Samskriti

പ്രപഞ്ച രക്ഷയ്‌ക്ക് ശിവരാത്രി വ്രതം

Published by

നാളെ ശിവരാത്രി. വ്രതാനുഷ്ഠാനങ്ങളുടേയും പ്രാര്‍ത്ഥനയുടെയും ദിവസം. പാലാഴി മഥനത്തിനിടെ പാലാഴിയില്‍ നിന്നുയര്‍ന്ന കാളകൂടവിഷം ഭക്ഷിച്ച മഹാദേവന്റെ ആയുരാരോഗ്യത്തിനായി ദേവകള്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയ ദിവസമത്രെ ശിവരാത്രി.

മഥനത്തിനു കയറായി ഉപയോഗിച്ച വാസുകി വമിച്ച വിഷമാണു കാളകൂടം എന്നും പുരാണത്തില്‍ പരാമര്‍ശമുണ്ട്. ഏതായാലും പ്രപഞ്ചത്തെയാകെ നശിപ്പിക്കാനുള്ള ശക്തി അതിനുണ്ടായിരുന്നു. ഭൂമിയില്‍ പതിച്ചാല്‍ ഭൂമിതന്നെ ഇല്ലാതാകും. അതുകൊണ്ട് ഭഗവാന്‍ അതു കൈയില്‍ വാങ്ങി. എവിടെ നിക്ഷേപിക്കും? പ്രപഞ്ച രക്ഷക്കായി ഭഗവാന്‍ ആ തീരുമാനമെടുത്തു; വിഷം സ്വയം ഭക്ഷിക്കുക.

പ്രിയതമന്‍ കൊടുംവിഷം ഭക്ഷിക്കുന്നതു പാര്‍വതിക്കു താങ്ങാനായില്ല. വിഷം ഉള്ളിലേയ്‌ക്ക് ഇറങ്ങുന്നതു തടയാന്‍ ദേവി, മഹാദേവന്റെ കഴുത്തില്‍ അമര്‍ത്തി പിടിച്ചു. പുറത്തേയ്‌ക്കു പോരാതിരിക്കാന്‍ മഹാദേവന്‍ വായ്‌പൊത്തി. അങ്ങോട്ടും ഇങ്ങോട്ടും വയ്യാത്ത അവസ്ഥ. ക്രമേണ കാളകൂടം ഭഗവാന്റെ കണ്ഠത്തില്‍ അലിഞ്ഞ്, നീലവര്‍ണമുള്ളൊരു പാടായി മാറി. അങ്ങനെ ഭഗവാന്‍ നീലകണ്ഠനായി. പ്രപഞ്ചം രക്ഷപ്പെടുകയും ചെയ്തു.

അന്നു മഹാദേവന്റെ രക്ഷയ്‌ക്കായി ദേവകള്‍ നടത്തിയ പ്രാര്‍ത്ഥനയുടെ തുടര്‍ച്ചയാണ് ഇന്ന് ഓരോ ശിവരാത്രി ദിവസവും നമ്മള്‍ നടത്തുന്നത്. അത് ഫലത്തില്‍, പ്രപഞ്ച രക്ഷയ്‌ക്കുള്ള
പ്രാര്‍ത്ഥനയാണ്. പ്രപഞ്ചത്തെ രക്ഷിക്കാനാണല്ലോ ഭഗവാന്‍ അതു ചെയ്തത്.

വിശ്വാസത്തിന്റെ വഴിയില്‍ നിന്നു മാറിനിന്നു ചിന്തിച്ചാല്‍, ലോകമാകെ വിഷലിപ്തമായിക്കൊണ്ടിരിക്കുന്ന ഇന്ന് ഈ പ്രാര്‍ഥനയ്‌ക്കു പ്രസക്തി ഏറെയുണ്ടുതാനും. ഇതു മലിനീകരണത്തിന്റെ കാലമാണല്ലോ. മണ്ണിലും ജലത്തിലും വായുവിലും ഭക്ഷ്യവസ്തുക്കളില്‍പ്പോലും വിഷം നിറയുന്ന കാലം. അതൊക്കെ ഭക്ഷിക്കുകയും ശ്വസിക്കുകയും കുടിക്കുകയും ചെയ്യുന്ന മനുഷ്യരുടേയും മൃഗങ്ങളുടേയും ശരീരവും വിഷമയമാകും. പ്രപഞ്ചത്തെ ഈ വിഷങ്ങളില്‍ നിന്നു രക്ഷിക്കാനും മഹാദേവന്റെ അനുഗ്രഹം വേണ്ടിവരും.

ഭൂമിയുടെയും ജന്തുസസ്യജാലങ്ങളുടേയും ദാഹം തീര്‍ക്കാന്‍ ദേവഗംഗയെ ഭൂമിയിലേയ്‌ക്ക് ഒഴുക്കിയതും മഹാദേവന്‍ തന്നെയാണല്ലോ. ഭഗവാന്റെ ജടാമകുടത്തില്‍ നിന്നാണു ഗംഗ ഒഴുകിയിറങ്ങുന്നത്. ഭൂമി വരണ്ടുണങ്ങുന്ന കുംഭമാസത്തിലാണു ശിവരാത്രി വരുന്നതും.

ഉറക്കമൊഴിച്ചുള്ള പ്രാര്‍ത്ഥനകളും വ്രതാനുഷ്ഠാനങ്ങളുമാണു ശിവരാത്രി ദിവസം വേണ്ടത്. വിഷഭയമുണ്ടായാല്‍ ഉറക്കമൊഴിയുക എന്നതു നമ്മുടെ നാട്ടു ചികിത്സയിലും പതിവുള്ളതാണല്ലോ.

ശിവരാത്രി വ്രതം പുലര്‍ച്ചെ മുതല്‍ പിറ്റേന്നു പുലര്‍ച്ചെ വരെ എന്നാണു വിധി. സ്തോത്രങ്ങളും നാമജപങ്ങളുമായി ഉറങ്ങാതെ രാത്രി പിന്നിട്ട്, പിറ്റേന്നു പുലര്‍ച്ചെ നിര്‍മാല്യ ദര്‍ശനം നടത്തി പ്രസാദവും കഴിച്ചുവേണം വ്രതം അവസാനിപ്പിക്കാന്‍.

ഉത്തമദാമ്പത്യത്തിന്റെ ഉദാത്ത മാതൃകയത്രെ ശിവപാര്‍വതിമാര്‍. വാക്കും അതിന്റെ അര്‍ത്ഥവും പോലെ ഒരിക്കലും പിരിയാത്ത ബന്ധത്തിന്റെ ഉടമകകളാണവര്‍. അതിനാല്‍ മംഗല്യഭാഗ്യത്തിനും നെടുമംഗല്യത്തിനും ശിവരാത്രി വ്രതം ഉത്തമമത്രെ.

ശിവക്ഷേത്ര ദര്‍ശനത്തില്‍ പൂര്‍ണ പ്രദക്ഷിണം പാടില്ല. സോമരേഖ മുറിയാതെയും ഓവു മുറിച്ചുകടക്കാതെയും വേണം പ്രദക്ഷിണം. ക്ഷേത്ര പ്രതിഷ്ഠകളില്‍ ഷോഡശ ക്രിയകള്‍ (16 ക്രിയകള്‍) മുഴുവന്‍ അനുഷ്ഠിക്കുന്നത് ശിവനുമാത്രമാണ്. അതുകൊണ്ട് ശിവന്റെ സ്ഥാനം സഹസ്രാര പത്മത്തില്‍ എന്നാണു സങ്കല്‍പം. അവിടെ നിന്നൊഴുകുന്ന ജ്ഞാനാമൃതം അഥവാ ജ്ഞാന ഗംഗയാണ് ഓവിലൂടെ പ്രവഹിക്കുന്നത്. അതിനുമപ്പുറം മോക്ഷം! ഗംഗയെ മുറിച്ചുകടക്കാന്‍ പാടില്ല. ശിവനു പൂര്‍ണപ്രദക്ഷിണം പാടില്ലെന്നതിനു പിന്നില്‍ ഈ പ്രാ
ധാന്യം തന്നെയായിരിക്കണം.

ഓവു മുറിച്ചു കടക്കാതെ മൂന്നു പ്രദക്ഷിണമാണു ശിവക്ഷേത്രത്തിലെ കണക്ക്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by