിയും നല്കുന്നെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക